സ്വന്തം ലേഖിക
ഗാന്ധിനഗര്‍: വിവാഹദിവസം പ്രതിശ്രുത വധുവിന് അപ്രതീക്ഷിത അന്ത്യം.
ഏലപ്പാറ ശരത് ഭവനില്‍ ശരത് കുമാര്‍ വിവാഹം കഴിക്കാനിരുന്ന സ്‌നേഹ കൃഷ്ണനാ (21) ണു മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം അഞ്ചിനു മരണപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ഇവര്‍ കുറച്ചുനാളുകളായി ഒന്നിച്ചു താമസിച്ചു വരികയായിരുന്നു. രജിസ്റ്റര്‍ വിവാഹം നടത്തുന്നതിനുള്ള അപേക്ഷ ഇവര്‍ നല്കുകയും അപേക്ഷയുടെ കാലാവധി അവസാനിച്ച ഇന്നലെ വിവാഹം കഴിക്കാനുമുള്ള തയാറെടുപ്പിലുമായിരുന്നു.
ഇതിനിടെ സ്‌നേഹയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. അവിടെ നിന്നും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രോഗം ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുകയുമായിരുന്നു.
ഇന്നലെ പുലര്‍ച്ചെ നാലോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ പരിശോധനകള്‍ക്കു വിധേയമാക്കി. പരിശോധനയില്‍ തലച്ചോറിനുള്ളില്‍ ഗുരുതരമായ രോഗം ബാധിച്ചതായി കണ്ടെത്തി.
തുടര്‍ന്നു ചികിത്സ നല്കുന്നതിനിടയില്‍ വൈകുന്നേരം അഞ്ചിനു മരണപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.