യദുലാലിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകുമെന്ന് സർക്കാർ ; റോഡ് നന്നാവാൻ എത്ര ജീവൻ ബലി കൊടുക്കണം ? എത്ര പേർക്ക് പണം കൊടുക്കണം ? സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

യദുലാലിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകുമെന്ന് സർക്കാർ ; റോഡ് നന്നാവാൻ എത്ര ജീവൻ ബലി കൊടുക്കണം ? എത്ര പേർക്ക് പണം കൊടുക്കണം ? സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

 

സ്വന്തം ലേഖകൻ

കൊച്ചി: പാലാരിവട്ടത്ത് കുഴിയിൽ വീണ് മരിച്ച യദുലാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സർക്കാരിന് വേണ്ടി ഹാജരായ എജിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

എന്നാൽ, എത്രപേർക്ക് സർക്കാർ പത്തുലക്ഷം രൂപ നൽകുമെന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. സംഭവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഴിയടയ്ക്കുമെന്ന് സർക്കാർ ആവർത്തിച്ച് പറയുന്നതല്ലാതെ യാതൊന്നും നടക്കുന്നില്ലെന്നും ചെറുപ്രായത്തിൽ ഒരാളുടെ ജീവൻ നഷ്ടമായതിൽ നാണക്കേടുകൊണ്ട് തലകുനിക്കുവെന്നും കോടതി പറഞ്ഞു. കൊച്ചിയിലെ റോഡുകൾ അടിയന്തരമായി നന്നാക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം സ്വദേശി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ച് സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയത്.

റോഡപകടത്തിൽ മരിച്ച യുവാവിനോട് കോടതി മാപ്പുപറയുന്നു. കാറിൽ സഞ്ചരിക്കുന്നവർക്ക് റോഡിലെ മോശം അവസ്ഥയുടെ ബുദ്ധിമുട്ട് അറിയില്ല. ഇനിയും എത്രജീവൻ കൊടുത്താലാണ് ഈ നാട് നന്നാവുകയെന്നും കോടതി ചോദിച്ചു.

കോടതിക്ക് ഉത്തരവ് ഇടാനെ കഴിയൂ. അത് നടപ്പാക്കേണ്ട ഉത്തരവാദിത്തം ഭരണാധികാരികൾക്കാണെന്നും കോടതി ചൂണ്ടിക്കാട്ടി.വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയെയും കോടതി വിമർശിച്ചു. ഒരാൾ ഒരു കുഴിയെടുത്താൽ അത് മൂടാൻ പ്രോട്ടോകോൾ ഉൾപ്പെടയുള്ള നടപടിക്രമങ്ങൾക്കായി കാത്തിരിക്കണം. അതുവരെ ഈ ജീവനുകൾക്ക് ആര് ഉത്തരം പറയുമെന്നും കോടതി ചോദിച്ചു.

മജിസ്ട്രീരിയിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് എജി കോടതിയെ അറിയച്ചപ്പോൾ അതുകൊണ്ട് ഒരു കാര്യവുമില്ലെന്നും ഉദ്യോഗസ്ഥരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നുമായിരുന്നു കോടതിയുടെ പ്രതികരണം.

ഇന്നലെ രാവിലെയാണ് പാലാരിവട്ടം മെട്രോസ്റ്റേഷന് സമീപത്തുള്ള കുഴിയിൽ വീണ് ഇരുചക്രവാഹനയാത്രക്കാരനായ കൂനമ്മാവ് സ്വദേശി യദുലാൽ മരിച്ചത്. കുഴിയുടെ അരികിൽ വെച്ച ബോർഡിൽ തട്ടി റോഡിൽ യുവാവ് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ വന്ന ലോറിയിടിച്ചായിരുന്നു മരണം. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.