മിണ്ടാപ്രാണികളുടെ വെള്ളംകുടി മുട്ടിച്ച് ജല അതോറിറ്റി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൃഗശാലയിലെ മിണ്ടാപ്രാണികളുടെയും വെള്ളംകുടി മുട്ടിച്ചു ജല അതോറിറ്റി. മൂന്നു ദിവസമായി മൃഗശാലയിലെ ജല അതോറിറ്റി പൈപ്പുകളിൽ വെള്ളമില്ല. മൃഗങ്ങൾക്കു കുടിക്കാനും ഇവയെ കുളിപ്പിക്കാനും വെള്ളമില്ല. ശരീരത്തിന്റെ ചൂടു ക്രമീകരിക്കാൻ വെള്ളത്തിൽ കിടക്കേണ്ട മൃഗങ്ങൾ ദുരിതത്തിലാണ്. ജല അതോറിറ്റിയെ വിവരം അറിയിച്ചിട്ടും നടപടിയില്ലെന്നു മൃഗശാലാ അധികൃതർ അറിയിച്ചു. ജനങ്ങൾക്കു കൊടുക്കാൻ വെള്ളമില്ലാതിരിക്കുമ്പോഴാണു മൃഗങ്ങൾക്കെന്നാണു ജല അതോറിറ്റിയിലെ ഉന്നതൻ പറഞ്ഞതെന്നു മൃഗശാലാ അധികൃതർ പറഞ്ഞു. കുടിവെള്ളം ലഭിക്കുന്നില്ലെന്ന നിരന്തര പരാതികളെ തുടർന്നു വല്ലപ്പോഴും ടാങ്കറിൽ എത്തിക്കുന്നുണ്ട്. ഇതു മൃഗങ്ങൾക്കു കുടിക്കാൻ നൽകാൻ പോലും തികയുന്നില്ല. കൃത്യമായി ജല അതോറിറ്റിക്കു പണം അടയ്ക്കുന്ന മൃഗശാലയ്ക്കു വെള്ളം എത്തിക്കാത്തതിന്റെ കാരണം പോലും പറയുന്നില്ലെന്ന് അധികൃതർ പറഞ്ഞു.
വെള്ളയമ്പലം ഒബ്‌സർവേറ്ററിയിൽ നിന്നുള്ള കണക്ഷനിലാണ് മൃഗശാലയിലേക്കു വെള്ളം എത്തിക്കുന്നത്. ഈ പൈപ്പുകളിലാണ് ഇപ്പോൾ വെള്ളമില്ലാത്തത്. മൃഗശാലയിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ടാങ്കുകളിൽ വെള്ളം നിറഞ്ഞു കിടന്നാലേ മൃഗങ്ങളെയും പക്ഷികളെയും കുളിപ്പിക്കാനും ചൂടിൽ നിന്നു മോചനം നൽകാൻ ഇവയെ നനച്ചു കൊടുക്കാനും സാധിക്കൂ. ആന, കടുവ, സിംഹം, ഹിപ്പപ്പൊട്ടാമസ്, കാണ്ടാമൃഗം തുടങ്ങിയവ ചൂടു താങ്ങാൻ ശേഷിയുള്ളവയല്ല. ഇവയെ കുളിപ്പിക്കാൻ ഏറെ വെള്ളം ദിവസേന ആവശ്യമുണ്ട്. കൂടുകളിൽ ഇവയ്ക്കു കിടക്കാനായി നിറച്ചിടാനും വെള്ളം വേണം. ടാങ്കറിൽ വല്ലപ്പോഴും എത്തിക്കുന്ന വെള്ളം അത്യാവശ്യത്തിനു പോലും തികയാത്ത സ്ഥിതിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group