
ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്തി വിശ്രമിക്കുന്നതിനിടെ മറ്റൊരു ജീവൻ രക്ഷിച്ചു ; കാല്‍വഴുതി വീണ് ഒഴുക്കില്‍പെട്ട യുവതിയെ രക്ഷപ്പെടുത്തി
സ്വന്തം ലേഖകൻ
പത്തനംതിട്ട: ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്തി വിശ്രമിക്കുന്നതിനിടെ മറ്റൊരു ജീവൻ രക്ഷിക്കാനുള്ള നിയോഗം രഞ്ജിത്തിനെ തേടിയെത്തി. പമ്പയുടെ ആഴങ്ങളില്‍നിന്ന് മാലക്കര വടക്കുംമൂട്ടില്‍ രഞ്ജിത് ആർ മോഹൻ (40) കൈ പിടിച്ചുയർത്തിയത് ഒരു യുവതിയുടെ ജീവനാണ്.
ആറന്മുള കോയിപ്രം നെല്ലിക്കല്‍ വെളുത്തേടത്തുകടവില്‍ ഇന്നലെ രാവിലെയാണ് കാല്‍വഴുതി വീണ യുവതി ഒഴുക്കില്‍പെട്ടത്. 50 മീറ്ററോളം ഒഴുകിയ ശേഷം നദിയോരത്തെ വള്ളിയില്‍ പിടിത്തം കിട്ടി. നദിയുടെ മറുകരയിലുള്ള വീടിനു പുറത്തു നില്‍ക്കുമ്ബോഴാണ് യുവതിയുടെ നിലവിളി രഞ്ജിത് കേള്‍ക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയോട് വള്ളിയില്‍നിന്ന് പിടിവിടല്ലെന്നു പറഞ്ഞ ശേഷം രഞ്ജിത് 2 സുഹൃത്തുക്കളുമൊത്ത് ബൈക്കില്‍ 3 കിലോമീറ്റർ ചുറ്റി അക്കരെ കടവിലെത്തി. അടുത്ത് വീടുകളൊന്നും ഇല്ലാതിരുന്നതിനാല്‍ യുവതിയുടെ നിലവിളി ആർക്കും കേള്‍ക്കാനും കഴിഞ്ഞില്ല. യുവതിയുടെ ബക്കറ്റും ചെരിപ്പും കണ്ടതോടെ അടുത്താണെന്നുറപ്പിച്ച് കരയിലൂടെ നടന്നു.
യുവതിയെ കണ്ടെത്തിയ രഞ്ജിത് ‘ഞങ്ങളുടെ ജീവൻ കൊടുത്തും നിന്നെ രക്ഷിക്കും’ എന്നു പറഞ്ഞ് പുഴയിലിറങ്ങി നിലയില്ലാത്ത വെള്ളത്തില്‍ നിന്ന് വലിച്ച് കരയ്ക്കടുപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളായ ഉണ്ണിയും വിജയനും ചേർന്നു യുവതിയെ കരയ്ക്കുകയറ്റി. ഉടൻ ആശുപത്രിയിലെത്തിച്ചു.
3 മാസം മുൻപാണ് രഞ്ജിത്തിന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് മൂന്ന് മാസം മുൻപ് ചികിത്സയുടെ ഭാഗമായി ആൻജിയോപ്ലാസ്റ്റി ചെയ്ത് വിശ്രമിക്കുന്നതിനിടെയാണ് മറ്റൊരു ജീവൻ രക്ഷിക്കാനുള്ള നിയോഗം രഞ്ജിത്തിനെ തേടിയെത്തിയത്. വിശ്രമത്തിലായതിനാല്‍ നല്ല ഒഴുക്കുള്ള സമയത്ത് 100 മീറ്ററോളം ദൂരം പുഴയ്ക്കു കുറുകെ നീന്താൻ സാധിക്കില്ലെന്നു തോന്നി. അതിനാലാണ് ബൈക്കില്‍ പോയതെന്ന് രഞ്ജിത് പറഞ്ഞു.