പി.സി ജോർജിനെതിരെ എസ്എൻഡിപിയുടെ പ്രതിഷേധക്കടലിരമ്പി: പതിനായിരങ്ങൾ അണിനിരന്ന പ്രകടനത്തിൽ പ്രതിഷേധം ശക്തം
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: ഈഴവ സമുദായത്തെ അപമാനിച്ച പി.സി ജോർജ് എംഎൽഎയ്ക്ക് രാഷ്ട്രീയ താക്കീതായി എസ്എൻഡിപി സമുദായത്തിന്റെ പ്രതിഷേധക്കടൽ. പതിനായിരക്കണക്കിനു പ്രവർത്തകരെ അണി നിരത്തിയ പ്രകടനത്തിൽ എസ്എൻഡിപി സമുദായത്തിന്റെ ശക്തിയും വലിപ്പവും പ്രകടമാക്കി. ഇനി ഒരിക്കലും ഈഴവ സമുദായത്തെ അപമാനിച്ച് ഒരു വാക്കും പോലും പറയരുതെന്ന താക്കീതാണ് ജനകീയ പ്രതിഷേധത്തിലൂടെ ഉയർന്നത്. ഈരാറ്റുപേട്ടയിൽ നഗരം ചുറ്റി നടന്ന പ്രകടനത്തിൽ ജില്ലയിലെ വിവിധ യൂണിയനുകളിൽ നിന്നും ശാഖകളിൽ നിന്നുമുള്ള പതിനായിരക്കണക്കിനു പ്രവർത്തകരും അണി നിരന്നു.
പി.സി ജോർജ് ഇനിയും പ്രകോപനപരമായ പരാമർശങ്ങൾ തുർന്നാൽ ഈഴവ സമുദായത്തിന്റെ പ്രതിഷേധം ഈ വിധമായിരിക്കില്ലെന്നു എസ്എൻഡിപി യോഗം കൗൺസിലർ പി.ടി മന്ദമഥൻ അറിയിച്ചു. പ്രകടനത്തിനു ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈഴവ സമുദായത്തെ അപമാനിക്കുന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ പി.സി ജോർജ് എംഎൽഎ തയ്യാറാകണം. ഒരു സമുദായത്തെയും സമൂഹത്തെയും മുഴുവനും അപമാനിക്കുന്നത് ഒരു ജനപ്രതിനിധിക്ക് ചേർന്ന രീതിയല്ല. ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
വൈക്കം എസ്എൻഡിപി യൂണിയൻ സെക്രട്ടറി എം.പി സെൻ, മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ.കെ.എം സന്തോഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.