പ്രായപരിധിയെ കുറിച്ച് സംഘടനാ ഭരണഘടനയിൽ പറയുന്നില്ല; സിപിഎമ്മിന്റെ പ്രായപരിധി നിർദേശം എസ്എഫ്ഐ തള്ളി
സ്വന്തം ലേഖകൻ
കൊല്ലം: 25 വയസ് പിന്നിട്ടവരെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിൽ നിന്നും ഒഴിവാക്കണമെന്ന് സിപിഎമ്മിന്റെ നിർദേശം തള്ളി എസ്എഫ്ഐ. സംഘടനയുടെ ഭരണഘടനയിൽ പ്രായ പരിധിയെ സംബന്ധിച്ച് ഒന്നും പറയുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിൻ പറഞ്ഞു. 25 വയസിലെത്തിയവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കണം
എന്ന നിർദേശം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മുന്നോട്ടു വെച്ചത്. എസ്എഫ്ഐയുടെ 33-ാമത് സംസ്ഥാന സമ്മേളനം കൊല്ലത്ത് തുടക്കമാകുന്നത് മുന്നോടിയായിട്ടായിരുന്നു കോടിയേരിയുടെ നിർദ്ദേശം
. നിർദ്ദേശം നടപ്പിലായൽ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ്, സെക്രട്ടറി എം.വിജിൻ എന്നിവർ ഉൾപ്പെടെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഭൂരിഭാഗം പേരും ഒഴിവാകേണ്ടി വരും. നിലവിൽ 89 അംഗ സംസ്ഥാന കമ്മിറ്റിയാണ് എസ്എഫ്ഐയ്ക്കുള്ളത്. ഇതിനു പുറമെ 19 അംഗ സെക്രട്ടേറിയറ്റ് രൂപീകരിച്ചെങ്കിലും സജീവമല്ലാത്തവരെ ഒഴിവാക്കിയപ്പോൾ നിലവിൽ 14 പേരുണ്ട്. നിർദ്ദേശം നടപ്പിലായാൽ നിലവിലെ സംസ്ഥാന കമ്മിറ്റിയിലുള്ള ഭൂരിഭാഗം പേർക്കും മാറി നിൽക്കേണ്ടി വരും.