യൂത്ത് കോണ്‍ഗ്രസില്‍ ത്രികോണപ്പോര്; ഹൈക്കമാൻഡ് കരുത്തിൽ കരുത്ത് കാട്ടാൻ ബിനു ചുള്ളിയിൽ; ഷാഫി പറമ്പിലിന്റെ പിന്തുണയുമായി എ ഗ്രൂപ്പിൽ മേധാവിത്വം നേടി രാഹുൽ മാക്കൂട്ടത്തിൽ; ഐ ഗ്രൂപ്പിനെ ഒരുമിപ്പിച്ച് ജയിച്ചു കയറാൻ അബിനും..!
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു കോൺഗ്രസിലെ മൂന്നു വിഭാഗങ്ങളുടെയും സ്ഥാനാർത്ഥികൾ തയ്യാർ. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാഹുൽ മാങ്കൂട്ടത്തിൽ (എ), അബിൻ വർക്കി കോടിയാട്ട് (ഐ), ബിനു ചുള്ളിയിൽ (കെ.സി.വേണുഗോപാൽ വിഭാഗം) എന്നിവരെ അതതു വിഭാഗങ്ങൾ തീരുമാനിച്ചു.
മൂന്നു പേരും നാമനിർദ്ദേശപത്രിക സമർപ്പിക്കും. 28 മുതൽ ഒരുമാസം അംഗത്വ വിതരണം നടക്കും. അംഗത്വം എടുക്കുന്നതിനൊപ്പമാണു വോട്ട് ചെയ്യാൻ അവസരം. അംഗത്വം എടുക്കുന്ന എല്ലാവർക്കും വോട്ടുണ്ട്. പരമാവധി അംഗങ്ങളെ ചേർക്കാനും വോട്ട് നേടാനുമുള്ള പൊരിഞ്ഞ പോരായിരിക്കും അരങ്ങേറുക. ഇത് കോൺഗ്രസിനുള്ളിലെ അന്തരീക്ഷത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. കേരളത്തിൽ മൂന്ന് ഗ്രൂപ്പുകളാണ് കോൺഗ്രസിൽ സജീവമായുള്ളതെന്ന സൂചനകളാണ് ഇത് നൽകുന്നത്. എ ഐയും യോജിപ്പിന് ശ്രമിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ അത് നടന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കമാൻഡ് ഗ്രൂപ്പായാണ് കെസി വേണുഗോപാൽ പക്ഷം എത്തുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പിന്തുണയുമുണ്ട്. കെ സുധാകരൻ ഈ മത്സരത്തിൽ നിലപാട് എടുത്തിട്ടില്ല. എ വിഭാഗത്തിലാണ് സ്ഥാനാർത്ഥിക്കാര്യത്തിൽ മാരത്തൺ ചർച്ച വേണ്ടിവന്നത്. രാഹുൽ മാങ്കൂട്ടത്തിൽ, ജെ.എസ്.അഖിൽ,കെ.എം.അഭിജിത് എന്നിവരിൽ ആരെ പരിഗണിക്കും
എന്നതിലായിരുന്നു ആശയക്കുഴപ്പം. ഇപ്പോഴത്തെ പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ ഉറച്ച പിന്തുണ രാഹുലിനു അനുകൂലഘടകമായി.
കെസിയുടെ വിഭാഗം ഐ ഗ്രൂപ്പിലുണ്ടായിരുന്നവരുടെ കൂട്ടായ്മയാണ്. ഇതിനൊപ്പം എ ഗ്രൂപ്പ് വിട്ടു വന്നവരുമുണ്ട്.
കെസിയുടെ സ്ഥാനാർത്ഥിയായ ബിനു ചുള്ളിയിലിന് കിട്ടുന്ന വോട്ടാകും വിജയിയെ നിശ്ചയിക്കുക. ഐ ഗ്രൂപ്പിൽ വിള്ളലുണ്ടാകുന്ന തരത്തിലേക്ക് ഇത് മാറിയാൽ ഫലം പ്രചവനാതീതമാകും. രാഹുൽ മാങ്കൂട്ടത്തിൽ എ ഗ്രൂപ്പ് പ്രതിനിധിയാണെങ്കിലും എല്ലാ വിഭാഗങ്ങളിലും പിന്തുണയുണ്ട്. വിഡി സതീശനുമായും നല്ല ബന്ധമാണുള്ളത്. ചാനൽ ചർച്ചകളിൽ കോൺഗ്രസ് നിലപാട് വിശദീകരിച്ച്
കൈയടി നേടുന്ന വ്യക്തിയാണ് രാഹുൽ. അബിനും നേതൃ നിരയിൽ സജീവമാണ്. ചർച്ചകളിലും സമര മുഖത്തും നിറയുന്ന അബിൻ ജയം നേടുമെന്നാണ് ഐ ഗ്രൂപ്പ് പ്രതീക്ഷ. എന്നാൽ ഹൈക്കമാണ്ട് നേതാവ് എന്ന നിലയിൽ കെസി വേണുഗോപാൽ നടത്തുന്ന നീക്കം നിർണ്ണായകമാകും.
ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായി നേരത്തെ തന്നെ അബിൻ വർക്കിയെ തീരുമാനിച്ചിരുന്നു. അബ്ദുൾ റഷീദ് അടക്കമുള്ള പേരുകൾ പരിഗണിച്ചിരുന്നെങ്കിലും അബിൻ വർക്കിയിലേക്ക് ഐ ഗ്രൂപ്പ് എത്തുകയായിരുന്നു. യൂത്ത് കോൺഗ്രസിന്റെ നിലവിലെ സംഘടനാ സംവിധാനം അനുസരിച്ച്, കഴിഞ്ഞ കാലങ്ങളിൽ നാമനിർദ്ദേശത്തിന്റെ പുറത്ത് എം. ലിജു പ്രസിഡന്റ് ആയത് ഒഴിച്ചുനിർത്തിയാൽ ഡീൻ കുര്യാക്കോസ്, ഷാഫി പറമ്പിൽ അടക്കമുള്ളവർ തിരഞ്ഞെടുപ്പിൽ മത്സരിച്ച് അധ്യക്ഷസ്ഥാനത്ത് എത്തിയവരാണ്.
സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ ഷാഫി പറമ്പലിന്റെ ശക്തമായ പിന്തുണ രാഹുൽ മാജൂട്ടത്തിലിന് ഉണ്ടായിരുന്നു. മറ്റു നേതാക്കളും ഒടുവിൽ രാഹുലിലേക്ക് എത്തുകയായിരുന്നു. ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. അതിനിടെ സ്വന്തം സ്ഥാനാർത്ഥിയെ സംബന്ധിച്ച എ ഗ്രൂപ്പിന്റെ ഔദ്യോഗിക തീരുമാനത്തിനെതിരെ ഗ്രൂപ്പിലെ യുവനിര രംഗത്തെത്തി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അവർകൂടി തീരുമാനിച്ചാൽ തെരഞ്ഞെടുപ്പ് ഇത്തവണ പ്രവചനാതീതമാകും.
കുറച്ചുകാലമായി സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ നേതൃത്വം എ പക്ഷത്തിനാണ്. സംഘടനയിലും അവർക്ക് ആധിപത്യമുണ്ട്. കഴിഞ്ഞതവണ കെ.എസ്. ശബരീനാഥനെ ഐ പക്ഷം രംഗത്തിറക്കിയിട്ടും ഷാഫി പറമ്പിലിലൂടെ നേതൃത്വം എ പക്ഷത്തിനാണ് ലഭിച്ചത്. കഴിഞ്ഞദിവസം ആലുവയിൽ ചേർന്ന എ വിഭാഗത്തിലെ മുതിർന്ന നേതാക്കളുടെ യോഗം രാഹുൽ മാങ്കൂട്ടത്തിലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ തീരുമാനിച്ചു.
ഗ്രൂപ് നേതൃത്വത്തിന് തെറ്റുപറ്റുന്നെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രഖ്യാപിച്ച നേതാവിന് ഉമ്മൻ ചാണ്ടിയുടെ പിന്തുണ ഇല്ലെന്നും കുറ്റപ്പെടുത്തി നിലവിലെ വൈസ്പ്രസിഡന്റും എ ഗ്രൂപ്പിലെ യുവനേതാവുമായ എൻ.എസ്. നമ്പർ രംഗത്തെത്തി. യഥാർഥ ഉമ്മൻ ചാണ്ടി വിഭാഗം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അർഹരായ 23 പേരുടെ പട്ടികയാണ് ദേശീയനേതൃത്വം പുറത്തിറക്കിയത്. മത്സരിക്കുന്നവരിൽനിന്ന് ഒരാൾ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയും അവശേഷിക്കുന്നവരിൽനിന്ന് ഒമ്പതുപേർ വൈസ് പ്രസിഡന്റുമാരാകുകയും ചെയ്യും.