തേങ്ങലടങ്ങാതെ മഹാരാജാസ്; മരണം ഉറപ്പാക്കാൻ കുത്തിയ ശേഷം കത്തി തിരിച്ചു; ആസൂത്രണത്തിൽ കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടിയവരും
ജോസഫ് സക്കറിയ
കൊച്ചി: അഭിമന്യുവിനെ വധിച്ചതു പരിശീലനം സിദ്ധിച്ച കില്ലർ ഗ്രൂപ്പ്. അക്രമിസംഘത്തിലെ നീല ഉടുപ്പിട്ടയാളാണ് അഭിമന്യുവിനെ കുത്തിവീഴ്ത്തിയതെന്നാണു പോലീസിനു ലഭിച്ച മൊഴി. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഒറ്റക്കുത്തിന് ആളെക്കൊല്ലാൻ കില്ലർ ഗ്രൂപ്പുകൾ ഉപയോഗിക്കുന്ന പ്രത്യേകതരം കത്തിയാണ് അഭിമന്യുവിനും സുഹൃത്ത് അർജുനും നേരേ പ്രയോഗിച്ചത്. അഭിമന്യുവിന്റെ ഹൃദയഭാഗത്തും അർജുന്റെ കരളിനുമാണു കുത്തേറ്റത്. അഭിമന്യുവിനെ കുത്തിയശേഷം മരണം ഉറപ്പാക്കുന്നവിധത്തിൽ കത്തി തിരിച്ചെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരിശീലനം സിദ്ധിച്ച കൊലയാളികൾ ഇരയുടെ മരണം ഉറപ്പാക്കാൻ നടപ്പാക്കുന്ന രീതിയാണിത്. കൊലയാളികൾക്ക് നായ്ക്കളെ വെട്ടിയും മറ്റും കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. വാട്സ്ആപ് ഗ്രൂപ്പിലൂടെ പരസ്പരം ബന്ധപ്പെട്ടശേഷമാണു വിവിധ സ്ഥലങ്ങളിലുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മഹാരാജാസിലെത്തിയത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന എസ്.ഡി.പി.ഐ സംസ്ഥാന ജില്ലാ നേതാക്കളും പ്രവർത്തകരുമടക്കം 110 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചോദ്യം ചെയ്തു വരികയാണ്. കൊലപാതകികളെയും ഗൂഢാലോചനക്കാരെയും തെരഞ്ഞ് ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് എറണാകുളത്തും സമീപ ജില്ലകളിലും ഇന്നും നടക്കുകയാണ്.
ഇന്ന് കോളേജ് തുറന്നെങ്കിലും അഭിമന്യുവിന്റെ ക്ലാസായ രണ്ടാം വർഷ കെമിസ്ട്രി ക്ലാസിൽ ആരുംതന്നെ എത്തിയിട്ടില്ല. അഭിമന്യുവിനെ പഠിപ്പിച്ച അദ്ധ്യാപകരും ഇന്ന് അവധി ആവശ്യപ്പെട്ടിരുന്നു.
കലാലയത്തിന്റെ ഇടനാഴികളിൽ നാടൻപാട്ടിന്റെ ഈരടികളും മൂർച്ചയുള്ള മുദ്രാവാക്യങ്ങളുമായി അവർക്കിടയിൽ സൗമ്യതയും പുഞ്ചിരിയുമായി നിന്നിരുന്ന അവരുടെ പ്രിയപ്പെട്ട വട്ടവട ഇനിയങ്ങോട്ട് കൂടെയില്ലെന്ന യാഥാർഥ്യം അംഗീകരിക്കാൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ് മഹാരാജാസ് ക്യാമ്പസ്. രാവിലെ നടന്ന അനുസ്മരണ യോഗത്തിൽ കോളേജ് ഓഡിറ്റോറിയം വിങ്ങുകയായിരുന്നു. ആദ്യം സംസാരിച്ച പ്രിൻസിപ്പാൾ സംസാരം മുഴുമിപ്പിക്കാനാവാതെ വിങ്ങിപ്പൊട്ടുകയായിരുന്നു. അധ്യാപകർ സംസാരിച്ച് കഴിഞ്ഞ ശേഷമാണ് വീണ്ടും അദ്ദേഹം സംസാരിച്ചത്. പ്രിൻസിപ്പാളും അഭിമന്യുവുമായി വലിയ ആത്മബന്ധമായിരുന്നു. ഒരു വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകൻ എന്നതിലുപതി പരിചയപ്പെട്ടവർക്കെല്ലാം അവൻ അഭിമതനായിരുന്നു. അതുകൊണ്ട് തന്നെയാണ് അഭിമന്യുവിനെ ഓർത്തെടുക്കുന്ന അധ്യാപകരുടെയൊക്കെയും മിഴികൾ ഇപ്പോഴും ഈറനണിയുന്നത്.