സംസ്ഥാനത്തെ കോറോണ വിറപ്പിക്കുന്നുവോ : രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കോവിഡ് : കാസർകോട് ഏഴുപേർക്കാണ് ഈ രീതിയിൽ രോഗം സ്ഥിരീകരിച്ചത്
സ്വന്തം ലേഖകൻ
കാസർകോട് : രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് ഏഴുപേർക്കാണ് ഈ രീതിയിൽ രോഗം സ്ഥിരീകരിച്ചത്. ദുബായിൽ നിന്നും എത്തിയവർക്കാണ് രോഗം കണ്ടെത്തിയത്. വിദേശത്തു നിന്നും എത്തിയതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ഈ പുതിയ സാഹചര്യത്തെ ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ചൈനയിലും ചില വിദേശരാജ്യങ്ങളിലും കോവിഡ് രോഗലക്ഷണം കാണിക്കാത്ത പലരിലും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ കേരളത്തിൽ ഇതാദ്യമാണ് ഇങ്ങനെയൊരു സംഭവം. അതെ സമയം വിദേശത്തു നിന്ന് എത്തുന്ന എല്ലാവർക്കും ടെസ്റ്റ് നടത്തുക എന്നത് പ്രായോഗികമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചാൽ ഇത്തരത്തിലെത്തുന്ന എല്ലാവരെയും പരിശോധിക്കാനാകുമെന്നും ആരോഗ്യവകുപ്പ് ചിന്തിക്കുന്നു. സംസ്ഥാനത്ത് 24 പേർക്ക് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 265 ആയി.
കാസർഗോഡ് 12, എറണാകുളം മൂന്ന്, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ രണ്ട്, പാലക്കാട് ഒന്ന് എന്നിങ്ങനെയാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. 265 പേരിൽ 237 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ബുധനാഴ്ചത്തെ 24 കേസുകളിൽ ഒൻപത് പേർ വിദേശത്ത് നിന്ന് വന്നവരാണ്. 164,130 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 622 പേരാണ് ആശുപത്രിയിലുള്ളത്. ബുധനാഴ്ച മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതുവരെ രോഗം ബാധിച്ച 191 പേർ വിദേശത്ത് നിന്ന് വന്ന മലയാളികളാണ്. ഏഴ് പേർ വിദേശികളുമാണ്. സമ്പർക്കത്തിലൂടെ 67 പേർക്കാണ് രോഗം വന്നത്. 7965 സാംപിളുകളാണ് പരിശോധനക്കയച്ചത്. 7256 എണ്ണം നെഗറ്റീവ് ആയി