വാട്സാപ്പില്‍ ഈ ഫീച്ചര്‍ ഓണാക്കിയോ? ഇല്ലെങ്കില്‍ അക്കൗണ്ട് ഹാക്കായേക്കാം; മുന്നറിയിപ്പുമായി കേരള പോലീസ്

Spread the love

കൊച്ചി: നിങ്ങളുടെ വാട്സാപ്പില്‍ ഈ ഫീച്ചർ ഓണാക്കിയില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടും ഹാക്കായേക്കാം.

വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യാജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലത്ത് വർധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്.

തട്ടിപ്പുകാർ സാധാരണക്കാരുടെ വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് അവരുടെ ഫോണ്‍കളിലോ, ലാപ്ടോപ്പുകളിലോ ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നു. ഈ സമയം രജിസ്റ്റർ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒടിപി സന്ദേശം അയയ്ക്കപ്പെടുന്നു. തുടർന്ന് തട്ടിപ്പുകാർ തന്നെ ഫോണ്‍ വിളിച്ച്‌ വിശ്വാസം നേടിയെടുക്കുകയും, എസ്.എം.എസ്. ലഭിക്കുന്ന ഒടിപി കൈക്കലാക്കുകയും ചെയ്യുന്നു. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്‌ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലപ്പോഴും സാധാരണക്കാർക്ക് അവരുടെ വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്തതായി ഉടൻ മനസ്സിലാവാറില്ല. തട്ടിപ്പുകാർ ഫോണ്‍ നമ്ബറും വാട്സ്‌ആപ്പ്‌അക്കൗണ്ടിന്റെയും നിയന്ത്രണം സ്വന്തമാക്കിയാല്‍ അക്കൗണ്ട് ലോഗ്‌ഔട്ട് ആകുകയും, പ്രശ്നം പരിഹരിക്കാനുള്ള ആദ്യ ശ്രമമായി ഇര വാട്സ്‌ആപ്പ് ഡിലീറ്റ് ചെയ്ത് വീണ്ടും ഇൻസ്റ്റാള്‍ ചെയ്യാൻ ശ്രമിക്കുകയും ചെയ്യും.

ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒടിപി തെറ്റായി പലവട്ടം നല്‍കുന്നതിനാല്‍ വാട്സ്‌ആപ്പ് സുരക്ഷാ സംവിധാനം ഒടിപി ജനറേറ്റ് ചെയ്യുന്നത് 12 മുതല്‍ 24 മണിക്കൂർ വരെ തടഞ്ഞുവെയ്ക്കും. ഈ സമയത്ത് സ്വന്തം വാട്സ്അപ്പ് അക്കൗണ്ടില്‍ പ്രവേശിക്കാൻ കഴിയില്ല.

ഈ ഇടവേളയില്‍ തട്ടിപ്പുകാർ ഇരയുടെ വാട്സ്‌ആപ്പ് അക്കൗണ്ടില്‍ ആള്‍മാറാട്ടം നടത്തി സുഹൃത്തുക്കളെയും ബന്ധുക്കളെയും ലക്ഷ്യം വെച്ച്‌ പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ അയയ്ക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യും. കൂടാതെ, പുതിയ തട്ടിപ്പുകള്‍ക്കായി APK ലിങ്കുകളും മറ്റു ദോഷകരമായ ഫയലുകളും അയക്കാറുണ്ട്.