
പാലക്കാട്: പാലക്കാട് പുതുശ്ശേരിയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ പ്രതികരിച്ച് കുട്ടികൾക്ക് സ്നേഹ കരോൾ നടത്താൻ ഒരുങ്ങി യൂത്ത് കോണ്‍ഗ്രസ്. ഇന്ന് വൈകീട്ട് 6 മണിക്കാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സ്നേഹ കരോള്‍ ഒരുക്കുന്നത്. വിദ്വേഷ പ്രചരണത്തിന് എതിരെ മതേതര വിശ്വാസികള്‍ അണിനിരക്കണം എന്ന ആഹ്വാനത്തോടെയാണ് കരോള്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസം പുതുശ്ശേരിയില്‍ കരോള്‍ നടത്തിയ കുട്ടികളെ ആർഎസ്‌എസ് പ്രവർത്തകർ മർദിച്ചിരുന്നു. പിന്നാലെ ബിജെപി നേതാക്കള്‍ കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങള്‍ നടത്തുകയും ചെയ്തു. സംഘർഷമുണ്ടാക്കാൻ കരോള്‍ സംഘം മദ്യപിച്ചാണ് എത്തിയതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാർ ഇന്നലെ പറഞ്ഞു. മാന്യമായല്ലാതെ കരോള്‍ നടത്തിയാല്‍ അടി കിട്ടുമെന്ന് ഷോണ്‍ ജോർജ് പ്രതികരിച്ചു. എന്നാല്‍ കരോള്‍നെതിരായ ആക്രമണം അപലപനീയമെന്ന് പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട് പുതുശ്ശേരി സുരഭി നഗറില്‍ കുട്ടികള്‍ മാത്രം അടങ്ങുന്ന കരോള്‍ സംഘത്തെ ആർഎസ്‌എസ് പ്രവർത്തകൻ അശ്വിൻ രാജ് ആക്രമിച്ചത്. കുട്ടികള്‍ ഉപയോഗിച്ചിരുന്ന ബാന്‍റ് വാദ്യങ്ങള്‍ ചവിട്ടി പൊട്ടിക്കുകയും ചെയ്തിരുന്നു. പരാതിയെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ കുട്ടികളുടെ കരോള്‍ സംഘത്തെ ഇപ്പോളും അധിക്ഷേപിക്കുകയാണ് ബിജെപി. കരോള്‍ സംഘം മദ്യപിച്ച് മനപ്പൂർവം പ്രകോപനം ഉണ്ടാക്കിയെന്നായിരുന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കൃഷ്ണകുമാറിന്‍റെ പ്രതികരണം. ബിജെപി പ്രവർത്തകന്‍റെ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ കഴിഞ്ഞ ദിവസം പ്രതിഷേധ കരോള്‍ സംഘടിപ്പിച്ചിരുന്നു.



