
ഐ.ജി മുതൽ സി.ഐ വരെ; മോൻസണ് തണക്കിയവർ സുഖവാസത്തിൽ; തട്ടിപ്പുകാരനെ വഴിവിട്ട് സഹായിച്ചവർ ഇപ്പോഴും പൊലീസ് ആസ്ഥാനത്ത് തന്നെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന് ഒത്താശ ചെയ്ത ഐ ജി മുതൽ സി ഐ വരെയുള്ള പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍.
ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മണ്‍, മുന്‍ ഡി.ഐ.ജി എസ്. സുരേന്ദ്രന്‍, സി.ഐ ശ്രീകുമാര്‍, കൊച്ചിയിലെ അസി.കമ്മിഷണര്‍ ലാൽജി, ആലപ്പുഴയിലെ ചില ഡിവൈ.എസ്.പിമാര്‍ എന്നിങ്ങനെ ഒരു ഡസനോളം പൊലീസുദ്യോഗസ്ഥര്‍ മോന്‍സണുമായി വഴിവിട്ട ബന്ധമുണ്ടാക്കിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ കൂടുതല്‍ ഇടപാടുകള്‍ കണ്ടെത്താനുള്ള ഇന്റലിജന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പൊലീസ് ആസ്ഥാനത്തും മറ്റ് പ്രധാന കേന്ദ്രങ്ങളിലും തുടരുന്ന ആരോപണവിധേയരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയാണ് സാധാരണ നടപടി.
ഹൈദരാബാദില്‍ നിന്ന് കോടിക്കണക്കിന് രൂപ ഡല്‍ഹിയിലെത്തിക്കാനും കേസുകള്‍ ഒതുക്കാനും ഐ.ജി ലക്ഷ്മണിന്റെ സഹായം കിട്ടിയെന്നാണ് മോന്‍സന്റെ അവകാശവാദം.
ഇതിന് തെളിവായി വീഡിയോ, ഓഡിയോ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. മോന്‍സണെതിരായ ആറരക്കോടിയുടെ തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഒഴിവാക്കി, മോന്‍സന്റെ ഇഷ്ടക്കാരനായ സി.ഐ ശ്രീകുമാറിന് കൈമാറാന്‍ ഐ.ജി ലക്ഷ്‌മണ്‍ വഴിവിട്ട് ഇടപെട്ടതിന്റെ രേഖകളും പുറത്തായി.
ട്രാഫിക് ഐ.ജിയായിരിക്കെ അധികാര പരിധിക്ക് പുറത്തുള്ള വിഷയത്തില്‍ ഇടപെട്ടതിന് ഗുഗുലോത്ത് ലക്ഷ്‌മണിന് എ.ഡി.ജി.പി മനോജ് എബ്രഹാം മെമ്മോ നല്‍കുകയും ശാസിക്കുകയും ചെയ്തിരുന്നു.
മോന്‍സന്റെ വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു ലക്ഷ്മണും ഡി.ഐ.ജിയായിരുന്ന സുരേന്ദ്രനും. ഇപ്പോഴും പൊലീസ് ആസ്ഥാനത്ത് തുടരുകയാണ് ഐ.ജി ലക്ഷ്‌മണ്‍. മോന്‍സണെതിരെ പരാതി നല്‍കുന്നവരുടെയും അയാളുടെ ജീവനക്കാരുടെയും ഫോണ്‍ വിളി രേഖകള്‍ (സി.ഡി.ആര്‍) ശേഖരിച്ച് നല്‍കിയതും ഈ പൊലീസുദ്യോഗസ്ഥരാണ്. ഫോണ്‍ രേഖകള്‍ ദുരുപയോഗം ചെയ്യുന്നത് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണ്.
മോന്‍സണെതിരെ പരാതി നല്‍കിയവരെ സി.ഐ ശ്രീകുമാര്‍ വിരട്ടിയതിന്റെയും പരാതികള്‍ ഒതുക്കിയതിന്റെയും വിവരങ്ങളും പുറത്തായിട്ടുണ്ട്. മോന്‍സണെതിരെ പക്ഷപാത രഹിതമായ അന്വേഷണമല്ല നടന്നിരുന്നതെന്ന് ഡിവൈ.എസ്.പിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി ആലപ്പുഴ മുന്‍ എസ്.പി വെളിപ്പെടുത്തിയിട്ടുണ്ട്. മോന്‍സണെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള പരാതികള്‍ ചോര്‍ത്തിയ പൊലീസ് ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ഒത്താശ ചെയ്തു. ഇത്തരത്തില്‍ മൂന്ന് ജാമ്യഹര്‍ജികള്‍ മോന്‍സണ്‍ ഫയല്‍ ചെയ്തിരുന്നു. സാമ്പത്തിക ഇടപാട് സിവില്‍ കേസാക്കി ഒതുക്കാനും പൊലീസ് മോന്‍സണ് ഒത്താശ ചെയ്തതായാണ് വിവരം