മുത്തൂറ്റ് ഫിനാൻസിൽ നിന്നും മുന്നറിയിപ്പില്ലാതെ 166 ജീവനക്കാരെ പിരിച്ചു വിട്ടു
സ്വന്തം ലേഖിക
കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ സംസ്ഥാനത്തെ 43 ശാഖകളിൽനിന്ന് 166 തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു. മാനേജ്‌മെന്റുമായുണ്ടാക്കിയ സേവന-വേതന കരാർ നടപ്പാക്കാത്തതിനെ തുടർന്ന് സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ നടത്തിയ സമരം വിജയിച്ച് രണ്ടുമാസം തികയും മുമ്പാണ് മാനേജ്മെന്റിന്റെ പ്രതികാരനടപടി.
ശനിയാഴ്ച വൈകിട്ടാണ് ജീവനക്കാരെ പുറത്താക്കിയതായി ഇ-മെയിൽ അറിയിപ്പ് ലഭിച്ചത്. ഇതിനു പിന്നാലെ ജോലിചെയ്ത കാലയളവ് കണക്കാക്കി നഷ്ടപരിഹാരത്തുകയും ഇവരുടെ അക്കൗണ്ടിലേക്ക് നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഗസ്ത് 20 മുതൽ 52 ദിവസം മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ പണിമുടക്കിയിരുന്നു. നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ സംസ്ഥാനത്താകെ 611 ശാഖകളിലും 11 റീജണൽ ഓഫീസുകളിലുമുള്ള 1800 ജീവനക്കാർ സമരം ചെയ്തു.
തുടർന്ന് വേതനവർധന എന്ന ആവശ്യം മാനേജ്മെന്റ് തത്വത്തിൽ അംഗീകരിച്ചു. നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കാൻ സർക്കാർ വിജ്ഞാപനമിറക്കാൻ തീരുമാനിച്ചിരുന്നു. മാനേജ്മെന്റ് അത് അംഗീകരിക്കാമെന്നു സമ്മതിച്ചതിന്റെ ഭാഗമായണ് തൊഴിലാളികൾ സമരം അവസാനിപ്പിച്ചത്.
സമരത്തിൽ സജീവമായി നേതൃത്വം കൊടുത്ത തൊഴിലാളനേതാക്കളെ തെരഞ്ഞുപിടിച്ചാണ് പുറത്താക്കിയത്. ഇതിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.