video
play-sharp-fill
മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ അഡ്വ. പി. ശങ്കരൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ അഡ്വ. പി. ശങ്കരൻ അന്തരിച്ചു

 

കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ അഡ്വ. പി. ശങ്കരൻ (73) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

 

മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്ത് കെഎസ്യു യൂണിറ്റ് സെക്രട്ടറിയായാണു പൊതുപ്രവർത്തന രംഗത്തെത്തിയത്. 1973ൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 1991ൽ ബാലുശ്ശേരിയിൽ എ.സി.ഷൺമുഖദാസിനെതിരെയായിരുന്നു നിയമസഭയിലേക്കുള്ള കന്നി അങ്കം.

 

2001-ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ ടൂറിസം-ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു പി. ശങ്കരൻ. 1998-ൽ കോഴിക്കോട്ടുനിന്ന് ലോക്‌സഭാംഗമായി. കൂടാതെ കെ.പി.സി.സി. ജനറൽ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം, യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കോഴിക്കോട് മലാപ്പറമ്ബിലെ ‘രാജീവം’ വീട്ടിലായിരുന്നു താമസം.
സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പേരാമ്പ്ര കടിയങ്ങാട് പുതിയോട്ടിൽ കേളുനായരുടെയും മാക്കം അമ്മയുടെയും മകനായി 1947 ഡിസംബർ രണ്ടിനാണ് ജനനം. ഭാര്യ: വി. സുധ (റിട്ട. പ്രിൻസിപ്പൽ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട്). മക്കൾ: ഇന്ദു, പ്രിയ (ഇരുവരും അമേരിക്ക), രാജീവ് (എൻജിനിയർ, ദുബായ്). മരുമക്കൾ: രാജീവ്, ദീപക് (ഇരുവരും അമേരിക്ക), ദീപ്തി. സഹോദരങ്ങൾ: പരേതനായ ഗോപാലൻ നായർ, പരേതനായ കെ. രാഘവൻ (കോൺഗ്രസ് മുൻ പേരാമ്ബ്ര ബ്ലോക്ക് പ്രസിഡന്റ്), കല്യാണിയമ്മ (പൊക്കിയമ്മ, കടിയങ്ങാട്), ദേവകി(മൊകേരി).