കോരുത്തോട് വൃദ്ധ ദമ്പതികളുടെ വീട്ടിൽ ജപ്തി നടപടിയുമായി ബാങ്ക് അധികാരികൾ; ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധിച്ചതോടെ ജപ്തി നടപടികൾ താൽക്കാലികമായി ഒഴിവാക്കി
കോരുത്തോട്: വൃദ്ധ ദമ്പതികളുടെ വീട്ടിൽ ജപ്തി നടപടിയുമായി ബാങ്ക് അധികാരികളെത്തിയപ്പോൾ പ്രതിഷേധവുമായി ജനപ്രതിനിധികളും നാട്ടുകാരും രംഗത്ത്. കോരുത്തോട് പഞ്ചായത്തിലെ മടുക്ക പൊട്ടങ്കുളം ഭാഗത്ത് കൊല്ലമല സെബാസ്റ്റ്യൻ അപ്രേൽ (81), ഭാര്യ മറിയാമ്മ (70) എന്നിവർ താമസിക്കുന്ന വീടും പുരയിടവും ജപ്തി ചെയ്യാനാണ് ബാങ്ക് അധികൃതർ എത്തിയത്.
എന്നാൽ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് താത്കാലികമായി ജപ്തി നടപടികൾ ഒഴിവാക്കി ബാങ്ക് അധികൃതർ മടങ്ങി.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് അത്തിക്കയം ശാഖ ഉദ്യോഗസ്ഥരും പോലീസും മടുക്കയിലെ സെബാസ്റ്റ്യൻ അപ്രേലിന്റെ വീട്ടിലെത്തി വീട് ജപ്തി ചെയ്യാൻ പോകുന്നുവെന്ന വിവരമറിയിക്കുന്നത്.
ഇതോടെ സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദിന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും ജപ്തിയിൽനിന്നു പിന്മാറാൻ ഇവർ തയാറായില്ല.എട്ടുവർഷം മുന്പ് സെബാസ്റ്റ്യന്റെ വീടും സ്ഥലവും ഈട് നൽകി ബന്ധുവായ കുടമുരത്തി സ്വദേശി വലയികുളത്ത് ചാക്കോ മത്തായിയും ഭാര്യ ഗ്രേസി ചാക്കോയും ചേർന്നു വായ്പയെടുത്തിരുന്നു. സെബാസ്റ്റ്യനോടും ഭാര്യയോടും ആറര ലക്ഷം രൂപ വയ്പയെടുത്തെന്നാണ് അന്ന് പറഞ്ഞിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വായ്പ കുടിശികയായതോടെ നോട്ടീസ് എത്തിയപ്പോഴാണ് വായ്പത്തുക 15 ലക്ഷം രൂപയാണെന്ന് ഇവരറിഞ്ഞത്. ഇതോടെ പണം തിരിച്ചടയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും സാന്പത്തികമായി തകർന്ന ചാക്കോ മത്തായി തയാറായില്ല. തുകയിപ്പോൾ പലിശയടക്കം 28 ലക്ഷം രൂപയായിരിക്കുകയാണ്. ഇത് ഈടാക്കാനാണ് കോടതി ഉത്തരവുമായി ബാങ്ക് അധികൃതർ എത്തിയത്.പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുമായി ബന്ധപ്പെട്ടു വിവരങ്ങൾ ധരിപ്പിച്ചു.
തുടർന്ന് എംഎൽഎ ബാങ്ക് അധികൃതരുമായി സംസാരിക്കുകയും ഏഴുദിവസം കൂടി പ്രശ്നപരിഹാരത്തിനായി അനുവദിക്കുകയുമായിരുന്നു. ഇതോടെ പണം അടക്കാൻ ഏഴു ദിവസം കൂടി അനുവദിച്ച് ബാങ്ക് അധികൃതർ മടങ്ങി. എന്നാൽ ഏഴു ദിവസം കൊണ്ട് എങ്ങനെ പണം കണ്ടെത്തി അടക്കുമെന്ന ആശങ്കയിലാണ് ഈ വൃദ്ധ ദന്പതികൾ.