ഹെൽമറ്റില്ലാ യാത്ര: പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്; ഒറ്റ ദിവസം പിഴ 1.77 ലക്ഷം രൂപ; ഹെൽമറ്റില്ലാതെ കുടുങ്ങിയത് 107 പേർ
സ്വന്തം ലേഖകൻ
കോട്ടയം: ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെല്ലാം ഹെൽമറ്റ് ധരിക്കണമെന്ന നിയമം കർശനമായി നടപ്പാക്കിയതിന്റെ മൂന്നാം ദിവസം ജില്ലയിൽ പിഴയായി ഈടാക്കിയത് 1.77 ലക്ഷം രൂപ. ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്ത 107 പേർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ്, ആർ.ടി.ഒ വി.എം ചാക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. എൻഫോഴ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ച 10 പേരും, പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കാതിരുന്ന 16 പേരും പിടിയിലായി. സീറ്റ് ബൈൽറ്റ് ധരിക്കാതിരുന്ന പത്തു പേരും, അമിത ഭാരം കയറ്റിയ ഒരു വാഹനവും പിടികൂടി. ഇവരി നിന്നും 1.18 ലക്ഷം രൂപ പിഴയായി ഈടാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജോ.ആർ.ടി ഓഫിസ് പരിധിയിൽ നടത്തിയ പരിശോധനയിൽ ഹൈൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച അഞ്ചു പേരും, ഹെൽമറ്റ് ധരിക്കാത്ത ഏഴു സഹ യാത്രക്കാരും പിടിയിലായി. സീറ്റ് ബെൽറ്റില്ലാത്ത രണ്ടു പേരിൽ നിന്നും അമിത ഭാരം കയറ്റിയ ഒരു വാഹനത്തിൽ നിന്നും പിഴ ഈടാക്കി. 7500 രൂപയാണ് പിഴയായി ഈടാക്കിയത്.
ചങ്ങനാശേരിയിൽ 16 പേരാണ് ഹെൽമറ്റ് ധരിക്കാതെ വണ്ടിയോടിച്ച് പിടിയിലായത്. സഹ യാത്രക്കാരായ 18 പേരും, സീറ്റ് ബെൽറ്റ് ധരിക്കാതെ ആറു പേരും പിടിയിലായി. 17,000 രൂപയാണ് പിഴയായി ഈടാക്കിയത്.
പാലാ ജോയിന്റ് ആർ.ടി ഓഫിസിന്റെ പരിധിയിൽ ഏഴു പേരാണ് ഹെൽമറ്റ് ധരിക്കാതെ വണ്ടിയോടിച്ച് പിടിയിലായത്. സഹയാത്രക്കാരായ ഒൻപത് പേരും, സീറ്റ് ബെൽറ്റ് ധരിക്കാത്ത രണ്ടു പേരും, അമിത ഭാരം കയറ്റിയ ഒരു വാഹനവും പിടികൂടി. 12500 രൂപയാണ് പാലായിൽ നിന്നും പിഴയായി ഈടാക്കിയത്.
വൈക്കത്ത് നാലു പേർ ഹെൽമറ്റ് ധരിക്കാതെ വണ്ടിയോടിച്ചു പിടിയിലായപ്പോൾ, സഹ യാത്രക്കാരായ രണ്ടു പേരാണ് ഹെൽമറ്റ് ധരിക്കാതെ കുടുങ്ങിയത്. സീറ്റ് ബെൽറ്റ് ധരിക്കാത്ത ഒരാൾ കൂടി പിടിയിലായപ്പോൾ ആകെ 3500 രൂപ പിഴയായി ഈടാക്കി. ഉഴവൂരിൽ ആറു പേർ ഹെൽമറ്റില്ലാത്ത ബൈക്ക് യാത്രക്കാരും, ഏഴു പേർ സഹ യാത്രക്കാരും, മൂന്നു പേർ സീറ്റ് ബെൽറ്റ് ധരിക്കാത്തവരും ആണെന്ന് കണ്ടെത്തി. 13,750 രൂപ പിഴയായി ഈടാക്കി.