ലോക്ക് ഡൗൺ കാലത്ത് വിൽക്കാൻ നല്ല നാടൻ പനങ്കള്ള്: എരുമേലിയിൽ യുവാവ് എക്‌സൈസിന്റെ പിടിയിലായി
സ്വന്തം ലേഖകൻ
കോട്ടയം: ലോക്ക് ഡൗൺ കാലത്ത് വിൽക്കാൻ എത്തിച്ച നാടൻ പനങ്കള്ളുമായി എരുമേലിയിൽ യുവാവ് എക്‌സൈസിന്റെ പിടിയിലായി. എരുമേലി തെക്ക് വില്ലേജിൽ പാക്കാനം കരയിൽ പൊയ്ക പ്ലാക്കൽ രാജു മകൻ പി.ആർ അരുണി (39) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും പതിനഞ്ചു ലിറ്റർ പനങ്കള്ളും എക്‌സൈസ് സംഘം പിടികൂടി.
തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീനാർക്കോട്ടിക്‌സ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി.വി ദിവാകരനും സംഘവും എരുമേലി ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് അരുൺ കള്ളുമായി എത്തുന്നതായി രഹസ്യ വിവരം ലഭിച്ചത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ സ്ക്വാഡ് അംഗം കെ.എൻ സുരേഷ്‌കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ, ഇയാളുടെ വീടിനു സമീപത്തെ തോടരികിൽ നിന്നും കള്ളുമായി ഇയാളെ പിടികൂടുകയായിരുന്നു. ലോക്ക് ഡൗൺ കാലത്ത് മദ്യക്ഷാമം രൂക്ഷമായത് മുതലെടുത്ത് കൂടുതലായി കള്ള് കച്ചവടം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കള്ളുമായി സഞ്ചരിച്ചത് എന്നാണ് എക്‌സൈസ് സംഘത്തിനു ലഭിക്കുന്ന സൂചന.
അനുവദനീയമായ അളവിൽ കുടുതൽ കള്ള് കൈവശം വച്ച കുറ്റത്തിനാണ് ഇയാൾക്കെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെയും പിടിച്ചെടുത്ത കള്ളും എരുമേലി എക്‌സൈസ് റെയ്ഞ്ചിൽ ഏൽപ്പിച്ചു. എരുമേലി റേഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫീസർ ബി. സന്തോഷ്‌കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ രജി കൃഷ്ണൻ എസ് സുരേഷ് സിവിൽ എക്‌സൈസ് ഓഫിസർ സുരേഷ് കുമാർ കെ.എൻ, ഡ്രൈവർ മനീഷ് കുമാർ എന്നിരും പരിശോധനയ്ക്കു നേതൃത്വം നൽകി.