ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യരുതെന്ന് പിണറായിയുടെ നിർദേശം: ലക്ഷ്യം സഭയുടെ വോട്ട് ബാങ്ക്; കേസ് ഒത്തു തീർപ്പാക്കാൻ മുതിർന്ന ബിഷപ്പ് ഇടപെടുന്നു; കന്യാസ്ത്രീയുടെ പരാതി പിൻവലിപ്പിച്ചേക്കും

ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യരുതെന്ന് പിണറായിയുടെ നിർദേശം: ലക്ഷ്യം സഭയുടെ വോട്ട് ബാങ്ക്; കേസ് ഒത്തു തീർപ്പാക്കാൻ മുതിർന്ന ബിഷപ്പ് ഇടപെടുന്നു; കന്യാസ്ത്രീയുടെ പരാതി പിൻവലിപ്പിച്ചേക്കും

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സഭയെയും ക്രൈസ്തവ സഭകളെയും പിടിച്ചു കുലുക്കിയ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഒത്തു തീർപ്പിനു സഭയിലെ ഉന്നതൻ ഇടപെടുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള കത്തോലികാ ബിഷപ്പാണ് ജലന്ധർ ബിഷപ്പും കന്യാസ്ത്രീയും തമ്മിലുള്ള പ്രശ്‌നത്തിൽ ഇടപെടുന്നത്. മുതിർന്ന ബിഷപ്പ് കഴിഞ്ഞ ദിവസം ഫോണിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു. സംഭവം ഒത്തു തീർപ്പാക്കാൻ സഭയ്ക്ക് സമയം അനുവദിക്കണമെന്നും, ഇതിനു മുഖ്യമന്ത്രി അറസ്റ്റ് വൈകിപ്പിച്ചു സഹായിക്കണമെന്നുമാണ് മുതിർന്ന ബിഷപ്പ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടാഴ്ച മുൻപാണ് ജലന്ധർ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭയിലെ തന്നെ മറ്റൊരു കന്യാസ്ത്രീ പീഡന പരാതി നൽകിയത്. ഈ പരാതി ആദ്യം സഭയ്ക്കുള്ളിലായിരുന്നു കന്യാസ്ത്രീ നൽകിയത്. എന്നാൽ, പരാതിയിൽ സഭ നടപടിയൊന്നും എടുത്തില്ല. ഇതേ തുടർന്നാണ് കന്യാസ്ത്രീ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ, പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച വൈക്കം പൊലീസ് ഇതുവരെയും ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ല. ബിഷപ്പ് മുൻകൂർ ജാമ്യത്തിനോ മറ്റു നടപടികൾക്കോ ഒരുങ്ങിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പിണറായിയുമായി അടുപ്പമുള്ള സഭയിലെ മറ്റൊരു ബിഷപ്പിന്റെ ഇടപെടൽ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്.
ബിഷപ്പിന്റെ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം കൃത്യമായ തെളിവുകൾ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ മൊബൈൽ ഫോൺ കാണാതായത്. മൊബൈൽ ഫോൺ ലഭിച്ചാൽ ഉടൻ തന്നെ ബിഷപ്പ് കന്യാസ്ത്രീയ്ക്ക് അയച്ച അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെടുക്കാനാണ് പൊലീസ് സംഘം ശ്രമിക്കുന്നത്. ഇതിനിടെയാണ് ഇപ്പോൾ കന്യാസ്ത്രീയുടെ മൊബൈൽ ഫോൺ കാണാനില്ലെന്ന പരാതി ഉയർന്നിരിക്കുന്നത്.
എന്നാൽ, ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിനു വ്യക്തമായ തെളിവുകൾ ഇതിനിടെ പൊലീസ് സംഘത്തിനു ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായി കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളിൽ ബിഷപ്പും കന്യാസ്ത്രീയും ഇവർ പറഞ്ഞ സ്ഥലങ്ങളിൽ ഒന്നിച്ചുണ്ടായിരുന്നതായി പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനു അനുസൃതമായ തെളിവുകളാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബിഷപ്പിന്റെ അറസ്റ്റിലേയ്ക്ക് അന്വേഷണ സംഘം നീങ്ങിയത്.
എന്നാൽ, ഈ കേസിൽ അപ്രതീക്ഷിതമായാണ് ഇപ്പോൾ സഭയുടെ ഇടപെടലുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള കത്തോലിക്കാ ബിഷപ്പാണ് ഇപ്പോൾ വിഷയത്തിൽ മധ്യസ്ഥ ചർച്ചയ്ക്കായി എത്തിയിരിക്കുന്നത്. ആദ്യം കന്യാസ്ത്രീയുമായി ഇദ്ദേഹം ചർച്ച നടത്തുമെന്നാണ് സൂചന. കേസിൽ ഉടൻ അറസ്റ്റ് ഉണ്ടാകരുതെന്നും വിഷയം ഒത്തു തീർക്കാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ബിഷപ്പ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. സഭയെ പിണക്കാൻ ആഗ്രഹിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ അറസ്റ്റ് വേഗത്തിൽ വേണ്ട എന്ന നിർദേശം പൊലീസിനു നൽകിയിട്ടുണ്ടെന്നാണ് സൂചന.