കേരളത്തിൽ കാൻസർ രോഗികൾ പെരുകുന്നതിന് കാരണം അന്വേഷിക്കുന്നവർക്കുള്ള മറുപടി; ഫോർമാലിൻ തളിച്ച 12000 കിലോ മത്സ്യം അമരവിളയിലെ ഓപ്പറേഷൻ സാഗറിൽ പിടിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മത്സ്യങ്ങൾ കേടുകൂടാതെ കൂടുതൽ കാലം സൂക്ഷിക്കുന്നതിനായി വിവിധതരം രാസവസ്തുക്കൾ ചേർത്ത് വിൽപ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടുകൂടിയുള്ളതാണ് സർക്കാരിന്റെ ഓപ്പറേഷൻ സാഗർ. അമരവിള ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറായിരം കിലോ മത്സ്യത്തിൽ ഫോർമാലിൻ മാരകമായ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്. വാളയാറിൽ നിന്ന് പിടിച്ചെടുത്ത ആറായിരം കിലോ മത്സ്യം ഉപയോഗ ശൂന്യവുമാണെന്ന് കണ്ടെത്തി. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ലാബിൽ നടത്തിയ വിശദമായ പരിശോധനയിൽ ഒരു കിലോ മത്സ്യത്തിൽ 63 മില്ലിഗ്രാം ഫോർമാലിൻ കണ്ടെത്തിയിരുന്നു. കേടായ മീൻ തിരിച്ചറിയാൻ ചില വഴികളും ഉണ്ട്. ദുർഗന്ധമുള്ളതോ വയറു പൊട്ടിയതോ ആയ മീൻ വാങ്ങരുത്. എന്നാൽ വയറു പൊട്ടിയ മത്തി അത്ര ചീത്തയല്ലെന്നും വിശദീകരിക്കുന്നു. ചെകിളപ്പൂക്കൾക്ക് നല്ല ചുവപ്പ് നിറമുണ്ടെങ്കിൽ മത്സ്യം ശുദ്ധവും പുതിയതുമാണ്. കണ്ണ് വെളുത്തിരിക്കുന്ന മത്സ്യം പഴകിയതാണ്. അമോണിയയുടെ രൂക്ഷ ഗന്ധമുള്ള മീൻ വാങ്ങരുത്. ഐസിലിട്ട് സൂക്ഷിച്ച മത്സ്യം മാത്രം വാങ്ങുക. വിരലമർത്തി നോക്കുക, ആ ഭാഗം പൂർവസ്ഥിതിയിലായില്ലെങ്കിൽ മത്സ്യം പഴകിയതാണെന്ന് ഉറപ്പിക്കാം. അത്തരം മത്സ്യങ്ങളിൽ അമോണിയയും ഫോർമാലിനുമൊക്കെ കാണും. ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്ന രാസവസ്തുക്കളിൽ ഏറ്റവും അപകടകാരിയാണ് ഫോർമാലിൻ. ഫോർമാലിൻ ചേർത്ത് മത്സ്യം പിന്നെ എത്ര കഴുകി വൃത്തിയാക്കിയാലും അതിലെ വിഷാംശം പോകില്ല എന്നതാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. കരളിനും കിഡ്നിക്കും നാഡീവ്യൂഹത്തിനും ഗുരുതരമായ തകരാറുകൾ ഏൽപ്പിക്കാൻ കെൽപ്പള്ള രാസവസ്തുവാണ് ഇത്. കേരളത്തിൽ ഇപ്പോൾ വിൽക്കുന്ന മീനുകളിലെല്ലാം ഇത് സജീവമാണ്. ഫോർമാലിൻ ദിവസവും ചേർത്താൽ മത്സ്യം 60 ദിവസം വരെ ഫ്രഷായി ഇരിക്കും. മുൻകാലങ്ങളിൽ അമോണിയ ചേർത്തായിരുന്നു മത്സ്യവില്പന. അതിലൂടെ മത്സ്യം 10 ദിവസം വരെ ഫ്രഷായി ഇരിക്കും. അതുകഴിഞ്ഞാൽ ഉപയോഗ ശൂന്യമാകും. ഇത് തടയാൻ വൻകിട മത്സ്യ വ്യാപാരികൾ കണ്ടെത്തിയ മാർഗമാണ് മാംസള ഭാഗങ്ങളിൽ ഫോർമാലിൻ ചേർക്കൽ. ശവശരീരം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഫോർമാലിൻ എന്ന രാസ വസ്തു ജീവനുള്ള ശരീരത്തിൽ പ്രതികൂലമായാണ് പ്രവർത്തിക്കുന്നത്. ഇത് സ്ഥിരമായി ഒരാഴ്ച കഴിക്കുന്ന ആളിന് ക്യാൻസർ പിടിപെടും. ഇതിന്റെ ആളവനുസരിച്ച് രോഗം വരാനുള്ള കാലയളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നു മാത്രം. മാംസളമായ മത്സ്യങ്ങളിലാണ് കൂടുതലായി ഫോർമാലിൻ ചേർക്കുന്നത്. ഇത് ഉള്ളിൽ ചെന്നാൽ കാൻസർ കൂടാതെ ബുദ്ധിയെയും നെർവസ് സിസ്റ്റത്തെയും സാരമായി ബാധിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.