യുകെയിലേക്കുള്ള അതിവേഗ വിസയായ ഗ്ലോബൽ ടാലന്റെ വിസ പദ്ധതി ഫെബ്രുവരിയിൽ ആരംഭിക്കും
സ്വന്തം ലേഖകൻ
യു.കെയിലേയ്ക്കുള്ള അതിവേഗ വിസയായ ഗ്ലോബൽ ടാലന്റ് വിസ പദ്ധതി ഫെബ്രുവരി 20നു ആരംഭിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും യുകെയിൽ അതിവേഗം വീസ നൽകുന്ന പദ്ധതിയാണിത്. ശാസ്ത്ര, ഗവേഷണ അക്കാദമികൾ ഇത്തരം ആളുകളെ ശുപാർശ ചെയ്യുന്ന പദ്ധതിയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. പുതിയ രീതിയനുസരിച്ച് ജോലി വാഗ്ദാനമില്ലാതെ തന്നെ ബ്രിട്ടനിൽ വരാം. ഇവരുടെ മികവ് ഉടൻ വിലയിരുത്തി സ്വീകാര്യമായാൽ മാത്രം മതി. യുകെ റിസർച് ആൻഡ് ഇന്നവേഷൻ ഓർഗനൈസേഷൻ ആണ് പുതിയ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.
ഏതെങ്കിലും 4 ദേശീയ ശാസ്ത്ര അക്കാദമികളിൽ ഒന്ന് എങ്കിലും ശുപാർശ ചെയ്തിട്ടുണ്ടെങ്കിൽ ഫാസ്റ്റ് ട്രാക്ക് മാതൃകയിൽ അവരുടെ വീസ അപേക്ഷയിൽ നടപടിയുണ്ടാകും. പ്രതിവർഷം 2000 പേർ എന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന പരിധിയെങ്കിലും അത്രയും പേരെ എടുക്കാൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല. അതിനാൽ ഇത്തവണ പരിധി വച്ചിട്ടില്ല. യൂറോപ്യൻ യൂണിയനിൽ പെടാത്ത രാജ്യങ്ങൾക്കാണ് മുഖ്യമായും ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വെള്ളിയാഴ്ച ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗമല്ലാതാകും. പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ബ്രെക്സിറ്റിനു ശേഷം ലോകത്തെ ഏറ്റവും പ്രഗത്ഭരായവർക്കുവേണ്ടി ബ്രിട്ടന്റെ വാതിൽ തുറന്നുകിടക്കുകയാണെന്ന സന്ദേശം നൽകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.