video
play-sharp-fill

അദ്ദേഹം ഗന്ധർവനല്ല: വെറും മനുഷ്യൻ

അദ്ദേഹം ഗന്ധർവനല്ല: വെറും മനുഷ്യൻ

Spread the love

സിനിമാ ഡെസ്‌ക്

കൊച്ചി: സെൽഫി വിവാദത്തിൽ ഗാനഗന്ധർവൻ യേശുദാസിനൊപ്പം നിന്ന് എഴുത്തുകാരിയായ ജെസ്മി. എന്നാൽ യേശുദാസ് തെറ്റും കുറ്റവും ഉള്ള ഒരു സാധാരണ മനുഷ്യനാണെന്നും ആരാധകർ ചേർന്ന് അദ്ദേഹത്തെ ദൈവാവതാരമാക്കേണ്ടതില്ലെന്നും എഴുത്തുകാരിയായ ജെസ്മി പറയുന്നു.
ജസ്മിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
സെൽഫി, സെൽഫിഷ് , ഗാനഗന്ധർവ്വൻ , പിന്നെ ഞാനും…..
അനുകൂലവും പ്രതികൂലവും ആയ ഒരുപാട് പ്രതികരണങ്ങൾ ഗാനഗന്ധർവ്വൻറെ സെൽഫി സംഭവത്തിൽ വായിച്ചു. കുറേ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നു. അദ്ദേഹം ഗാനമണ്ഡപത്തിൽ അതുല്യൻ ആകാം… നരച്ച താടിയും മുടിയും നീട്ടിവളർത്തിയ ലുക്ക് ഉണ്ടെങ്കിലും അദ്ദേഹം മുനിവര്യനൊന്നുമല്ല…ശ്വേതവർണ്ണവസ്ത്രം ധരിക്കുന്നതിനാൽ തെറ്റിദ്ധരിയ്ക്കുമെങ്കിലും അദ്ദേഹം ലോക പണ്ഡിതനുമല്ല. സ്വന്തം മരുമകൾ ജീൻസ് ധരിക്കുന്ന കാലത്തും ജീൻസിനും ലെഗ്ഗിൻസിനുമെതിരെ പ്രക്ഷുബ്ധനാകുമ്പോൾ എല്ലാ വാക്കും എല്ലാവരും മുഖവിലക്കെടുക്കണമെന്നില്ല. സ്വന്തം നിലനിൽപ്പിനുവേണ്ടി പലരേയും വഞ്ചിച്ച വാർത്തകൾ അറിയുമ്പോൾ അദ്ദേഹം ഒരു സർവ്വത്യാഗപരിത്യാഗിയോ യോഗിയോ അല്ല പിന്നെയോ ഒരു സാധാരണ മനുഷ്യൻ ആണെന്ന് സമ്മതിക്കേണ്ടിവരും. എൻറെ ഒരു സ്‌നേഹിതക്ക് ദുഃഖം ഉളവാക്കിയ അദ്ദേഹത്തിൻറെ പരാമർശം ഇപ്രകാരം ആണ് ”മുൻപ് ഈ അമ്പലം ഒരു കക്കൂസിൻറെ അത്ര ചെറുതായിരുന്നു ‘ എന്ന പ്രസ്താവന ആ ഭക്തക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു എന്ന് പറയാറുണ്ട്.
സെൽഫിയിലേക്ക് മടങ്ങിവരാം. സെൽഫി സർവ്വസാധാരണം ആകാത്ത കാലത്ത് ക്യാമറ കൊണ്ട് നടക്കുന്ന ഒരു പതിവ് എനിയ്ക്കുണ്ടായിരുന്നു. ഒബ്രോൺ മാളിൽ ഒരു ഓഡിയോ കാസെറ്റ് റിലീസുമായി ബന്ധപ്പെട്ട് യേശുദാസ് വന്നിരുന്നു. ക്യാമറയുമായി അദ്ദേഹത്തിൻറെ അടുത്തുചെന്നു. എന്നെ കണ്ടമാത്രയിൽ വളരെ സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആരോ ക്യാമറ വാങ്ങി ഫോട്ടോ എടുത്ത് തിരിച്ചു തന്നു. പിന്നീടാണ് ഭാര്യ പ്രഭയെ കണ്ടത്. അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കണമെന്ന എൻറെ ആഗ്രഹം തിരിച്ചറിഞ്ഞ് യേശുദാസ് എൻറെ കയ്യിൽ നിന്ന് ക്യാമറ വാങ്ങി ഭാര്യയും ഞാനുമായുള്ള ഫോട്ടോ എടുത്തു. തിരിച്ച് കോഴിക്കോടുള്ള എൻറെ താമസസ്ഥലത്തെത്തി. പിറ്റേന്ന് എറണാംകുളത്തു നിന്നു ഫ്രെണ്ട്‌സിൻറെ തുരുതുരാ ഫോൺ വിളി എനിക്ക് വന്നു .’എറണാംകുളത്ത് വന്നിട്ടും എന്ത്യേ കാണാൻ വരാഞ്ഞേ ‘ എന്ന പരിഭവങ്ങൾ …’എങ്ങനെ അറിഞ്ഞു’ എന്ന എൻറെ ചോദ്യത്തിന് ”ഇന്നത്തെ നാട്ടുവാർത്ത പേജിൽ ഫോട്ടോ ഉണ്ട് ”എന്ന് ഉത്തരം… യേശുദാസ് ഭാര്യയും ഞാനും നിൽക്കുന്ന ഫോട്ടോ എടുക്കുന്നത് ഒരു വിരുതൻ ഫോട്ടോഗ്രാഫർ സ്വന്തം ക്യാമറയിൽ പകർത്തി പത്രത്തിൽ ഇട്ടിരിയ്ക്കുന്നു .അനുവാദത്തോടെ ഫോട്ടോ എടുക്കുന്നത് അദ്ദേഹത്തിന് വിരോധമില്ലെന്ന് സാരം . ചില ഗുണ്ടകൾ കൂടെ നിന്ന് ഫോട്ടോ എടുത്തതു പിന്നീട് പ്രശസ്തർക്ക് വിനയായിട്ടുള്ളതിൻറെ ഭയമാകാം . അദ്ദേഹവും തെറ്റും കുറ്റവും ഉള്ള ഒരു സാധാരണ മനുഷ്യനാണ് . ആരാധകർ ചേർന്ന് ദൈവാവതാരം ആക്കാതിരിക്കുന്നതല്ലേ നല്ലത്.