തുടർച്ചയായ രണ്ടാം ദിവസവും അനീഷിനെ ഭാഗ്യം രക്ഷിച്ചു..! ഹെൽമറ്റിന്റെ ക്ലിപ്പ് ഇടാൻ മറന്ന രാജേഷിന് തല തകർന്ന് ദാരുണ മരണം; എം.സി റോഡിൽ മറിയപ്പള്ളിയിൽ വീണ്ടും അപകടം; ജില്ലയെ വിടാതെ പിൻതുടർന്ന് അപകടമരണങ്ങൾ
എ.കെ ശ്രീകുമാർ
കോട്ടയം: തുടർച്ചയായ രണ്ടാം ദിവസവും അപകടത്തിൽ നിന്നും അനീഷ് അത്ഭുതകരമായി രക്ഷപെട്ടു. അനീഷിന്റെ ഭാഗ്യം പക്ഷേ ഒപ്പമുണ്ടയിരുന്ന രാജേഷിനുണ്ടായിരുന്നില്ല. ഹെൽമറ്റ് ധരിച്ചിട്ടും ക്ലിപ്പിടാതിരുന്ന രാജേഷിന് തല തകർന്ന് ദാരുണമായ മരണമാണ് ഉണ്ടായത്. തലയോട് നാലായി പൊട്ടിയ രാജേഷ് ഒരു ദിവസം മുഴുവൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവിതത്തോട് മല്ലിട്ടു. ഒടുവിൽ രാജേഷ് മരണത്തിന് കീഴടങ്ങുകയും ചെയ്തു.
കഴിഞ്ഞ 14 രാത്രി പത്തരയ്ക്കു എം.സി റോഡിൽ മണിപ്പുഴ നാലുവരിപ്പാതയിൽ കാറിടിച്ചു റോഡിൽ വീണ് പതിനഞ്ചു മിനിറ്റോളം റോഡിൽ കിടന്നിട്ടും അനീഷ് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ഇതേ അപകടത്തിന്റെ കേസിനായി ജനറൽ ആശുപത്രിയിൽ നിന്നും ചിങ്ങവനം പൊലീസ് സ്റ്റേഷനിലേയ്ക്കു മൊഴി കൊടുക്കാൻ പോകുന്നതിനിടെ 15 നാണ് രണ്ടാമത്തെ അപകടം ഉണ്ടായത്. ഇതേ തുടർന്നാണ് അനീഷിനൊപ്പമുണ്ടായിരുന്ന ബൈക്ക് ഓടിച്ചിരുന്ന ബന്ധു രാജേഷ് മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചോഴിയക്കാട് കൊല്ലംപറമ്പിൽ പരേതനായ കെ.കെ മോഹനന്റെ മകൻ കെ.എം രാജേഷ് കുമാറാണ് (36) ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാട്ടകം കാക്കൂർ പാലക്കുന്നേൽ പൊന്നപ്പന്റെ മകൻ അനീഷ്(29) പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പതിനഞ്ചിന് ഉച്ചയ്ക്ക് 12 മണിയ്ക്ക്ു എം.സി റോഡിൽ മറിയപ്പള്ളി ജംഗ്ഷനിലായിരുന്നു അപകടം. 14 ന് രാത്രി പത്തരയ്ക്കു അനീഷ് സഞ്ചരിച്ച ബൈക്കിൽ മണിപ്പുഴ ജംഗ്ഷനിൽ വച്ച് കാറിടിച്ചിരുന്നു. അമിത വേഗത്തിൽ എത്തിയ കാർ അനീഷിനെ ഇടിച്ചു വീഴ്ത്തുകയും, അമിത വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. അരമണിക്കൂറിനു ശേഷം കാർ ഓടിച്ചിരുന്നയാൾ കാറുമായി ചിങ്ങവനം പൊലീസിൽ ഹാജരാകുകയും ചെയ്തു. അപകടത്തിൽ തലയ്ക്കു സാരമായി പരിക്കേറ്റ അനീഷ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇതിനിടെയാണ് ശനിയാഴ്ച രാവിലെ അനീഷിനെ ജനറൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. തുടർന്ന് ചിങ്ങവനം പൊലീസിന്റെ നിർദേശാനുസരണം കേസിൽ മൊഴി നൽകുന്നതിനായി അനീഷ്, രാജേഷിനൊപ്പം ചിങ്ങവനം പൊലീസ് സ്റ്റേഷനിലേയ്ക്കു പോകുകയായിരുന്നു. ഇതിനിടെയാണ് മറിയപ്പള്ളി ഭാഗത്തു വച്ചു ഇരുവരും സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ വാഹനം ഇടിച്ചത്.
രാജേഷ് ഹെൽമറ്റ് തലയിൽ വച്ചിരുന്നെങ്കിലും, ക്ലിപ്പ് ഇടിച്ചില്ല. ഇതോടെ രാജേഷ് വണ്ടിയിടിച്ച് ആകാശത്തേയ്ക്കുയർന്നപ്പോൾ ഹെൽമറ്റ് തലയിൽ നിന്നും തെറിച്ചു പോയി. ആദ്യം രാജേഷ് പിക്കപ്പിന്റെ ബോണറ്റിൽ പോയി തലയിടിച്ചു, പിന്നട് തെറിച്ച് റോഡിൽ തലയിടിച്ചു വീണു ഗുരുതരമായി പരിക്കേറ്റ രാജേഷ്, മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ മരണം സംഭവിച്ചു. അപകടത്തിനിടയാക്കിയ പിക്കപ്പ് വാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
മൂലംകുളം പാലാഴിയിൽ സരളയാണ് രാജേഷിന്റെ മാതാവ്. സഹോദരി – രാജിമോൾ. പരുത്തുംമ്പാറ കരുമാങ്കൽ വീട്ടിൽ ഷിബുവാണ് സഹോദരി ഭർത്താവ്. സംസ്‌കാരം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിനു വീട്ടുവളപ്പിൽ.