ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജി ആക്കണം; കൊളീജിയം വീണ്ടും ശുപാർശ ചെയ്തു
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഉത്തരാഖണ്ഡ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാൻ കൊളീജിയം വീണ്ടും ശുപാർശ ചെയ്തു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരൺ എന്നിവരെയും സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡൽഹിയിലും ജസ്റ്റിസ് അനിരുദ്ധ ബോസിനെ ജാർഖണ്ഡ് ചീഫ് ജസ്റ്റിസാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താനും ശുപാർശയുണ്ട്. കേന്ദ്ര സർക്കാർ തിരിച്ചയച്ച കെഎം ജോസഫിന്റെ പേര് വീണ്ടും ശുപാർശ ചെയ്യാൻ യോഗം തത്വത്തിൽ തീരുമാനിക്കുകയായിരുന്നു. മറ്റ് ജഡ്ജിമാരുടെ പേരിനൊപ്പം ജസ്റ്റിസ് ജോസഫിന്റെ പേരും ശുപാർശ ചെയ്യും. രാജസ്ഥാൻ, കൊൽക്കത്ത, ആന്ധ്ര, തെലുങ്കാന ഹൈക്കോടതികളിൽനിന്നുള്ള ജഡ്ജിമാരെക്കൂടി സുപ്രിം കോടതിയിലേയ്ക്ക് ഉയർത്തുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നേരത്തെ നടന്നിരുന്നു. കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കണമെന്ന ശുപാർശ പുനഃപരിശോധിക്കാനാവശ്യപ്പെട്ടു കേന്ദ്രസർക്കാർ സുപ്രിം കോടതി കൊളീജിയത്തിനു തിരിച്ചയച്ചിരുന്നു. ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കുന്നത് സീനിയോറിറ്റി മറികടക്കലും മേഖല പ്രാതിനിധ്യം സംബന്ധിച്ച കീഴ്വഴക്കങ്ങളുടെ ലംഘനവുമാണെന്ന് ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടിയിരുന്നു.