പെണ്‍കുട്ടികളുടെ വിവാഹപ്രായം 18-ല്‍ നിന്ന് 21 ആക്കും; ബില്ലിന് കേന്ദ്ര അംഗീകാരം
സ്വന്തം ലേഖിക
ന്യൂഡൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18-ല്‍ നിന്ന് 21 ആക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.
ഈ ബില്ല് നടപ്പ് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ത്തന്നെ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇത് ഉയര്‍ത്തുന്നതിനെതിരെ വിവിധ മതസംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ പുരുഷന്‍റെ വിവാഹപ്രായവും 21 ആണ്. വിവാഹപ്രായം ആണ്‍, പെണ്‍ ഭേദമന്യേ തുല്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2020-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാര്‍ ബില്ല് പാസ്സാക്കാന്‍ ശ്രമിക്കുന്നത്.
മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തില്‍ പുതിയ ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ നിലവിലെ ശൈശവ വിവാഹ നിരോധനനിയമ(2006)ത്തിലും സ്പെഷ്യല്‍ മാര്യേജ് ആക്ടിലും ഹിന്ദു മാര്യേജ് ആക്‌ട് (1955) പോലുള്ള വ്യക്തിനിയമങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് സൂചന.
കേന്ദ്രസര്‍ക്കാര്‍ മാതൃ ആരോഗ്യസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച പ്രത്യേകസമിതി നീതി ആയോഗിന് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചാണ് പുതിയ ബില്ല് രൂപീകരിക്കുന്നത്. ഡിസംബര്‍ 2020-ന് ജയ ജയ്റ്റ്‍ലി അധ്യക്ഷയായ പ്രത്യേകസമിതി മാതൃപ്രായം സംബന്ധിച്ചും, മാതൃമരണനിരക്ക് സംബന്ധിച്ചും, അമ്മമാരില്‍ പോഷകാഹാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടും നല്‍കിയ റിപ്പോര്‍ട്ടാണ് ബില്ലിന് അടിസ്ഥാനമാക്കുക.
സ്ത്രീശാക്തീകരണത്തിന് വേണ്ടിയാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയതെന്ന് സമിതി അധ്യക്ഷ ജയ ജയ്‍റ്റ്‍ലി വിശദീകരിക്കുന്നു. ജനസംഖ്യാ നിയന്ത്രണം ഉദ്ദേശിച്ചുള്ളതല്ല നിയന്ത്രണങ്ങള്‍.
സ്ത്രീശാക്തീകരണത്തെക്കുറിച്ച് സ്കൂളുകളിലും കോളേജുകളിലും കൃത്യമായ രീതിയില്‍ ബോധവത്കരണം നടത്തണമെന്നും, ലൈംഗികവിദ്യാഭ്യാസം സ്കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
പോളിടെക്നിക്കുകളിലും മറ്റ് നൈപുണ്യശേഷീവികസന ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും വനിതകള്‍ക്കുള്ള പ്രവേശനം കൂട്ടണമെന്നും, ജോലി കണ്ടെത്തിയ ശേഷം വിവാഹം കഴിക്കുക എന്ന ഉദ്ദേശം നടപ്പാക്കാനായി വിവാഹപ്രായം കൂട്ടണമെന്നുമാണ് സമിതിയുടെ നിര്‍ദേശം.