മരണം പത്തി താഴ്ത്തി ; സഫ്‌ന ജീവിതത്തിലേക്ക്
സ്വന്തം ലേഖിക
ഇരവിപുരം: മരണം പത്തി താഴ്ത്തിയതോടെ സഫ്നയ്ക്ക് പുതുജീവൻ. അണലിയുടെ കടിയേറ്റ തട്ടാമലയിലെ ഇരവിപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനി തട്ടാമല പന്ത്രണ്ടുമുറി പുതുവയൽ തൊടിയിൽ സഫ്‌നയെന്ന പതിനഞ്ചുകാരിയാണ് ജീവിതത്തിലേക്ക് തിരികെ വന്നത്.
അണലി കടിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ സഫ്നയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും വ്യാഴാഴ്ച രാവിലെ വാർഡിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയോടെ വീടിനടുത്തുള്ള ഇടറോഡിൽവച്ചാണ് സഫ്‌നയ്ക്ക് പാമ്പുകടിയേറ്റത്.അയൽപക്കത്തെ സഹപാഠിയുടെ കൈയിൽനിന്നു നോട്ട് ബുക്ക് വാങ്ങാനായി റോഡിലേക്കിറങ്ങിയപ്പോഴാണ് കടിയേറ്റത്.
നിലവിളി കേട്ട് ഓടിയെത്തിയവർ ഉടൻ പ്രഥമശുശ്രൂഷയും സുരക്ഷാസംവിധാനങ്ങളും നൽകി. വാഹനത്തിനു കാത്തുനിൽക്കാതെ ഉടൻ ബൈക്കിൽ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
കുട്ടിയെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ചിലർ സംഭവസ്ഥലത്തുനിന്ന് അണലിയെ പിടികൂടി ആശുപത്രിയിലെത്തിച്ചു. വിഷപ്പാമ്പിനെ സ്ഥിരീകരിച്ചതോടെ ചികിത്സ എളുപ്പമായി. അഞ്ചുദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായതോടെയാണ് വാർഡിലേക്കു മാറ്റിയത്.
വയനാട് ബത്തേരി സർവജന സ്‌കൂളിലെ ക്ലാസ് മുറിയിൽ പാമ്പിന്റെ കടിയേറ്റ് ഷഹ്ല ഷെറിൻ എന്ന കുട്ടി മരിച്ച പശ്ചാത്തലത്തിൽ തട്ടാമലദേശം പ്രാർത്ഥനയിലായിരുന്നു.
പ്രഥമാധ്യാപകൻ ശ്രീകുമാറിന്റെയും സീനിയർ അസിസ്റ്റന്റ് നാസറിന്റെയും നേതൃത്വത്തിൽ സ്‌കൂളിലെ അദ്ധ്യാപകരും കുട്ടികളും എല്ലാ സഹായവും നൽകി ഒപ്പമുണ്ടായിരുന്നു.