നിലപാട് മാറ്റാതെ ആര്‍.എസ്.എസ്; എന്തു ചെയ്യണമെന്നറിയാതെ ബി.ജെ.പി

നിലപാട് മാറ്റാതെ ആര്‍.എസ്.എസ്; എന്തു ചെയ്യണമെന്നറിയാതെ ബി.ജെ.പി

Spread the love

തിരുവനന്തപുരം: പുതിയ സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിന്റെ നിലപാട് ബി.ജെ.പി.നേതൃത്വത്തിന് തലവേദനയാകുന്നു. ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ അറിവില്ലാതെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരനെ നീക്കിയതാണ് പ്രതിസന്ധിക്ക് കാരണമായത്, ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന് ആര്‍.എസ്.എസ്. കത്തെഴുതിയിരുന്നു. കുമ്മനം രാജശേഖരനെ ആര്‍.എസ്.എസ്. നിര്‍ദേശപ്രകാരമായിരുന്നു ബി.ജെ.പി. അധ്യക്ഷനാക്കിയത്. അദ്ദേഹത്തെ ഒഴിവാക്കിയതിനു വിശദീകരണം നല്‍കണമെന്നാണ് ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ ആവശ്യം. ഇക്കാരണം കൊണ്ട്, ബി.ജെ.പി. അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടിലാണ് ആര്‍.എസ്.എസ്. നേതാക്കള്‍. അനുനയ ചര്‍ച്ചയ്‌ക്കെത്തിയ, കേരളത്തിന്റെ ചുമതല വഹിക്കുന്ന ബി.ജെ.പി. ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, ആര്‍.എസ്.എസ്. പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാര്‍, പ്രാന്ത കാര്യവാഹ് ഗോപാലന്‍കുട്ടി, സഹ പ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണന്‍ എന്നിവരോടും ആര്‍.എസ്.എസ്. നേതാക്കള്‍ ഈ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കി.

ചര്‍ച്ചയില്‍ ഇവരെക്കൂടാതെ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, എന്നിവരെയും ക്ഷണിച്ചിരുന്നുവെങ്കിലും കെ. സുരേന്ദ്രന്‍ മാത്രമാണ് എത്തിയത്. മറ്റുള്ളവര്‍ എത്താതിരുന്നത് ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് സൂചന.ബി.ജെ.പി.യുടെ ഭരണഘടന പ്രകാരം അധ്യക്ഷന്‍ രാജിവെച്ചാല്‍ സംസ്ഥാന സമിതി തന്നെ ഇല്ലാതാകും, നിലവിലെ സാഹചര്യത്തില്‍, കേരളത്തില്‍ ബി.ജെ.പി.ക്ക് സംസ്ഥാന സമിതിയില്ലാത്ത അവസ്ഥയാണ്.

Tags :