ലോക്ക് ഡൗൺ ലംഘനം നടത്തുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നു: മത നേതാക്കൾ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ലംഘനം നടത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. അറസ്റ്റിലാകുന്നവരിൽ മത നേതാക്കളും . തിരുവനന്തപുരത്ത് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് നിസ്‌കാരം നടത്തിയ ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെയുള്ള 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു .
ഇന്നലെ വൈകിട്ട് 6.45 നായിരുന്നു സംഭവം . പെരിങ്ങമല, തെന്നൂർ സ്വദേശി കളായ ബഷീർ (55 ), ഷമീം ( 39 ) , റഷീദ് ( 63 ) , അബ്ദുൾ റൗഫ് (23), മുഹമ്മദ് റിയാസ് (24), ഷാജഹാൻ (42), നസ്സിം (39) ബുഹാരി (39), സജീർ (27), മൂസാകുഞ്ഞ് (65) , നിസ്സാർ മുഹമ്മദ് സുൾഫി (48) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജ്യാമത്തിൽ വിട്ടയച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലോട് പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ പെരിങ്ങമല, ചിറ്റൂർ ജമാ അത്ത് പള്ളിയിൽ ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് കൂട്ടം ചേർന്ന് നിസ്‌കാര ചടങ്ങുകൾ നടത്തിയതിനാണ് അറസ്റ്റ് .വിലക്ക് ലംഘിച്ച് നിസ്‌കാരം നടത്തിയതിന് നേരത്തെ, വാഴക്കാട് മുണ്ടുമുഴി കിഴക്കേതൊടി ബദ്രിയ്യ മസ്ജിദിനെതിരെ വാഴക്കാട് പൊലീസ് കേസെടുത്തിരുന്നു.
ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയ 41 പേർ അറസ്റ്റിൽ. പനമ്പള്ളി നഗറിൽ നിന്നാണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 41 പേർ പിടിയിലായത്. കേരളാ എപ്പിഡെമിക്‌സ് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തു അറസ്റ്റ് ചെയ്തത്.
പുതിയ ഓർഡിനൻസ് അനുസരിച്ച് പതിനായിരം രൂപ പിഴയും രണ്ട് വർഷം വരെ തടവ് ശിക്ഷയും ലഭിച്ചേക്കാമെന്ന കുറ്റമാണ്. ഇന്നലെ നടത്തിയ ഡ്രോൺ പരിശോധനയിലാണ് പ്രഭാത സവാരിക്ക് ആളുകൾ കൂട്ടമായി ഇറങ്ങുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
പതിവായി ആളുകൾ പ്രഭാത നടത്തത്തിനിറങ്ങുന്ന സ്ഥലമാണ് പനമ്പള്ളി നഗർ. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രഭാത നടത്തം ഉൾപ്പെടെ ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് വീണ്ടും ലഘിച്ചതിനെ തുടർന്നാണ് നടപടി.
ദിവസങ്ങൾക്ക് മുമ്പാണ് കൊവിഡ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് കുർബാന നടത്തിയ വികാരിമാർ ഉൾപ്പടെ അഞ്ചുപേർ കോലഞ്ചേരിയിലും, എട്ടുപേർ കൂത്താട്ടുകുളത്തും അറസ്റ്റിലായത്.
കോലഞ്ചേരിയിൽ കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ ചാപ്പലിലാണ് നിയന്ത്രണം ലംഘിച്ച് കുർബാന നടന്നത്. വികാരി ഫാ. ഗീവർഗീസ് ചെങ്ങനാട്ടുകുഴി, സിറിൾ എൽദോ പാണ്ടൻ ചേരി, എൽദോ സാജു താഴേടത്ത്, പത്രോസ് പുരവത്ത്, എൽദോ പീറ്റർ മടത്തിക്കുടിയിൽ എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തതു.
കൂത്താട്ടുകുളം ആട്ടിൻകുന്ന് സെന്റ് മേരീസ് ഓർത്തോഡോക്‌സ് പള്ളിയിൽ കുർബാന നടത്തിയ ഫാ. ഗീവർഗീസ് ജോൺ, സാജു വർഗീസ്, തോമസ്, പൗലോസ്, ജോർജ് വർഗീസ്, ഗീവർഗീസ്, സക്കറിയ സൈബു, ബിനോയ് എന്നിവരെ കൂത്താട്ടുകുളം പൊലീസും അറസ്റ്റു ചെയ്തു.
കൊവിഡ് 19 വ്യാപനത്തെ തുടർന്നുണ്ടായ നിരോധനാജ്ഞ ലംഘിച്ചതിന് കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് അവിടെയും അറസ്റ്റ്. കൂട്ടംകൂടിയുള്ള ചടങ്ങുകൾ പാടില്ലെന്നിരിക്കെയാണ് വികാരിമാരുടെ നേതൃത്വത്തിലും കുർബാന നടന്നത്.