ആറ് വയസുകാരിയെ സഹോദരിയുടെ മുന്നിൽവച്ച് പീഡിപ്പിച്ച കേസിൽ അമ്മൂമ്മയുടെ പരിചയക്കാരനായ 68കാരന് ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയും; സഹോദരിയായ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചതിൽ കോടതി വിധി നവംബർ 5 ന്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൃദ്ധന് ജീവിതാന്ത്യം വരെ തടവും പിഴയും. ആറ് വയസ്സുകാരിയെ സഹോദരിയുടെ മുന്നിൽ വച്ച് പീഡിപ്പിച്ചെന്ന കേസിൽ 68 വയസ്സുകാരനായ വിക്രമനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചത്.
രണ്ട് പെൺകുട്ടികളെയും പ്രതി പീഡിപ്പിച്ചിരുന്നു. ഇതിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് വിധി. ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നവംബർ 5 ന് തിരുവനന്തപുരം പ്രത്യേക പോക്സോ കോടതി വിധി പറയും. അച്ഛനും അമ്മയും ഉപേക്ഷിച്ചതിനെ തുടർന്ന് സഹോദരിമാരായ രണ്ട് പെൺകുട്ടികളും അമ്മൂമ്മയുടെ സംരക്ഷണയിലായിരുന്നു.
ഇവിടെ വെച്ചാണ് അമ്മൂമ്മയുടെ പരിചയക്കാരനായ പ്രതി ആറും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ചത്. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തി. ആറു മാസത്തോളമുള്ള നിരന്തര പീഡനം മൂലം കുട്ടികൾക്ക് ഗുരുതര പരിക്കും ഏറ്റിരുന്നു.അയൽവാസികളിലൂടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. പ്രതി വിക്രമന് മരണംവരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയുമാണ് ശിക്ഷ. പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും 4 തൊണ്ടി മുതലുകളും ഹാജരാക്കി.