
അതിരമ്പുഴയിൽ വീണ്ടും കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം: നടുറോഡിൽ വടിവാളുമായി വെല്ലുവിളിയും ഭീഷണിയും; പ്രതിഷേധ സമരം പ്രഖ്യാപിച്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ പണിമുടക്കുന്നു
സ്വന്തം ലേഖകൻ
കോട്ടയം: അതിരമ്പുഴയിൽ ഗുണ്ടാ കഞ്ചാവ് മാഫിയ സംഘത്തിന്റെ ഭീഷണി സാധാരണക്കാരായ ഓട്ടോ ഡ്രൈവർമാർക്കു നേരെ. വടിവാളും കമ്പിവടിയും മാരകായുധങ്ങളുമായി എത്തിയ മാഫിയ സംഘം റോഡിൽ കമ്പിവടിയും, വടിവാളും ഇട്ട് ഉരയ്ക്കുകയും വൻ ഭീഷണി മുഴക്കുകയും ചെയ്തു. അക്രമികളുടെ ഭീഷണി തുടർക്കഥയായതിൽ പ്രതിഷേധിച്ച് അതിരമ്പുഴ പള്ളിമൈതാനം സ്റ്റാൻഡിലെ ഓട്ടോഡ്രൈവർമാർ പണിമുടക്കി പ്രതിഷേധത്തിലാണ്.
കഴിഞ്ഞ രണ്ട് ആഴ്ചയിലേറെയായി അക്രമി സംഘം അതിരമ്പുഴയിലും പരിസരത്തും അഴിഞ്ഞാടുകയാണ്. മാസങ്ങൾക്കു മുൻപ് പ്രദേശത്ത് പൊലീസിനു നേരെ ഗുണ്ടാ സംഘം പെട്രോൾ ബോംബ് എറിയുകയും, വധ ഭീഷണി മുഴക്കുകയും, വീടുകൾ കയറി ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഗുണ്ടാ സംഘത്തിലെ പ്രധാനകളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്തിരുന്നു. ഇതോടെ പ്രദേശത്തെ കഞ്ചാവ് മാഫിയ സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് അറുതി വന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, അടുത്തിടെ വീണ്ടും ഇതേ മാഫിയ സംഘം സജീവമായി രംഗത്തിറങ്ങിയതാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ഓട്ടോഡ്രൈവർമാരെ ഭീഷണിപ്പെടുത്തുകയും, വടിവാൾ കാട്ടി ഭയപ്പെടുത്തുകയും ചെയ്യുകയാണ് അക്രമി സംഘം ഇപ്പോൾ. കഴിഞ്ഞ ദിവസം രാത്രിയിൽ ഒൻപത് മണിക്ക് അതിരമ്പുഴ പള്ളി മൈതാനം ഓട്ടോ സ്റ്റാൻഡിൽ എത്തിയ അക്രമികൾ, വടിവാൾ റോഡിൽ ഉരച്ചും, കുപ്പി റോഡിലിട്ട് തല്ലിപ്പൊട്ടിച്ചും അക്രമ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെ ഓട്ടോഡ്രൈവർമാർ വിവരം പൊലീസിൽ അറിയിച്ചു.
ഈ സമയം തന്നെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും എത്തിയ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിൽ എടുത്തു. എന്നാൽ, ഇവരുടെ സംഘത്തിലെ മറ്റുള്ളവർ ഇപ്പോഴും പുറത്ത് കറങ്ങി നടക്കുകയാണ്. ഇത് വൻ ഭീഷണിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും, കഞ്ചാവ് മാഫിയയെ അമർച്ച ചെയ്യാനും തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് ഓട്ടോഡ്രൈവർമാർ പണിമുടക്കുന്നത്.