വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ യുവാക്കളെന്ന് റിപ്പോര്‍ട്ട് ; വിദേശ കുടിയേറ്റം തടയാന്‍ പദ്ധതിയുമായി സിറോ മലബാര്‍ സഭ ; നാട്ടില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കാൻ സഭയുടെ തീരുമാനം ; കോട്ടയത്ത് നിന്ന് വിദേശത്തേക്ക് പോയത് 35,382 വിദ്യാര്‍ത്ഥികൾ
സ്വന്തം ലേഖകൻ
കോട്ടയം : യുവാക്കളുടെ വിദേശ കുടിയേറ്റം തടയാന്‍ പദ്ധതിയുമായി സിറോ മലബാര്‍ സഭ. വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സഭയുടെ അടിയന്തര ഇടപെടല്‍.ക്രിസ്ത്യന്‍ വിഭാഗം, പ്രത്യേകിച്ച് കത്തോലിക്ക വിഭാഗത്തില്‍പ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന ജില്ലകള്‍ കൂടിയാണിവ.
വിദേശത്തേക്കുള്ള യുവതലമുറയുടെ കുടിയേറ്റം തടഞ്ഞ് അവരെ നാട്ടില്‍ തന്നെ പിടിച്ചുനിര്‍ത്താനാകുന്ന തരത്തിലുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കാനാണ് സഭയുടെ തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ ഭാഗമായി പാല, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി രൂപതകളുടെ നേതൃത്വത്തില്‍ ത്രിദിന വര്‍ക് ഷോപ്പ് ഞായറാഴ്ച ആരംഭിച്ചു. ചങ്ങനാശ്ശേരിയിലെ സെന്റ് ബെര്‍ച്ച്‌മാന്‍സ് കോളേജില്‍ ആരംഭിച്ച വിംഗ്‌സ് 2.0 എന്ന പരിപാടിയിലൂടെ കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ വിദേശ കുടിയേറ്റം കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്.
വിജയകരമായ സംരംഭം തുടങ്ങുന്നതിനായി യുവാക്കളുടെ കഴിവുകള്‍ മെച്ചപ്പെടുത്തി ആവശ്യമായ വിഭവങ്ങള്‍ ലഭ്യമാക്കുകയെന്നതും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ അവര്‍ക്ക് ആവശ്യമായ സാങ്കേതിക വിദ്യ പരിജ്ഞാനവും നിക്ഷേപ പിന്തുണയും നല്‍കാനും പദ്ധതി ലക്ഷ്യം വെയ്ക്കുന്നു.
അതേസമയം കുടിയേറ്റത്തിന് തങ്ങള്‍ എതിരല്ലെന്ന് കെസിബിസി പ്രതിനിധി ജേക്കബ്ബ് ജി. പാലക്കാപ്പിള്ളി പറഞ്ഞു. നിലവില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ സമ്ബദ് വ്യവസ്ഥയില്‍ പുതിയ സംരംഭങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
” എന്നാല്‍ ചിലകാര്യങ്ങള്‍ റിസ്‌കെടുക്കുന്നതില്‍ നിന്ന് യുവാക്കളെ പിന്നോട്ടടിക്കുന്നു. നടപടി ക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കി പുതിയ സംരംഭങ്ങള്‍ക്ക് അവരെ സജ്ജമാക്കുന്നതിലൂടെ യുവാക്കളുടെ സംരംഭ കഴിവുകള്‍ നമ്മുടെ രാജ്യത്തിന് വേണ്ടി പ്രയോജനപ്പെടുത്താന്‍ സാധിക്കും,” അദ്ദേഹം പറഞ്ഞു.
കേരള മൈഗ്രേഷന്‍ സര്‍വ്വേ പ്രകാരം 2018ല്‍ വിദേശത്തേക്ക് പോയ വിദ്യാര്‍ത്ഥികളുടെ എണ്ണം 1,29,763 ആയിരുന്നു. എന്നാല്‍ 2023ല്‍ വിദേശത്ത് കുടിയേറിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 250000 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വേ പ്രകാരം എറണാകുളത്ത് നിന്നാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് കുടിയേറിയത്.
ഏകദേശം 43,990 പേരാണ് എറണാകുളത്ത് നിന്ന് വിദേശത്തേക്ക് പോയത്. തൃശ്ശൂരില്‍ നിന്ന് 35,873 പേരും കോട്ടയത്ത് നിന്ന് 35,382 വിദ്യാര്‍ത്ഥികളുമാണ് വിദേശത്തേക്ക് പോയതെന്ന് 2023ലെ കേരള കുടിയേറ്റ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.