മൈക്ക് താഴേക്ക് ഇടുന്നത് അത്രവലിയ കുഴപ്പമാണോ സാറേ; നടി ഊർമിള ഉണ്ണി കാണികൾക്കു നേരെ മൈക്ക് വലിച്ചെറിഞ്ഞു; നടിയ്ക്കെതിരെ വ്യാപക പ്രതിഷേധം
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉത്സവദിനമായ ഇന്നലെ നൃത്ത പരിപാടി ആരംഭിക്കുന്നതിനിടയിൽ നടി ഊർമിള ഉണ്ണി കാണികൾക്കു നേരെ മൈക്ക് വലിച്ചെറിഞ്ഞു. ഇതേ തുടർന്ന് നടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നത്. ഊർമിളയും മകൾ ഉത്തരയും പരിപാടി അവതരിപ്പിക്കാനെത്തിയപ്പോഴാണ് ഇന്നലെ പൊലീസിനുപോലും ഇടപെടേണ്ട സംഭവങ്ങൾ നടന്നത്.
പതിനായിരക്കണക്കിന് ജനങ്ങളാണ് ഉത്തരയുടെ പ്രകടനം കാണാനായി ക്ഷേത്രത്തിൽ തടിച്ചുകൂടിയത്. നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് ഊർമ്മിള സംസാരിച്ചിരുന്നു. എന്നാൽ ഇതിനിടയ്ക്ക് മൈക്ക് ഓഫായി പോകുകയായിരുന്നു. ഇതോടെ കലിപ്പിലായ ഊർമ്മിള പ്രവർത്തിക്കാത്ത മൈക്ക് വലിച്ചെറിയുകയും പിന്നീട് മൈക്കില്ലാതെ തന്നെ സ്റ്റേജിൽ നിന്നും ഇവർ സംസാരിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഊർമ്മിളയുടെ ഈ പ്രവർത്തിക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ദൈവസന്നിധിയിലെത്തി ഊർമ്മിള കാട്ടിയ അഹങ്കാരം കണ്ടുനിന്നവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഊർമിളയുടെ പ്രകോപനപരമായ പ്രവൃത്തിയിൽ ജനക്കൂട്ടം ഇളകിയതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.
പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ച ശേഷമാണ് ഉത്തരയുടെ പരിപാടി അരങ്ങേറിയത്. ഇത്രയും അഹങ്കാരം കാട്ടിയ ഊർമ്മിളയെ വെറുതേവിടില്ലെന്നാണ് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ പറയുന്നത്. ഇതിന്റെ ചില വീഡിയോകളും പുറത്തെത്തിയിട്ടുണ്ട്. മൈക്ക് താഴേക്ക് ഇടുന്നത് അത്രവലിയ കുഴപ്പമാണോ സാറേ എന്നും പൊലീസുകാരോട് ഊർമ്മിള ചോദിക്കുന്നതും വീഡിയോയിൽ ഉണ്ട്.