റഷ്യന്‍ വിപ്ലവത്തിന് ഇന്ന് കാഹളം മുഴങ്ങും: ചങ്കിടുപ്പോടെ ആരാധകര്‍

റഷ്യന്‍ വിപ്ലവത്തിന് ഇന്ന് കാഹളം മുഴങ്ങും: ചങ്കിടുപ്പോടെ ആരാധകര്‍

Spread the love

റഷ്യ: കമ്യൂണിസ്റ്റ് വിപ്ലവം നടന്ന മണ്ണില്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നെയ്മറുടെയും നേതൃത്വത്തില്‍ ഫുട്‌ബോള്‍ വിപ്ലവത്തിന് കാഹളം മുഴങ്ങും. കമ്മ്യൂണിസ്റ്റ് സമര പോരാളികള്‍ക്ക് ഒപ്പം നാട്ടുകാര്‍ അണിനിരന്ന പോലെ ഫുട്‌ബോള്‍ താരരാജാക്കന്മാര്‍ക്കൊപ്പം ഇനി ലോകം മുഴുവന്‍ അണിനിരക്കും. തങ്ങളുടെ ഇഷ്ടതാരങ്ങള്‍ എതിരാളിയെ കീഴ്‌പ്പെടുത്തി കളിക്കളത്തില്‍ വിജയക്കൊടി പാറിക്കുന്നത് കാണാന്‍ ആരാധകര്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന നിമിഷങ്ങളാണ് ഇനിയുള്ള നാളുകള്‍. ഇന്നു മുതല്‍ കാല്‍പ്പന്തുകളിയിലേക്ക് ലോകം മാറുമ്പോള്‍ കേരം തിങ്ങും കേരള നാട്ടില്‍ ഫുട്‌ബോള്‍ ആവേശത്തിന് ഒട്ടും കുറവില്ല.
മണ്ണും വെള്ളവും മനുഷ്യര്‍ ഒരുപോലെ പങ്കിട്ടെടുത്ത മണ്ണില്‍ ഒരു പന്ത് ഇനി ലോകത്തിനുള്ള വിഭവമാകും. 22 പേര്‍ മൈതാനത്തും, പതിനായിരങ്ങള്‍ ഗാലറിയിലും കോടിക്കണക്കിനു പേര്‍ ടിവിയിലൂടെയും അതിനെ പങ്കിട്ടെടുക്കും.

ഇന്ത്യന്‍ സമയം ഇന്നു രാത്രി 8.30ന് മോസ്‌കോയിലെ ചരിത്രപ്രസിദ്ധമായ ലുഷ്‌നികി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ വിപ്ലവത്തിന്റെ ആദ്യ വെടിയൊച്ച മുഴങ്ങും. ആതിഥേയരായ റഷ്യയും ഏഷ്യന്‍ രാജ്യമായ സൗദി അറേബ്യയും ആദ്യ പോരാട്ടത്തിലെ എതിരാളികള്‍. മോസ്‌കോ കടന്നു വിപ്ലവം പിന്നെ വോള്‍ഗയുടെയും ഡോണിന്റെയും കരിങ്കടലിന്റെയും തീരങ്ങളിലുള്ള പതിനൊന്നു റഷ്യന്‍ നഗരങ്ങളിലേക്കു പടരും. അവസാനം വസന്തത്തിന്റെ ഇടിമുഴക്കമായി ജൂലൈ 15നു ലുഷ്‌നികിയില്‍ തന്നെ തിരിച്ചെത്തും. 21–ാം ലോകകപ്പിലെ ജേതാവിനെ ലോകം അന്നറിയും.

ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, പോര്‍ചുഗല്‍ തുടങ്ങി ലോകകപ്പിനുള്ള 32 ടീമുകളും റഷ്യയിലെ വിവിധ നഗരങ്ങളിലായി തമ്പടിച്ചുകഴിഞ്ഞു. ആറാം ലോക കിരീടം ലക്ഷ്യമിട്ടു ബ്രസീല്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ ലോകകപ്പിലെ അജയ്യത നിലനിര്‍ത്താനാണു ജര്‍മനിയുടെ വരവ്. രാജ്യാന്തര ഫുട്‌ബോളിലെ നിര്‍ഭാഗ്യ വിധി മാറ്റിയെഴുതാന്‍ മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന അധ്വാനിക്കുമ്പോള്‍ കഴിഞ്ഞ യൂറോകപ്പിലെ ഭാഗ്യജാതകം തുടരാന്‍ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഉല്‍സാഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബല്‍ജിയം, ക്രൊയേഷ്യ, പോളണ്ട് തുടങ്ങിയ അപ്രവചനീയ ടീമുകള്‍ ഒളിപ്പോരാളികളെപ്പോലെ എതിര്‍പാളയങ്ങളില്‍ നാശം വിതച്ചേക്കാം. നവാഗതരായ ഐസ്!ലന്‍ഡും പാനമയും ലോകകപ്പിന്റെ ജ്വാലയിലേക്ക് എടുത്തുചാടും. വര്‍ഷങ്ങള്‍ക്കുശേഷം ലോകകപ്പിനെത്തുന്ന പെറുവും ഈജിപ്തും ഞങ്ങളിവിടെയുണ്ടായിരുന്നു എന്നു വിളിച്ചുപറയും.