play-sharp-fill
തീയറ്ററിലേയ്ക്കുള്ള തിരക്ക് ടിബി റോഡിനെ കുരുക്കുന്നു: കച്ചവടം വൻ നഷ്ടത്തിലെന്ന് വ്യാപാരികൾ; പ്രതിഷേധ സമരത്തിന് ഒരുങ്ങി ടിബി റോഡ് മർച്ചൻസ് അസോസിയേഷൻ

തീയറ്ററിലേയ്ക്കുള്ള തിരക്ക് ടിബി റോഡിനെ കുരുക്കുന്നു: കച്ചവടം വൻ നഷ്ടത്തിലെന്ന് വ്യാപാരികൾ; പ്രതിഷേധ സമരത്തിന് ഒരുങ്ങി ടിബി റോഡ് മർച്ചൻസ് അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിന്റെ ഹൃദയമായ ടിബി റോഡിൽ ഗതാഗതക്കുരുക്കിനെ തുടർന്നുള്ള ബ്ലോക്ക് വ്യാപാരികളെ ശ്വാസം മുട്ടിക്കുന്നു. തീയറ്ററിലേയ്ക്കുള്ള വാഹനങ്ങൾ വൈകിട്ട് ആറു മുതൽ ഒൻപത് വരെ ഉണ്ടാക്കുന്ന കുരുക്കാണ് ടിബി റോഡിനെ ശ്വാസം മുട്ടിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങി വീർപ്പുമുട്ടുന്ന വ്യാപാരികളെ വീർപ്പുമുട്ടിക്കുന്നതാണ് തീയറ്റർ റോഡിലെ സിനിമാ പ്രേമികൾ സൃഷ്ടിക്കുന്ന കുരുക്ക്.


ഈ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തെ തീയറ്റർ റോഡിൽ കുത്തിയിരുന്നു സമരം നടത്താൻ ഒരുങ്ങുകയാണ്. ഫസ്റ്റ്‌ഷോയ്ക്കും, സെക്കൻഡ് ഷോയ്ക്കും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തേയ്ക്കുള്ള തീയറ്ററിലേയ്ക്കു പ്രേക്ഷകർ കൂട്ടത്തോടെ എത്തുന്നതാണ് ഗതാഗതക്കുരുക്ക് ആരംഭിക്കുന്നത്. തീയറ്ററിലെ ഷോ തീർന്ന ശേഷം മാത്രമേ തീയറ്റർ റോഡിൽ നിന്നും വാഹനങ്ങൾ പുറത്തേയ്ക്ക് ഇറങ്ങൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീയറ്ററിനുള്ളിലേയ്ക്കു കയറുന്നതിനും ഇറങ്ങുന്നതിനും ഒരു വഴി മാത്രമാണ്. സിനിമാ കാണാൻ എത്തുന്നവരുടെ വാഹനങ്ങൾ ഈ വഴിയിലേയ്ക്കു കയറാതെ ടിബി റോഡിൽ തന്നെ പൊലീസ് തടഞ്ഞിടും. ഇതോടെ വാഹനങ്ങളുടെ നീണ്ട നിര തിരുനക്കര വരെ എത്തും. നല്ല സിനിമകൾ ഓടുന്ന സമയമാണെങ്കിൽ നഗരത്തെ കുരുക്കാൻ ഈ ഒരൊറ്റ സ്‌റ്റോപ്പ് സിഗനൽ മാത്രം മതിയാവും.

ഈ കുരുക്കൊഴിവാക്കാനുള്ള നിർദേശങ്ങൾ ടി.ബി റോഡ് മർച്ചന്റ്‌സ് വെൽഫെയർ അസോസിയേഷൻ പൊലീസിനു നിവേദനമായി നൽകിയെങ്കിലും നടപടികൾ എങ്ങും എത്തിയില്ല. ഈ നിർദേശങ്ങൾ നടപ്പാക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കിയില്ലെങ്കിൽ റോഡ് ഉപരോധ സമരം അടക്കമുള്ള നടപടികളിലേയ്ക്കു കടക്കാൻ ഒരുങ്ങുകയാണ് വ്യാപാരികൾ.

ടിബി റോഡിലെ കടകളുടെ മുന്നിലാണ് ഇത്തരത്തിൽ വാഹനങ്ങളുടെ നിര നീണ്ടു കിടക്കുന്നത്. ഇതോടെ ഈ വ്യാപാരസ്ഥാപനങ്ങളിലേയ്ക്കു ആളുകൾ കയറാത്ത സാഹചര്യം ഉണ്ടാകും. ഇത് കൂടാതെയാണ് ടിബി റോഡിൽ കാടനട പോലും ഈ വാഹന നിര തീർത്തും, ദുഷ്‌കരമാക്കിയിരിക്കുന്നത്. തീയറ്ററിലേയ്ക്കു വരുന്ന വാഹനങ്ങളുടെ നിര നീണ്ടാലും നടപടിയെടുക്കാത്ത പൊലീസ്, കച്ചവട സാധനങ്ങൾക്കു മുന്നിൽ നിർത്തുന്ന വാഹനങ്ങൾക്കെതിരെ പെറ്റിക്കേസ് ചുമത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

തീയറ്ററിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് ഫസ്റ്റ്‌ഷോയ്ക്കും സെക്കൻഡ് ഷോയ്ക്കുമാണ്. ഈ സമയത്ത് കാറുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ എം.എൽ റോഡ് വഴി തീയറ്ററിലേയ്ക്കു കയറ്റിവിടണമെന്നാണ് വ്യാപാരികൾ നിർദേശിക്കുന്നത്. വൈകിട്ട് നാലു മണിയ്ക്കു ശേഷം മാർക്കറ്റിൽ കാര്യമായ തിരക്കില്ല. ഈ സമയത്ത് വാഹനങ്ങൾ കടത്തിവിട്ടാൽ ഗതാഗതക്കുരുക്ക് ഉണ്ടാകില്ല. ഇത് വഴി ടി.ബി റോഡിലെ കുരുക്കും ഒഴിവാക്കാൻ സാധിക്കും.