ഞങ്ങളെയൊന്നു വെറുതേവിടൂ വേറൊന്നും പറയാനില്ല: നാല് ചെറുപ്പക്കാർ നടത്തിയ ക്രൂരതയിൽ ഉരുകി രവിദാസ് കോളനി ; പെൺകുട്ടിയെയും സുഹൃത്തിനെയും മഹാവീർ എൻക്ലേവിൽ എത്തിക്കാമെന്നു പറഞ്ഞ് സുഹൃത്തുക്കൾ പ്രലോഭിപ്പിച്ച് കയറ്റുമ്പോൾ ബസോടിച്ചിരുന്നത് മുകേഷ്; സുഹൃത്തിനെ മർദിച്ച് അവശനാക്കിയ വിനയ് ശർമ; രണ്ടു പേരേയും മഹിപാൽപ്പുരിനു സമീപം ഉപേക്ഷിച്ചശേഷം ബസ് കഴുകി വൃത്തിയാക്കിയ അക്ഷയ് താക്കൂർ; എല്ലാത്തിനും കൂട്ടു നിന്ന പവൻ ഗുപ്ത; ജയിലിൽ തൂങ്ങി മരിച്ച രാംസിങ്ങും; പിന്നെ ആ മൈനറും
സ്വന്തം ലേഖകൻ
ഡൽഹി: ഞങ്ങളെയൊന്നു വെറുതേവിടൂ. വേറൊന്നും പറയാനില്ല”-ഈ കോളനിക്ക് പറയാനുള്ളത് ഇത് മാത്രമാണ്. നാല് ചെറുപ്പക്കാർ നടത്തിയ ഉരുകുകയാണ് ഈ കോളനിയും വേദനയിലാണ്. ആ നാലു ചെറുപ്പക്കാർ നടത്തിയ ക്രൂരത ഈ കോളനിയെ ഡൽഹിയിലെ കുപ്രസിദ്ധ ചേരിയാക്കി. ആർ.കെ. പുരം സെക്ടർ മൂന്നിനടുത്തുള്ള രവിദാസ് കോളനി ഇപ്പോഴും ശാന്തതയിലാണ്. ഇവിടുത്തെ നാല് ചെറുപ്പക്കാരാണ് ഇന്ന് തീഹാറിൽ വധശിക്ഷയ്ക്ക് വിധേയരായത്.
ഇഷ്ടികകളിൽ കെട്ടിപ്പൊക്കിയ വീടുകളും അതിനു മുകളിലൂടെ പോവുന്ന വൈദ്യുതി വയറുകളും ഇടുങ്ങിയ വഴികളുമൊക്കെയുള്ള ദാരിദ്ര്യത്തിന്റെ നേർ ചിത്രം ഈ കോളനിയിൽ പ്രവേശിക്കുമ്പോൾ കാണാം . ഈ കോളനിയിലാണ് നിർഭയ പിച്ചി ചീന്തിയ നരാദമൻമാർ താമസിച്ചിരുന്നത്. അങ്ങനെ ഈ കോളനിയും കുപ്രസിദ്ധമായി. രാം സിങ്, മുകേഷ് സിങ് എന്നിവരുടെ കുടുംബങ്ങൾ സംഭവം നടന്നതിനു പിന്നാലെ രാജസ്ഥാനിലെ ഗ്രാമങ്ങളിലേക്കു തിരിച്ചുപോയി. പവൻ ഗുപ്ത, വിനയ് ശർമ എന്നിവരുടെ കുടുംബം ഇപ്പോഴും കോളനിയിൽ താമസിക്കുന്നുണ്ട്. പക്ഷേ, അടച്ചിട്ട മുറിയിൽ ഇരിപ്പാണ് മിക്കപ്പോഴും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ നാലു ചെറുപ്പക്കാരെക്കുറിച്ചു ഈ കോളനിക്കാർ ഒന്നും പ്രതികരിക്കാനില്ല. അവർ ചെയ്ത തെറ്റ് അവർ ആരും ന്യായീകരിക്കുന്നുമില്ല. വേഗത്തിൽ വധശിക്ഷ നടപ്പാക്കണമായിരുന്നുവെന്ന് പറയുന്നവരാണ് ഏറെയും. എന്നാൽ ഇത്തരം കേസുകളിൽ ഹൈദരാബാദിൽ ചെയ്തപോലെ വെടിവെച്ചു കൊന്നാലും തെറ്റില്ല. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് വികാരത്തിനൊപ്പമാണ് ഇന്ന് ഈ കോളനിയിൽ താമസിക്കുന്നവർ. കൂട്ടബലാത്സംഗത്തിനും കൊടുംശാരീരിക ആക്രമണങ്ങൾക്കും ഇരയായ നിർഭയയ്ക്ക് നീതി കിട്ടാനായി രാജ്യം കണ്ട ഏറ്റവും വലിയ ജനമുന്നേറ്റമാണ് 2012 ഡിസംബറിൽ ഡൽഹി സാക്ഷ്യം വഹിച്ചത്. ലോകമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച ഗൗരവമായ വീണ്ടുവിചാരത്തിന് വഴിയൊരുക്കി.
2012 ഡിസംബർ 16ന് രാത്രിയാണ് നിർഭയ ബലാത്സംഗത്തിനും ക്രൂര പീഡനത്തിനുമിരയായത്. 14 ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ പെൺകുട്ടിക്ക് വേണ്ടി പതിനായിരങ്ങൾ ഡൽഹിയിലെ ഭരണസിരാ കേന്ദ്രത്തിലേക്ക് മാർച്ചുചെയ്തു. പിന്നെ കണ്ടത് ഭരണകൂടത്തിന്റെ ഇടപെടൽ. ജസ്റ്റിസ് ജെ എസ് വർമ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ പുതിയ നിയമനിർമ്മാണത്തിന് നിർദ്ദേശങ്ങൾ നൽകാൻ നിയമിച്ചു. സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള നടപടികൾക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ജസ്റ്റിസ് ഉഷാ മെഹ്റയെ നിയോഗിച്ചു. ജസ്റ്റിസ് വർമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർലമെന്റ് പുതിയ നിയമനിർമ്മാണം നടത്തി.
ബലാത്സംഗമടക്കമുള്ള കേസുകൾ അതിവേഗ കോടതികൾ സ്ഥാപിച്ച് വേഗം വിചാരണ നടത്തി തീർപ്പാക്കണമെന്ന ആവശ്യം തത്വത്തിൽ അംഗീകരിക്കപ്പെട്ടു. അങ്ങനെ നിർഭയ കേസ് പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ നടത്തി ഒൻപത് മാസത്തിനുള്ളിൽ തീർപ്പ് കൽപ്പിച്ചു. കിരാതകൃത്യത്തിന് ഒന്നിച്ചവർക്ക് രാജ്യത്തെ പരമോന്നത നീതിപീഠം പരമാവധി ശിക്ഷതന്നെ വിധിച്ചു. കുറ്റകൃത്യത്തിൽ ജീവിച്ചിരിക്കുന്ന നാലു പ്രതികളുടെയും പങ്കാളിത്തവും നിസ്സംശയം തെളിഞ്ഞു. കൊലപാതകം, കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾ, കൊള്ള, തെളിവു നശിപ്പിക്കൽ എന്നിങ്ങനെ 13 കുറ്റമാണ് നാലുപേർക്കുമെതിരെ ചുമത്തപ്പെട്ടത്.
മുകേഷ് സിങ് (29) വിചാരണവേളയിൽ തിഹാർ ജയിലിൽ തൂങ്ങിമരിച്ച ഒന്നാംപ്രതി രാംസിങ്ങിന്റെ ഇളയ സഹോദരൻ. ഇരുവരും തൊഴിലന്വേഷിച്ച് രാജസ്ഥാനിൽനിന്ന് ഡൽഹിയിൽ എത്തിയതാണ്. ആർകെപുരത്തെ രവിദാസ് ചേരിയിലായിരുന്നു താമസം. തൊഴിൽരഹിതൻ. ഇടതുകൈയിൽ രണ്ടു വാളുകൾ പച്ചകുത്തിയിട്ടുണ്ട്. പെൺകുട്ടിയെയും സുഹൃത്തിനെയും മഹാവീർ എൻക്ലേവിൽ എത്തിക്കാമെന്നു പറഞ്ഞ് സുഹൃത്തുക്കൾ പ്രലോഭിപ്പിച്ച് കയറ്റുമ്പോൾ ബസോടിച്ചിരുന്നത് മുകേഷായിരുന്നു. പെൺകുട്ടിയെ ബലാത്സംഗംചെയ്യാൻ മറ്റുള്ളവർക്കൊപ്പം പങ്കാളിയായി. പിന്നീട് തെളിവ് നശിപ്പിക്കലിന് ശ്രമിച്ചു.
അക്ഷയ് താക്കൂർ (28): സ്‌കൂൾ പഠനം പൂർത്തിയാക്കിയില്ല. 2011ൽ ബിഹാറിൽ നിന്ന് ഡൽഹിയിൽ എത്തിയത്. ഡൽഹി സംഭവത്തിനുശേഷം ഒളിവിൽപ്പോയി. രണ്ടു ദിവസത്തിനുശേഷം ബിഹാറിലെ ജന്മനാട്ടിൽനിന്ന് പൊലീസ് പിടികൂടി. ഭാര്യയും രണ്ടു വയസ്സുള്ള ആൺകുട്ടിയുമുണ്ട്. സ്‌കൂൾബസിൽ രാംസിങ്ങിന്റെ സഹായി. കൂട്ടബലാത്സംഗത്തിൽ പങ്കാളിയായി. പെൺകുട്ടിയെയും സുഹൃത്തിനെയും മഹിപാൽപ്പുരിനു സമീപം ഉപേക്ഷിച്ചശേഷം ബസ് കഴുകി വൃത്തിയാക്കി. സംഭവസമയം താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്ന് അവകാശപ്പെട്ടു. ഡിസംബർ 15ന് നാട്ടിൽ പോയെന്നാണ് അക്ഷയ് പൊലീസിനോട് പറഞ്ഞത്.
വിനയ് ശർമ (20): ജിം പരിശീലകൻ, സ്‌കൂൾപഠനം പൂർത്തിയാക്കിയിട്ടുണ്ട്. രവിദാസ് കോളനിയിൽ താമസം. രാംസിങ്ങിനും മുകേഷിനുമൊപ്പം ബസിൽ സായാഹ്ന സവാരികളിൽ പതിവ്. കൂട്ടബലാത്സംഗത്തിൽ പങ്കാളിയായിട്ടില്ലെന്ന് അവകാശവാദം. സംഭവം നടക്കുമ്പോൾ ബസിൽ ഉണ്ടായിരുന്നില്ലെന്നും പവൻ ഗുപ്തയ്ക്കൊപ്പം ഒരു സംഗീതപരിപാടിയിൽ പങ്കെടുക്കാൻ പോയെന്നുമാണ് പൊലീസിനു നൽകിയ മൊഴി. എന്നാൽ ഇത് കളവാണെന്ന് പിന്നീട് തെളിഞ്ഞു. പെൺകുട്ടിയുടെ സുഹൃത്തിനെ മർദിച്ച് അവശനാക്കിയത് വിനയ് ശർമയെന്ന് പ്രോസിക്യൂഷൻ. കൂട്ടബലാത്സംഗത്തിലും പങ്കാളിയായി.
പവൻ ഗുപ്ത (19): പഴങ്ങൾ വിറ്റ് ഉപജീവനം. ഇടയ്ക്ക് നിർമ്മാണത്തൊഴിലാളിയായും കാറ്ററിങ് തൊഴിലാളിയായും പണിയെടുത്തു. കൃത്യം നസമയത്ത് ബസിൽ ഉണ്ടായിരുന്നില്ലെന്നും വിനയ് ശർമയ്ക്കൊപ്പം സംഗീതപരിപാടിക്ക് പോയെന്നും അവകാശപ്പെട്ടു. പെൺകുട്ടിയുടെ സുഹൃത്തിനെ ആക്രമിച്ചവരിൽ ഒരാളെന്ന് പ്രോസിക്യൂഷൻ. കൂട്ടബലാത്സംഗത്തിലും പങ്കാളിയായി.
പ്രായപൂർത്തിയെത്താത്ത കുറ്റവാളി: കേസിൽ ആറാംപ്രതിയായ യുപി സ്വദേശി. 11-ാം വയസ്സിൽ ഡൽഹിയിൽ എത്തി. തുടക്കത്തിൽ വഴിവക്കുകളിലെ ഭക്ഷണശാലകളിൽ പണിയെടുത്തു. പിന്നീട് ബസിൽ ക്ലീനർ, കണ്ടക്ടർ ജോലികളിൽ. കൃത്യം നടക്കുമ്പോൾ 18 വയസ്സ് തികയുന്നതിന് ഏഴുമാസം കുറവ്. ബലാത്സംഗവും കൊലപാതകവും ചെയ്തതായി ജുവനൈൽ കോടതിക്ക് ബോധ്യപ്പെട്ടു. ദുർഗുണ പരിഹാര പാഠശാലയിൽ മൂന്നുവർഷം കഴിയാൻ ശിക്ഷ. പെൺകുട്ടിയെ ബലാത്സംഗംചെയ്തതിനു പുറമെ ഇരുമ്ബുദണ്ഡ് ഉള്ളിൽ കയറ്റി ആന്തരികാവയവങ്ങൾ പുറത്തെടുത്തെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.