ബംഗളൂരുവിലെ മലയാളി നഴ്‌സിന്റെ മരണം: യുവ വൈദികനെതിരെ ആരോപണവുമായി പിതാവ്; വൈദികനും കേസിൽ കുടുങ്ങിയേക്കും
സ്വന്തം ലേഖകൻ
തൃശൂർ: ബംഗളൂരുവിൽ നഴ്‌സിംഗ് വിദ്യാർത്ഥിയായ പെൺകുട്ടിയുടെ മരണത്തിൽ യുവ വൈദികനെതിരെ ആരോപണവുമായി മരിച്ച യുവതിയുടെ പിതാവ്. മരണം നടന്ന് നാലു മാസത്തിനു ശേഷം യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇപ്പോൾ വൈദികനെതിരെ ആരോപണവുമായി യുവതിയുടെ പിതാവ് രംഗത്ത് എത്തിയിരിക്കുന്നത്.
എം.എസ്സി നഴ്സിങ് വിദ്യാർഥിനിയായിരുന്ന എറണാകുളം സ്വദേശിനി ആൻലിയയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവിനെ രക്ഷപ്പെടുത്താൻ യുവവൈദികൻ കൂട്ടുനിന്നെന്നും കള്ളമൊഴി നൽകിയെന്നുമാണ് യുവതിയുടെ പിതാവ് ഏറ്റവും ഒടുവിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരിക്കുന്നത്.
കേസിൽ ചാവക്കാട് കോടതിയിൽ കീഴടങ്ങിയ ആൻലിയയുടെ ഭർത്താവ് തൃശൂർ മുല്ലശേരി അന്നകര സ്വദേശി വടക്കൂട്ട് വി.എം. ജസ്റ്റി(29)നെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വൈദികനെതിരേ ആരോപണവുമായി ആൻലിയയുടെ പിതാവ് ഫോർട്ട് കൊച്ചി നസ്രേത്ത് പാറയ്ക്കൽ ഹൈജിനസ് (അജി പാറയ്ക്കൽ) എത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് 28-നു രാത്രി പെരിയാർ പുഴയിലാണ് ആൻലിയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിൽ നടക്കുന്ന പരീക്ഷയ്ക്കായി ജസ്റ്റിനാണ് ഓഗസ്റ്റ് 25-ന് ഉച്ചയ്ക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആൻലിയയെ കൊണ്ടുവിട്ടത്.
അന്നുതന്നെ ഭാര്യയെ കാണാനില്ലെന്ന പരാതി ജസ്റ്റിൻ പോലീസിനു നൽകി. മൃതദേഹം കണ്ടെടുത്തപ്പോൾ ആത്മഹത്യയാണെന്നു ഭർതൃവീട്ടുകാർ പറഞ്ഞു. കൊലപാതകമാണെന്ന് ആൻലിയയുടെ മാതാപിതാക്കൾ ആരോപിച്ചു.
എന്നാൽ, വൈദികന്റെ മൊഴിയെ കൂട്ടുപിടിച്ച് തൃശൂർ ലോക്കൽ പോലീസ് അറസ്റ്റിനു തുനിഞ്ഞില്ലെന്നും മുഖ്യമന്ത്രിക്കു പരാതി നൽകിയതോടെ ശനിയാഴ്ച കേസ് ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നെന്നും പിതാവ് പറയുന്നു. ഇപ്പോൾ വിയ്യൂർ ജയിലിൽ റിമാൻഡിലാണു ജസ്റ്റിൻ.
ക്രൈംബ്രാഞ്ച് ഇന്ന് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയേക്കും. ജസ്റ്റിൻ കീഴടങ്ങിയതിനു പിന്നാലെയും അനുനയശ്രമങ്ങളുമായി വൈദികനെത്തിയെന്നും പിതാവ് കൊച്ചിയിൽ പത്രസമ്മേളനത്തിൽ അജി പാറയ്ക്കൽ പറഞ്ഞു.
ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞ് ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് 2016 ഡിസംബർ 26ന് ആയിരുന്നു ആൻലിയയുടെ വിവാഹം. ദുബായിൽ ആറു വർഷമായി സീനിയർ അക്കൗണ്ടന്റാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ജസ്റ്റിൻ ആൻലിയയെ വിവാഹം കഴിച്ചത്. വിവാഹ സമയം 70 പവൻ സ്വർണാഭരണങ്ങളും പോക്കറ്റ് മണിയും നൽകിയിരുന്നു. വിവാഹ ചടങ്ങുകളും കെങ്കേമമായാണ് നടത്തിയത്.
നഴ്സിംഗ് ട്യൂട്ടറായി ജോലി ചെയ്യണമെന്ന ആഗ്രഹമുള്ളതിനാൽ വിവാഹ ശേഷം നഴ്സിംഗ് ഉപരി പഠനത്തിന് അനുവദിക്കണമെന്ന ആവശ്യം ജസ്റ്റിൻ അംഗീകരിച്ചിരുന്നുവെങ്കിലും വിവാഹശേഷം അതിനു തയാറാവാതെ ദുബായിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെ ജോലിക്കു പോകാൻ നിർബന്ധിക്കുകയുമായിരുന്നു.
താൽക്കാലികം മാത്രമായിരുന്ന ജസ്റ്റിന്റെ ജോലി നഷ്ടപ്പെട്ടപ്പോൾ മൂന്നു മാസത്തിനു ശേഷം ഇരുവരും നാട്ടിലേക്കു മടങ്ങി. ഇതിനിടെ ആൻലിയ ഗർഭിണിയാവുകയും ചെയ്തുരുന്നു.ജനുവരി രണ്ടിന് ആൻലിയ ഒരു ആൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. നാട്ടിലെത്തിയ വേളയിൽ താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് മകൾ സൂചിപ്പിച്ചിരുന്നുവെങ്കിലും ജീവിതമാകുമ്പോൾ അതൊക്കെയുണ്ടാകുമെന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയായിരുന്നു മാതാപിതാക്കൾ.
പിന്നീട് എം.എസ്.സി നഴ്സിംഗ് പഠനത്തിന് ബംഗളൂരുവിൽ പ്രവേശനം തരപ്പെടുത്തി. ഓണ അവധിക്ക് കഴിഞ്ഞ ഓഗസ്റ്റ് 24ന് ആൻലിയ കുട്ടിയെ കാണുന്നതിന് തൃശൂരിലെ വീട്ടിലെത്തിയത്. ഇത് ജസ്റ്റിനും കുടുംബാംഗങ്ങൾക്കും ഇഷ്ടമായില്ല. പഴയതു പോലുള്ള പീഡനം തുടർന്നപ്പോൾ 27-ന് മടങ്ങാൻ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ആൻലിയ പിറ്റേ ദിവസം തന്നെ ബംഗളൂരുവിലേക്ക് പോകാൻ തയാറായി. രാത്രി എട്ടരക്കായിരുന്നു ബംഗളൂരുവിലേക്കുള്ള ട്രെയിനെങ്കിലും ജസ്റ്റിൻ ആൻലിയയെ ഉച്ചക്കു തന്നെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി സ്ഥലം വിട്ടു. പിന്നീട് ആൻലിയയെ കണ്ടിട്ടില്ലെന്നാണ് ജസ്റ്റിനും കുടുംബവും പറയുന്നത്.
ആൻലിയയുമായി ബന്ധപ്പെടാനാവുന്നില്ലെന്നും ആൾ മിസ്സിംഗ് ആണെന്നും കാണിച്ച് ജസ്റ്റിന്റെ പിതാവ് റെയിൽവേ ഉദ്യോഗസ്ഥൻ കൂടിയായ മാത്യു റെയിൽവേ പോലീസിന് പരാതി നൽകിയതായും പറയുന്നു . അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് നാലു ദിവസത്തിനു ശേഷം പറവൂർ വടക്കേക്കരയിൽ പുഴയിൽനിന്ന് ഒരു മൃതദേഹം കണ്ടുകിട്ടിയത്. അഴുകിയ നിലയിലായിരുന്നതിനാൽ തിരിച്ചറിയാൻ പ്രയാസമായിരുന്നു.