play-sharp-fill
പുതുജീവൻ ട്രസ്റ്റ് പ്രവർത്തിച്ചത് ലൈസൻസില്ലാതെ: ആശുപത്രിയ്ക്കും കെട്ടിടത്തിനും അനുമതിയില്ലെന്നും കണ്ടെത്തൽ; പ്രവർത്തിക്കുന്നത് വൃത്തി ഹീനമായ അന്തരീക്ഷത്തിൽ

പുതുജീവൻ ട്രസ്റ്റ് പ്രവർത്തിച്ചത് ലൈസൻസില്ലാതെ: ആശുപത്രിയ്ക്കും കെട്ടിടത്തിനും അനുമതിയില്ലെന്നും കണ്ടെത്തൽ; പ്രവർത്തിക്കുന്നത് വൃത്തി ഹീനമായ അന്തരീക്ഷത്തിൽ

സ്വന്തം ലേഖകൻ

കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനം കോട്ടമുറിയിലെ പുതുജീവന്‍ ട്രസ്റ്റ് ആശുപത്രി പ്രവർത്തിച്ചിരുന്നത് യാതൊരു വിധ ലൈസൻസുകളുമില്ലാതെ. ആശുപത്രിയുടെ കെട്ടിടത്തിന് പഞ്ചായത്ത് അനുമതി നൽകിയിരുന്നില്ലെന്നും , ആശുപത്രിയ്ക്ക് ലൈസൻസ് ഇല്ലെന്നുമാണ് ആരോപണം ഉയരുന്നത്. ഒരാഴ്ചയ്ക്കിടെ മൂന്ന് അന്തേവാസികൾ മരിച്ചതിനെ തുടർന്നാണ് പുതുജീവൻ ട്രസ്റ്റിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.

പത്തനംതിട്ട മുക്കൂട്ടുതറ വെൺകുറിഞ്ഞി കുറ്റിപ്പറമ്പിൽ ഷെറിൻ (44), തിരുവനന്തപുരം പേട്ട പാൽകുളങ്ങര ഗിരീഷ് സി.ജി (41), വാകത്താനം പുത്തൻചന്ത താന്നിക്കൽ എബ്രഹാം യുഹാന്നോൻ (22) എന്നിവരാണ് 24 മുതൽ 29 വരെയുള്ള തീയതികളിൽ മരിച്ചത്. ഇവരുടെ മരണത്തിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രസ്റ്റിനെതിരെ ഉയര്‍ന്ന പരാതികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. അന്തേവാസികളില്‍ മൂന്നു പേര്‍ മരിക്കുകയും ആറുപേര്‍ ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണിത്.

അന്വേഷണം നടത്തുന്നതിന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മനെ ചുമതലപ്പെടുത്തി. ചികിത്സയിലുള്ളവരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍നിന്നും വൈറസ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവും മരണകാരണവും സംബന്ധിച്ച് വ്യക്തത വരുത്താന്‍ ടോക്സിക്കോളജിക്കല്‍ പരിശോധന നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്തേവാസികളില്‍ ആര്‍ക്കും വൈറസ് സംബന്ധമായ രോഗബാധയില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ രക്തവും തൊണ്ടയിലെ സ്രവവും ആലപ്പുഴയിലെ വൈറോളജി ലാബില്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് കൊറോണ, എച്1എന്‍1, നിപ്പ, ഡെങ്കിപ്പനി തുടങ്ങിയ വൈറസ് മൂലമുള്ള രോഗങ്ങള്‍ ബാധിച്ചിട്ടില്ലെന്നു സ്ഥിരീകരിച്ചത്.

29 ന് മരണമടഞ്ഞയാളുടെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സാമ്പിള്‍ വിശദ പരിശോധനയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ആറു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവര്‍ക്ക് പനിയോ മറ്റ് സാംക്രമിക രോഗങ്ങളോ ബാധിച്ചതായി കണ്ടെത്തിയിട്ടില്ല. തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നയാളെ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരി 26നും 27നും സ്ഥാപനം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. എല്ലാ അന്തേവാസികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവര്‍ക്കും പകര്‍ച്ചവ്യാധികള്‍ ബാധിച്ചതായി കണ്ടെത്തിയിട്ടില്ല. സ്ഥാപനത്തിലെ ഡോക്ടര്‍മാര്‍, ജീവനക്കാര്‍, അന്തേവാസികള്‍ എന്നിവരുമായി സംഘം ആശയവിനിമയം നടത്തുകയും ചികിത്സാ രേഖകള്‍ പരിശിധിക്കുകയും ചെയ്തിരുന്നു.

ഡി.എം.ഒയോടൊപ്പം ഡിസ്ട്രിക്ട് സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കെ.ആര്‍. രാജന്‍, മൈക്രോ ബയോളജിസ്റ് ഡോ സി. ജെ. സിതാര, മെഡിക്കല്‍ കോളേജ് മാനസിക ചികിത്സ വിഭാഗം മേധാവി ഡോ വി. സതീഷ്, മെഡിസിന്‍ വിഭാഗം ഡോ. വി. ജി. ഹരികൃഷ്ണന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ ഡോ. അനിത ഭാസ്കര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, എപ്പിഡെമിയോളജിസ്റ് നിതിന്‍ എസ് ബാബു തുടങ്ങിയവരും ഉണ്ടായിരുന്നു.