എഴുത്തുകാരി അഷിത അന്തരിച്ചു, ചെറുകഥകളുടെ കഥാകാരിക്ക് വിട
സ്വന്തംലേഖകൻ
കോട്ടയം : പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 63 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അഷിത.
തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ 1956 ഏപ്രിൽ അഞ്ചിന് ജനിച്ച അഷിത തൃശ്ശൂർ കിഴക്കുമ്പാട്ടുകരയിലെ അന്നപൂർണയിലാണ് താമസിച്ചിരുന്നത്. കേരള സർവകലാശാലയിലെ ജേണലിസം വിഭാഗത്തിൽ അധ്യാപകനായിരുന്ന ഡോ. കെ.വി. രാമൻകുട്ടിയാണ് ഭർത്താവ്. മകൾ: ഉമ. മരുമകൻ: ശ്രീജിത്ത്. ഡൽഹിയിലും മുംബൈയിലുമായി സ്കൂൾപഠനം പൂർത്തിയാക്കിയ അഷിത, എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം നേടി. സ്ത്രീജീവിതത്തിന്റെ വിഹ്വലതകളും വ്യാകുലതകളും വരച്ചുകാട്ടുന്ന കഥകളിലൂടെയാണ് അഷിത വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയായത്. കവിതകളും ബാലസാഹിത്യകൃതികളും ആത്മീയഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. വീട്ടിലെ കഠിന എതിർപ്പുകൾ മറികടന്നാണ് എഴുത്തിന്റെ ലോകത്ത് എത്തിയത്. ആറ് വർഷം മുമ്പ് ബാധിച്ച കാൻസറിനെ അതിജീവിച്ച അവർ അടുത്തകാലത്ത് വീണ്ടും രോഗബാധിതയാവുകയായിരുന്നു.മലയാളത്തിലെ ആധുനികാനന്തര തലമുറയിലെ സ്ത്രീ കഥാകൃത്തുക്കളിൽ പ്രമുഖയായിരുന്നു അഷിത. കവയിത്രികൂടിയായിരുന്ന അഷിത, അക്സാണ്ടർ പുഷ്കിന്റെ കവിതകൾ അടക്കമുള്ള റഷ്യൻ കവിതകൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കുട്ടികൾക്കായി രാമായണം, ഐതിഹ്യമാല എന്നിവയും പുനരാഖ്യാനം ചെയ്തു. അഷിതയുടെ കഥകൾ, അപൂർണവിരാമങ്ങൾ, വിസ്മയ ചിഹ്നങ്ങൾ, മഴമേഘങ്ങൾ, ഒരു സ്ത്രീയും പറയാത്തത്, കല്ലുവെച്ച നുണകൾ, തഥാഗത, മീര പാടുന്നു, അലക്സാണ്ടർ പുഷ്കിന്റെ കവിതകളുടെ മലയാള തർജ്ജമ തുടങ്ങിയവയാണ് പ്രധാന കൃതികൾ. 2015ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്കാരം അഷിതയുടെ കഥകൾ എന്ന കൃതിക്ക് ലഭിച്ചു. ഇടശ്ശേരി പുരസ്കാരം, പത്മരാജൻ പുരസ്കാരം, ലളിതാംബിക അന്തർജനം സ്മാരക പുരസ്കാരം, അങ്കണം അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.