video
play-sharp-fill
ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു, ഇനി അധികമൊന്നും ചെയ്യാനില്ല ; ഞാൻ വീട്ടിൽ പോയിരുന്നു കരഞ്ഞില്ല, പകരം ഗോവയ്ക്ക് ഒരു യാത്ര പോയി : ലോക അർബുദ ദിനത്തിൽ വൈറലായി നന്ദു മഹാദേവയുടെ കുറിപ്പ്

ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു, ഇനി അധികമൊന്നും ചെയ്യാനില്ല ; ഞാൻ വീട്ടിൽ പോയിരുന്നു കരഞ്ഞില്ല, പകരം ഗോവയ്ക്ക് ഒരു യാത്ര പോയി : ലോക അർബുദ ദിനത്തിൽ വൈറലായി നന്ദു മഹാദേവയുടെ കുറിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഇന്ന് ലോക അർബുദ ദിനം. ക്യാൻസർ കീഴ്‌പ്പെടുത്താൻ നോക്കുമ്പോഴും തളർന്നുപോകാതെ വിധിയോട് പൊരുതുന്നവരിൽ ഒരാളാണ് നന്ദു മഹാദേവ. തന്റെ രോഗവും ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പങ്കുവച്ച് നന്ദു എത്താറുണ്ട്.

ഇപ്പോഴിതാ തന്റെ പുതിയ അവസ്ഥ പങ്കുവച്ച് എത്തിയിരിക്കുകയാണ് നന്ദു. ക്യാൻസർ തന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നുവെന്ന വാർത്തയാണ് നന്ദു കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നന്ദുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

ക്യാൻസർ എന്റെ കരളിനെ കൂടി കവർന്നെടുത്തു തുടങ്ങിയിരിക്കുന്നു..! ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു ഇനി അധികമൊന്നും ചെയ്യാനില്ലെന്നു ഡോക്ടർ പറഞ്ഞു.. ഞാൻ വീട്ടിൽ പോയിരുന്നു കരഞ്ഞില്ല..!! പകരം കൂട്ടുകാരെയും കൂട്ടി നേരേ ഗോവയിലേക്ക് ഒരു യാത്ര പോയി അടിച്ചങ്ങു പൊളിച്ചു..!!

അസഹനീയമായ വേദനയെ നിലയ്ക്കു നിർത്താൻ ഓരോ രണ്ടു മണിക്കൂറും ഇടവിട്ട് മോർഫിൻ എടുത്തുകൊണ്ടിരുന്നുവെങ്കിലും ആ ഉദ്യമത്തിൽ ഞാൻ സമ്പൂർണ്ണ പരാജിതനായി..! പക്ഷേ എന്റെ മാനസികമായ കരുത്തിനു മുന്നിലും വേദനകളെ കടിച്ചമർത്തി ആഹ്‌ളാദിക്കുവാനും ഉല്ലസിക്കുവാനും ഉള്ള കഴിവിന് മുന്നിലും മോർഫിൻ കൊണ്ട് പിടിച്ചു കെട്ടാൻ പറ്റാത്ത വേദനപോലും നാണിച്ചു പണ്ടാരമടങ്ങിപ്പോയി..!

ഡ്രൈവിംഗ് അത്രമേൽ ഇഷ്ടമുള്ള എനിക്ക് എന്റെ കൂട്ടുകാരെയും പിന്നിലിരുത്തി കുറച്ചധികം ദൂരം വണ്ടിയോടിക്കണം എന്ന് അടങ്ങാത്ത ആഗ്രഹം ഉണ്ടായിരുന്നു.. അതവർ സാധിച്ചു തന്നു.. സ്‌നോ പാർക്കിൽ പോയി മഞ്ഞിൽ കളിച്ചു.. മനോഹരമായ ഗോവൻ ബീച്ചുകളുടെ ഭംഗി കണ്ടാസ്വദിച്ചു.. ഒടുവിൽ പബ്ബിലും പോയി നൃത്തം ചെയ്ത ശേഷമാണ് ഞങ്ങൾ ഗോവയോട് വിട പറഞ്ഞത്..! ക്രച്ചസും കുത്തി പബ്ബിലേക്ക് ചെല്ലുമ്‌ബോൾ അന്യഗ്രഹ ജീവികളെ പോലെ ഞങ്ങളെ നോക്കിയവർ ഒടുവിൽ ഞങ്ങൾക്കൊപ്പം നൃത്തം വയ്ക്കാനും ഞങ്ങളെ പരിചയപ്പെടാനും തിരക്ക് കൂട്ടിയപ്പോൾ അഭിമാനം തോന്നി..! പാതി ഉറക്കത്തിലായിരുന്ന ആ പബ്ബിനെ ഞങ്ങൾ ആഹ്ലാദത്തിന്റെ കൊടുമുടിയിൽ എത്തിച്ചു..!

ഗോവ ഞങ്ങളെ മറക്കില്ല.. ഞങ്ങൾ ഗോവയെയും..

രണ്ടു ദിവസം ഞങ്ങൾ പോയിടത്തെല്ലാം പോസിറ്റിവിറ്റി വാരി വിതറി ഉത്സവം പോലെയാക്കി..

ഞാനും വിഷ്ണുവും ജസ്റ്റിനും ഒക്കെ ക്യാൻസർ പോരാളികളാണ് എന്ന് ഞങ്ങളല്ലാതെ മറ്റാര് പറഞ്ഞാലും ഗോവയിൽ ഞങ്ങളെ പുതിയതായി പരിചയപ്പെട്ടവരോ ഞങ്ങളുടെ ഒപ്പം നൃത്തം ചെയ്തവരോ ആരും വിശ്വസിക്കില്ല.. അത്ര മാത്രം ഊർജ്ജമായിരുന്നു ഞങ്ങൾക്ക്..!

എവിടെയെങ്കിലും പോകാമെന്ന് ഞാൻ പറയുമ്പോൾ എന്നെയും കൊണ്ട് പറക്കാൻ നിൽക്കുന്ന എന്റെ ചങ്കുകളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.. എന്റെ സ്വന്തം അനിയൻ അനന്തുവും ആത്മസുഹൃത്തായ ശ്രീരാഗും ഞങ്ങൾക്ക് വല്ലാത്തൊരു മുതൽക്കൂട്ടാണ്..!

എന്റെ ചികിത്സ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു പ്രിയരേ.. സർജറി പോലും ചെയ്യാൻ കഴിയാത്ത തരത്തിൽ അതെന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നു.. ഇപ്പോൾ ദേ കരളിലേക്ക് കൂടി അത് പടർന്നിരിക്കുന്നു.. ഇതുവരെ അനുഭവിച്ച വേദനകളെക്കാൾ പത്തിരട്ടി അധികം വേദന കടിച്ചമർത്തിക്കൊണ്ടാണ് ഈ നിമിഷം ഞാനിതെഴുതുന്നത്.. ആകെ മുന്നിലുള്ള ഒരേ ഒരു വഴി വേദന കുറയ്ക്കാനുള്ള മരുന്നുകൾ എടുത്തു മുന്നോട്ട് പോകുക എന്നത് മാത്രമാണ്..

പക്ഷെ ഞാൻ തിരിച്ചു വരും.. എനിക്ക് മുന്നിലേക്ക് നടക്കാൻ എന്തെങ്കിലും ഒരു വഴി സർവ്വേശ്വരൻ തുറന്നു തരും.. കഴിഞ്ഞ രണ്ടു പ്രാവശ്യവും മരണത്തിന് മുന്നിൽ നിന്നും മലക്കം മറിഞ്ഞു ജീവിതത്തിലേക്ക് ചുവടുവച്ചതുപോലെ ഇത്തവണയും ന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഞാൻ ഓടി വരും..!

നാളെ ലോക ക്യാൻസർ ദിനമാണ്.. കൃത്യ സമയത്ത് അർബുദം കണ്ടെത്താൻ കഴിയാത്തത് കൊണ്ടും ആദ്യമെടുത്ത ചികിത്സയിലെ ചിലരുടെ ആശ്രദ്ധകൾ കൊണ്ടും മാത്രമാണ് ഞാൻ ഇത്രയധികം സഹനങ്ങളിൽ കൂടി കടന്നു പോകേണ്ടി വന്നത്.. എം.വി.ആർ പോലൊരു ഹോസ്പിറ്റലിൽ ഇത്രയധികം സ്‌നേഹനിധികളായ ഡോക്ടർമാരുടെ അടുത്തേക്ക് ആദ്യമേ എത്താൻ സാധിച്ചിരുന്നുവെങ്കിൽ ഞാനിപ്പോൾ എല്ലാവരെയും പോലെ സാധാരണ ജീവിതം നയിച്ചു തുടങ്ങേണ്ട വ്യക്തിയാണ്.. ഈ ക്യാൻസർ ദിനത്തിൽ എനിക്ക് ഈ ലോകത്തിന് നൽകാനുള്ള സന്ദേശവും ഇതാണ്.. എത്ര അസുഖകരമായ അവസ്ഥയിൽ കൂടി പോയാലും ശുഭാപ്തി വിശ്വാസത്തോടുകൂടി ശരിയായ ചികിത്സയ്ക്ക് വിധേയരായി മുന്നോട്ട് പോയാൽ നമുക്ക് ഒരു പരിധി വരെ അർബുദത്തെ പിടിച്ചു കെട്ടാൻ സാധിക്കും.. ചെറിയ ചെറിയ വേദനകൾ വന്നാൽ പോലും ശ്രദ്ധിക്കുക , സമയം വൈകിപ്പിക്കാതിരിക്കുക..

എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിച്ചിട്ടുള്ളത് എന്റെ പ്രിയപ്പെട്ട നിങ്ങൾ ഓരോരുത്തരുടെയും ആത്മാർത്ഥമായ പ്രാർത്ഥനകൾ കാരണമാണ്.. അതിനിയും വേണം.. ഒപ്പം സ്‌നേഹവും..

ഒരു കരള് പറിച്ചു കൊടുത്താൽ പകരം ഒരു നൂറു കരളുകൾ എന്നെ സ്‌നേഹിക്കാൻ എന്റെ ഹൃദയങ്ങൾ നിങ്ങളൊക്കെ കൂടെയുള്ളപ്പോൾ ഞാനെന്തിന് തളരണം..!

നന്ദു മഹാദേവ വെറുമൊരു നക്ഷത്രമായിരുന്നില്ല , സൂര്യനെപ്പോലെ ഒരു നക്ഷത്രമായിരുന്നു എന്ന് പറഞ്ഞു കേൾക്കുവാനാണ് എനിക്കിഷ്ടം.. അതുകൊണ്ട് തന്നെ അവസാന നിമിഷം വരെയും പുകയില്ല.. കത്തി ജ്വലിക്കും..!

ഞങ്ങളുടെ ഈ യാത്ര പ്രതീക്ഷയറ്റ നൂറു കണക്കിന് സഹോദരങ്ങൾക്ക് ഒരു പ്രത്യാശയാകട്ടെ..!

സ്‌നേഹപൂർവ്വം നന്ദു മഹാദേവ