Thursday, April 23, 2026

വയനാട്‌ തുരങ്കപാത നിര്‍മാണം: പ്രകൃതിസംരക്ഷണ സമിതി നല്‍കിയ അപ്പീല്‍ ഹര്‍ജിക്കെതിരേ തടസഹര്‍ജി നല്‍കി സര്‍ക്കാര്‍

Spread the love

വയനാട്‌ തുരങ്കപാത നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട്‌ സുപ്രീം കോടതിയില്‍ പ്രകൃതിസംരക്ഷണ സമിതി നല്‍കിയ അപ്പീല്‍ ഹര്‍ജിക്കെതിരേ സര്‍ക്കാര്‍ തടസഹര്‍ജി (കവിയറ്റ്‌) നല്‍കി. സംസ്‌ഥാന പരിസ്‌ഥിതി വകുപ്പാണു ഹര്‍ജി നല്‍കിയത്‌. തങ്ങളുടെ വാദം കേള്‍ക്കാതെ കേസില്‍ ഏതെങ്കിലും വിധി പുറപ്പെടുവിക്കരുതെന്നാണ്‌ സര്‍ക്കാരിന്റെ ആവശ്യം.

video
play-sharp-fill

നിര്‍മാണം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും വേണ്ടത്ര പഠനം നടത്താതെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരിസ്‌ഥിതി അനുമതി റദ്ദാക്കണമെന്നുമാണ്‌ വയനാട്‌ പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്‌. നേരത്തെ ഹൈക്കോടതി ഇതു തള്ളിയിരുന്നു. ഇതിനെതിരേയാണു സുപ്രീം കോടതിയിലെ അപ്പീല്‍. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഫസ്‌റ്റ്‌ ബ്ലാസ്‌റ്റിന്റെ സ്വിച്ച്‌ ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസമാണു നിര്‍വഹിച്ചത്‌. ഈ സാഹചര്യത്തില്‍ പദ്ധതി നിര്‍മാണത്തിനു സ്‌റ്റേ വന്നാല്‍ തിരിച്ചടിയാകുമെന്നു കണ്ടാണ്‌ സര്‍ക്കാര്‍ തിരക്കിട്ടു കവിയറ്റ്‌ നല്‍കിയത്‌.

തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ, സുപ്രീംകോടതിയില്‍നിന്ന്‌ ഏതെങ്കിലും എതിര്‍പരാമര്‍ശം വന്നാല്‍ സര്‍ക്കാരിനു ക്ഷീണമാകും. പശ്‌ചിമഘട്ടത്തിലെ കുന്നുകള്‍ക്കും വനങ്ങള്‍ക്കുമിടയിലൂടെ കടന്നുപോകുന്നതു കൊണ്ടാണ്‌ പരിസ്‌ഥിതി സ്‌നേഹികള്‍ പാതയ്‌ക്കെതിരേ നിലപാടു സ്വീകരിച്ചത്‌. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം 60 ഉപാധികളോടെയാണ്‌ തുരങ്കപാത അംഗീകരിച്ചിട്ടുള്ളത്‌. സംരക്ഷണ പട്ടികയിലുള്ള പക്ഷികളുടെയും മൃഗങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതടക്കം ഇതില്‍ ഉള്‍പ്പെടുന്നു. 2025 ഓഗസ്‌റ്റ്‌ 31 ന്‌ തുരങ്കപാത നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താല്‍ക്കാലിക പാലം, ക്രഷര്‍ യൂണിറ്റ്‌, ഫ്യൂവല്‍ ടാങ്ക്‌, തൊഴിലാളികള്‍ക്കു താമസിക്കാനുള്ള ക്യാമ്പ്‌ഷെഡ്‌ എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ്‌ പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്‌റ്റിങ്‌ ആരംഭിച്ചത്‌. ഇതിന്റെ അപകട സാധ്യത മുന്‍നിര്‍ത്തി വലിയ സുരക്ഷയിലാണു ചടങ്ങുകള്‍ സംഘടിപ്പിച്ചത്‌. വയനാട്‌-കോഴിക്കോട്‌ ജില്ലകളെ ബന്ധിപ്പിക്കുന്നതാണു തുരങ്കപാത. 8.73 കിലോമീറ്റര്‍ നീളം വരുന്ന പാതയുടെ നിര്‍മാണം കിഫ്‌ബി ഫണ്ടുപയോഗിച്ചാണു പൂര്‍ത്തിയാക്കുന്നത്‌.