യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ തലപ്പാടി വീടിനുള്ളിൽ മരിച്ച നിലയിൽ: മുപ്പത്കാരനായ നേതാവിന്റെ മരണത്തിൽ ഞെട്ടി നാട്
സ്വന്തം ലേഖകൻ
കോട്ടയം: യൂത്ത് കോൺഗ്രസ് നേതാവും മണർകാട് സ്വദേശിയുമായ മുപ്പതുകാരൻ ഹൃദയാഘാതത്തെ തുടർന്ന് വീടിനുള്ളിൽ മരിച്ചു കിടന്നു. മണർകാട് തലപ്പാടി കൊച്ചുപുരയ്ക്കൽ ജോബിനാ(ജോബിൻ തലപ്പാടി – 30) ണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ വീടിനുള്ളിലാണ് ജോബിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് ബന്ധുക്കൾ മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി അഗസ്റ്റിൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ്, മുൻപ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോബിൻ ജേക്കബ് എന്നിവർ അടക്കം മുതിർന്ന കോൺഗ്രസ് നേതാക്കൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണർകാട് പ്രദേശത്തെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാവായ ജോബിൻ പ്രദേശത്ത് യുവാക്കളെ സംഘടിപ്പിച്ച് പാർ്ട്ടി കെട്ടിപ്പെടുക്കുന്നതിൽ നിർണ്ണായക നീക്കങ്ങൾ നടത്തിയിരുന്നു. ഐ ഗ്രൂപ്പിന്റെ നേതാവും, കെ.മുരളീധരന്റെ അടുത്ത അനുയായിയുമായിരുന്നു ജോബിൻ. പാർ്ട്ടിയിൽ പടിപടിയായി വളർന്നു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ജോബിന്റെ മരണമുണ്ടായിരിക്കുന്നത്.
മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മരണ വിവരമറിഞ്ഞ് നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. ജോബിൻ തലപ്പാടിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നാട്.