തമിഴ്‌നാട് സെക്രട്ടറിയേറ്റ് പരിസരത്ത് മരം കടപുഴകി വീണു; മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ സെല്ലിനു സമീപം നടന്ന അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം; രണ്ട് പേരുടെ നില ​ഗുരുതരം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെന്നൈ: തമിഴ്‌നാട് സെക്രട്ടറിയേറ്റ് പരിസരത്ത് മരം കടപുഴകി വീണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം. മുത്തിയാൽപ്പെട്ട് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ കവിതയാണ്(47) മരിച്ചത്. മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ സെല്ലിനു സമീപം ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം ഉണ്ടായത്.

മരം വീണ് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ മുരുകൻ, രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ അഗ്നിരക്ഷാ സേനാംഗം സെന്തിൽകുമാർ(51) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലാം ഗേറ്റിൽ വാഹനങ്ങളുടെ നിയന്ത്രിക്കുന്ന ചുമതലയായിരുന്നു കവിതയും മുരുകനും ജോലി ചെയ്തുവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു ദിവസത്തെ ശക്തമായ മഴയെത്തുടർന്നാണ് മരത്തിന്റെ വേരറ്റെന്ന് പൊലീസ് പറയുന്നു. മരത്തിനടിയിൽപ്പെട്ട കവിത സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. നിർത്തിയിട്ട വാഹനങ്ങൾക്ക് കേടുപാടുണ്ടായി. പരിക്കേറ്റ മുരുകൻ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ചീഫ് സെക്രട്ടറി വി ഇറൈ അൻപ്, ഡിജിപി സി ശൈലേന്ദ്രബാബു തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ ഫോർട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.

കവിതയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപിച്ചു. 2005ലാണ് കവിത പൊലീസ് സേനയിൽ ചേർന്നത്. മൂന്നു മക്കളുണ്ട്.