ലോക്സഭാതെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേഡർ പ്രവർത്തന മാതൃക സ്വീകരിക്കാൻ തയ്യാറെടുത്ത് കേരളാ കോൺഗ്രസ്സ്

ലോക്സഭാതെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേഡർ പ്രവർത്തന മാതൃക സ്വീകരിക്കാൻ തയ്യാറെടുത്ത് കേരളാ കോൺഗ്രസ്സ്

സ്വന്തം ലേഖകൻ

കോട്ടയം:പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി ഘടകങ്ങളെയും പ്രവർത്തകരേയും സുസജ്ജമാക്കാൻ കേരളാ കോൺഗ്രസ്സ് നേതൃയോഗം തീരുമാനമെടുത്തു. യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് കോൺഗ്രസ്സ് ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ കോട്ടയം ലോക്സഭാ സീറ്റ് കേരളാ കോൺഗ്രസ്സിന് തന്നെയായിരിക്കും എന്ന ഉറപ്പ് ലഭിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പാർട്ടി രൂപം നൽകിയത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കേരളാ കോൺഗ്രസ്സ് ലോക്സഭാമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിൽ നിലവിൽ വന്നു. ജനാധിപത്യപാർട്ടികളുടെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്ഥമായി സംസ്ഥാന ജില്ലാ ഭാരവാഹികൾക്ക് നേരിട്ടുള്ള ചുമതല പഞ്ചായത്ത് തലം വരെ നൽകിയുള്ള കേഡർ പ്രവർത്തനമാണ് പാർട്ടി ആസൂത്രണം ചെയ്യുന്നത്. ഇതിനായി പാർട്ടിയുടെ സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി യോഗം ഉടൻ ചേരും. ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലോക്സഭാ മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും ജൂലൈ മാസം 23, 24 തീയതികളിലായി കൺവൻഷനുകൾ ചേരും തുടർന്ന് മണ്ഡലം നിയോജകമണ്ഡലം കൺവൻഷനുകൾ ഓഗസ്റ്റ് 10 ന് മുമ്പായി പൂർത്തീകരിക്കും. ഓഗസ്റ്റ് മാസത്തിൽ തന്നെ ജില്ലാ ക്യാമ്പ് കൂടുന്നതിനും യോഗം തീരുമാമെടുത്തു.