play-sharp-fill
കാട്ടാനയെ തുരത്താനെത്തിയ വനം വകുപ്പിന്റെ വാഹനം ആന തകർത്തു

കാട്ടാനയെ തുരത്താനെത്തിയ വനം വകുപ്പിന്റെ വാഹനം ആന തകർത്തു

സ്വന്തംലേഖിക

അഗളി: അട്ടപ്പാടിയിൽ വനംവകുപ്പിന്റെ വാഹനം കാട്ടാന കുത്തി നാശമാക്കി. ഷോളയൂർ പെട്ടിക്കല്ലിൽ കാട്ടാനയെ തുരത്താനെത്തിയ വനംവകുപ്പ് ജീവനക്കാരുടെ ജീപ്പിനാണ് കാട്ടാന കേടുപാടുകൾ വരുത്തിയത്.ഞായറാഴ്ച പകൽ 11 മണിയോടെ പെട്ടിക്കൽ ജനവാസമേഖലയിൽ ഒറ്റയാനിറങ്ങിയെന്ന് പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ ഇവിടെയെത്തുകയായിരുന്നു. കാട്ടാനയെ ജനവാസമേഖലയിൽനിന്ന് വനത്തിലേക്ക് തുരത്തുന്നതിനിടയിൽ വാഹനത്തിനുനേരെ തിരിഞ്ഞ ഒറ്റയാൻ കൊമ്പുകൊണ്ട് ജീപ്പിൽ കുത്തുകയായിരുന്നു. ജീപ്പിന്റെ ബോണറ്റിലും വശങ്ങളിലും സീറ്റിന്റെ പിറകിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ സമയം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ പ്രവീൺ ഇറങ്ങിയോടി. ഗിരീഷ്, സുരേഷ്, സുനിൽ, കണ്ണൻ, മുരളി, രാജേഷ്, മുരുകേശൻ, മല്ലൻ തുടങ്ങിയവരാണ് ഒറ്റയാനെ തുരത്താൻ പെട്ടിക്കല്ലിൽ എത്തിയത്.ആറിടങ്ങളിലായി 11 കാട്ടാന; തുരത്താൻ 14 പേർ ശനി, ഞായർ ദിവസങ്ങളിൽ അഗളി റെയ്ഞ്ചിലെ ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മാത്രം ആറിടങ്ങളിലാണ് കാട്ടാനകളെത്തിയത്. പെട്ടിക്കൽ ഭാഗത്ത് ഒരു ഒറ്റയാൻ, കീരിപ്പതി ഭാഗത്ത് രണ്ടെണ്ണം, വെച്ചപതി ഭാഗത്ത് അഞ്ച് ആനകളടങ്ങുന്ന കൂട്ടം, കള്ളക്കര ഭാഗത്ത് മൂന്ന് ആനകൾ എന്നിങ്ങനെ 11 കാട്ടാനകളാണ് വനംവകുപ്പിനെ ദുരിതത്തിലാക്കിയത്. രണ്ട് ദ്രുതകർമസേനകളടക്കം 14 വനംവകുപ്പ് ജീവനക്കാരാണ് ഷോളയൂർ സ്റ്റേഷനിൽ ആനയെ തുരത്താനുള്ളത്. പ്രദേശത്ത് ഒരുമാസത്തോളമായി തുടരുന്ന കാട്ടാനശല്യത്തിൽ ഏറെ കഷ്ടപ്പെടുകയാണ് ജീവനക്കാർ. പകൽ വനത്തിലേക്കുകടക്കുന്ന ആന രാത്രിയായാൽ ജനവാസമേഖലയിലെത്തി കൃഷിയിടങ്ങളിൽ നാശനഷ്ടമുണ്ടാക്കുന്നു. ഇത് പതിവായതിനെത്തുടർന്ന് സ്റ്റേഷനിലുള്ളവർ ദിവസവും രാത്രി ആനയെ തുരത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.കോട്ടത്തറഭാഗത്ത് എട്ടാനയുടെ കൂട്ടവും വരടിമല ഭാഗത്ത് 13 ആനകളുടെ കൂട്ടവും കത്താലക്കണ്ടി, പുളിയപ്പതി ഭാഗത്ത് ഒറ്റയാനും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പധികൃതർ അറിയിച്ചു.