പഴകിയ ഭക്ഷണം വിൽക്കാം കുറ്റമല്ല: നഗരസഭ പിടിക്കുന്നതും പ്രശ്‌നമല്ല; പക്ഷേ, വാർത്ത റിപ്പോർട്ട് ചെയ്തത് ക്രിമിനൽക്കുറ്റം; പഴകിയ ഭക്ഷണം പിടിച്ച വാർത്ത റിപ്പോർട്ട് ചെയ്തതിന് തേർഡ് ഐ ന്യൂസ് ലൈവിന് വിൻസർ കാസിലിന്റെ ഗൂണ്ടാ ഭീഷണിയും വക്കീൽ നോട്ടീസും; നിയമനടപടികൾക്ക് തയ്യാറെടുത്ത് തേർഡ് ഐ ന്യൂസ് ലൈവും
സ്വന്തം ലേഖകൻ
കോട്ടയം: പഴകിയ ഭക്ഷണം വിറ്റ കേസിൽ നഗരസഭ നടപടിയെടുത്തതിന്റെ കലിപ്പ് വിൻസർ കാസിൽ ഹോട്ടൽ തീർക്കുന്നത് തേർഡ് ഐ ന്യൂസ് ലൈവിനോട്. പഴകിയ ഭക്ഷണം വിറ്റ വാർത്ത റിപ്പോർട്ട് ചെയ്ത തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പിൻവലിക്കണമെന്നും അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ടാണ് ഇപ്പോൾ വിൻസർ കാസിൽ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗുണ്ടാ സംഘങ്ങളെ വിട്ട് തേർഡ് ഐ ന്യൂസ് ലൈവ് ഓഫിസിൽ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇപ്പോൾ വക്കീൽ നോട്ടീസ് അയച്ചും വിൻസർ കാസിൽ മാനേജ്‌മെന്റ് തേർഡ് ഐ ന്യൂസ് ലൈവ് എന്ന ഓൺലൈൻ മാധ്യമത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.
ഒക്ടോബർ പതിനേഴ് മുതൽ ഒക്ടോബർ 22 വരെയുള്ള ദിവസങ്ങളായി തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ നാലു വാർത്തകൾക്കെതിരെയാണ് വിൻസർ കാസിൽ ഹോട്ടൽ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. മറ്റു മാധ്യമങ്ങളെല്ലാം വിൻസർകാസിലിന്റെ പേര് ഒഴിവാക്കിയും, പരമാവധി വാർത്ത ഒതുക്കിയും നൽകി സഹായിച്ചപ്പോൾ വിൻസർ കാസിലിന്റെ കള്ളക്കളി പുറത്തു കൊണ്ടുവന്നത് തേർഡ് ഐ ന്യൂസ് ലൈവായിരുന്നു. ഇതാണ് ഇപ്പോഴത്തെ ഭീഷണിയ്ക്കും വക്കീൽ നോട്ടീസ് അയക്കുന്നതിനും കാരണമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 17 ന് തേർഡ് ഐ ന്യൂസ് ലൈവ് നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിന്റെ വാർത്ത നൽകിയിരുന്നു. ഈ വാർത്തയും, തുടർന്നുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനയുടെ വിശദാംശങ്ങളും സഹിതം തേർഡ് ഐ ന്യൂസ് ലൈവ് തുടർച്ചയായി വാർത്ത നൽകിയിരുന്നു. നഗരത്തിലെത്തുന്ന സാധാരണക്കാർക്ക് മികച്ച ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തിയാണ് നഗരസഭ നടത്തിയ പരിശോധനയ്ക്കും, തുടർ നടപടികൾക്കും തേർഡ് ഐ ന്യൂസ് ലൈവ് മികച്ച പിൻതുണ നൽകിയത്. എന്നാൽ, ഇത് തെറ്റായി വ്യാഖ്യാപിച്ച് വിൻസർകാസിൽ ഹോട്ടൽ അധികൃതർ ഭീഷണികൾ ആരംഭിക്കുകയായിരുന്നു.
വാർത്ത വന്നതിന് തൊട്ടടുത്ത ദിവസം , തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓഫിസിന് സമീപത്തു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഗുണ്ടാ സംഘങ്ങൾ എത്തുകയും, ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം പല കേന്ദ്രങ്ങളിൽ നിന്നും വാർത്ത പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമ്മർദവും ഉണ്ടായിരുന്നു. എന്നാൽ, ഇതിനു വഴങ്ങാതെ തേർഡ് ഐ ന്യൂസ് ലൈവ് തുടർച്ചയായി വാർത്ത നൽകുകയായിരുന്നു. ഇതേ തുടർന്നാണ് ശനിയാഴ്ച വിൻസർ കാസിൽ ഹോട്ടൽ അധികൃതർ തേർഡ് ഐ ന്യൂസ് ലൈവിന് വക്കീൽ നോട്ടീസ് അയച്ചത്.
ഇവർ അയച്ച വക്കീൽ നോട്ടീസിൽ തന്നെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തതായി സമ്മതിച്ചിട്ടുണ്ട്. നഗരസഭ അധികൃതർ അനധികൃതമായി തങ്ങളുടെ ഹോട്ടലിൽ അനുവാദമില്ലാതെ പരിശോധന നടത്തി, ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം പിടിച്ചെടുത്തതായാണ് തേർഡ് ഐ ന്യൂസിന് അയച്ച വക്കീൽ നോട്ടീസിൽ പോലും വിൻസർ കാസിൽ ഹോട്ടൽ അധികൃതർ പറയുന്നത്. ഇത് തന്നെയാണ് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചതിന്റെ ഏറ്റവും വലിയ തെളിവ്.
ഭക്ഷണം പഴകിയതാണോ എന്ന് കണ്ടെത്താൻ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് നഗരസഭയിലുള്ളത്. ഇവരാണ് ആരോഗ്യ വിഭാഗത്തിനു വേണ്ടി പരിശോധന നടത്തിയതും. എന്നാൽ, തങ്ങൾ പഴകിയ ഭക്ഷണം വിൽക്കുമെന്നും, പണത്തിന്റെ ഹുങ്കിൽ എന്തും ചെയ്യുമെന്നും ഭീഷണി മുഴക്കുകയാണ് വിൻസർ കാസിൽ ഹോട്ടൽ അധികൃതർ. ഈ സാഹചര്യത്തിൽ വിൻസർ കാസിൽ ഹോട്ടലിന്റെ വക്കീൽ നോട്ടീസിന് നിയമപരമായി തന്നെ നടപടികൾ ആരംഭിക്കാൻ തേർഡ് ഐ ന്യൂസ് ലൈവ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ അടങ്ങിയ തേർഡ് ഐ ന്യൂസ് ലൈവിന്റെ ലീഗൽ സെല്ലിന് വക്കീൽ നോട്ടീസ് കൈമാറി. അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട നടപടികൾ തേർഡ് ഐ ന്യൂസ് ലൈവ് ആരംഭിക്കും.
വക്കീൽ നോട്ടീസിന് ഇടയാക്കിയ വാർത്തകൾ വായിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക
https://thirdeyenewslive.com/kottarama-and-windsor-castel/
https://thirdeyenewslive.com/kottayam-winsor-castlekku/
https://thirdeyenewslive.com/waste-kerala-food-kottayamkum/
https://thirdeyenewslive.com/three-star-hospital/