play-sharp-fill
ആരോഗ്യം വീണ്ടെടുത്ത കുഞ്ഞൻ ചിന്നംവിളിച്ചു: എഴുന്നേറ്റാൽ ഉടൻ തീറ്റ കിട്ടണം ഇല്ലെങ്കിൽ അവൻ കുറുമ്പുകാട്ടും

ആരോഗ്യം വീണ്ടെടുത്ത കുഞ്ഞൻ ചിന്നംവിളിച്ചു: എഴുന്നേറ്റാൽ ഉടൻ തീറ്റ കിട്ടണം ഇല്ലെങ്കിൽ അവൻ കുറുമ്പുകാട്ടും

സ്വന്തം ലേഖകൻ

കോതമംഗലം: ആരോഗ്യം വീണ്ടെടുത്ത കുഞ്ഞൻ ഞായറാഴ്ച സന്ധ്യയോടെ ചിന്നംവിളിച്ചു. എത്രയായാലും കാടുകേറാൻ അവനുമില്ലേ മോഹം.
തീറ്റ കൊടുക്കുന്തോറും ആനക്കുട്ടന് ആർത്തി കൂടുകയാണെന്നാണ് പരിചരിക്കുന്ന വനംവകുപ്പ് വാച്ചറും വടാട്ടുപാറ സ്വദേശിയുമായ സജി തങ്കപ്പൻ പറയുന്നത്. ഞായറാഴ്ച ഒമ്പത് കിലോ തണ്ണിമത്തനും ഒരു കിലോ പഴവും അകത്താക്കി. ശനിയാഴ്ച വൈകിട്ട് മുതൽ വനപാലകർക്കൊപ്പം സജിയാണ് കുഞ്ഞന്റെ പ്രധാന പരിചാരകൻ.

 

 

സമയത്ത് തീറ്റ കിട്ടിയില്ലെങ്കിൽ അവൻ പിണങ്ങും. അമ്മിഞ്ഞപ്പാലിന്റെ കുറവ് പശുവിൻപാലിൽ തീർത്തോളും. പല്ലുപോലും മുളയ്ക്കാത്തതുകൊണ്ട് കട്ടിയുള്ളതൊന്നും അവന് പറ്റില്ല. അഞ്ചുദിവസം തീറ്റ കിട്ടാതെ കാട്ടിൽ അലഞ്ഞുനടന്ന് മെലിഞ്ഞ കുഞ്ഞൻ രണ്ടുദിവസംകൊണ്ട്് കിട്ടാവുന്നത്രയും ആർത്തിയോടെ അകത്താക്കുകയാണ്. വടാട്ടുപാറ പലവൻപടി പുഴയോരത്ത് ഒറ്റപ്പെട്ടനിലയിൽ കണ്ടെത്തിയ ആനക്കുട്ടൻ വനപാലകരുടെ പരിചരണത്തിൽ കുറുമ്പുകാട്ടി ഏവരുടെയും പ്രിയതാരമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

രാത്രി ഒരുമണിക്കൂർ ഇടവിട്ട് ഉറങ്ങലും എഴുന്നേൽക്കലുമാണ്. എഴുന്നേറ്റാൽ ഉടൻ തീറ്റ കിട്ടണം. ഇല്ലെങ്കിൽ അവൻ കുറുമ്പുകാട്ടും. വടാട്ടുപാറയിൽനിന്ന് മാറ്റി അല്പം ദൂരെ കാട്ടിനുള്ളിലാണ് പാർപ്പിച്ചിരിക്കുന്നത്. കഴകൾ കൊണ്ട് കൂടുണ്ടാക്കി മുകളിൽ വലയിട്ട് ചൂടടിയ്ക്കാതിരിക്കാൻ മുകളിലും ചുറ്റിലും ഈറ്റയിലയുമിട്ടിട്ടുണ്ട്.

 

 

ചൂട് കുറയാൻ കുഞ്ഞനെ ഇടയ്ക്കിടെ നനച്ചുകൊടുക്കുന്നുമുണ്ട്.രാത്രിയോടെ കൂടുതകർത്ത് പുറത്ത് കടക്കാനും കുഞ്ഞൻ ശ്രമം നടത്തുന്നുണ്ട്. ചുറ്റിനും കെട്ടിയ കഴകളിൽ ശക്തിയായി വലിച്ചും തള്ളിയും കൂട് പൊളിക്കാനും പലതവണ ശ്രമിച്ചിരുന്നു. മേലധികാരികളുടെ നിർദേശം കിട്ടിയാൽ ആനക്കുട്ടനെ തിങ്കളാഴ്ച കോടനാട് അഭയാരണ്യത്തിലേക്ക് മാറ്റി പാർപ്പിക്കും.