
സ്വന്തം ലേഖകൻ
കുമരകം: വേമ്പനാട്ടുകായലിൽ മുങ്ങി താഴ്‌ന്ന യുവതിയെ രക്ഷിച്ച് ഹൗസ്‌ബോട്ട് ജീവനക്കാർ. വെച്ചൂര്‍ അച്ചിനകം പുത്തന്‍ചിറയില്‍ ബീനയെയാണ് ഇവർ രക്ഷപ്പെടുത്തിയത്. കുമരകം ലേക്ക്ക്രുയിസ് എന്ന ഹൗസ്ബോട്ടിലെ ജീവനക്കാരാണ് യുവതിയെ രക്ഷിച്ചത്.
കുമരകം വേമ്പനാട്ടുകായലിന്റെ തീരത്തുള്ള ടി ആര്‍ ഡോക്കില്‍ നിന്നും രാവിലെ 11 മണിയോടെ വിനോദസഞ്ചാരികളായ പുതുപ്പള്ളി സ്വദേശികളുമായി പുറപ്പെട്ടതാണ് ഹൗസ്ബോട്ട്.
ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികളാണ് ഒരാൾ വെള്ളത്തിൽ മുങ്ങി താഴുന്നത് കാണുന്നത്. ഇവർ പറഞ്ഞതനുസരിച്ച് ബോട്ടിന്റെ ഡ്രൈവര്‍ സുജീഷ് അവിടേക്ക് ബോട്ട് വേഗത്തില്‍ ഓടിച്ചെത്തി. ബോട്ടിന്റെ നിയന്ത്രണം മറ്റൊരു
ജീവനക്കാരനെ ഏല്‍പ്പിച്ച് കായലിലേക്ക് എടുത്തുചാടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റൊരു ജീവനക്കാരന്‍ മഹേഷും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. വെള്ളത്തില്‍ താഴ്‌ന്ന യുവതിയെ ഏതാനും നിമിഷത്തെ തിരച്ചിലിനു ശേഷമാണ്‌കണ്ടെത്തിയത്. ഏകദേശം പതിനഞ്ചു മിനിറ്റോളം രക്ഷക്കായി കായലില്‍ സ്വയം ശ്രമിച്ച യുവതി നിലയില്ലാതെ അടിത്തട്ടിലേക്ക് താഴുകയായിരുന്നു. മുടിയില്‍ പിടുത്തം കിട്ടിയ യുവതിയെ ഇരുവരും ചേര്‍ന്ന് തീരത്തേക്ക് എത്തിച്ചു.
അപ്പോഴാണ് വമ്പൻ ട്വിസ്‌റ്റ് നടന്നത്. തങ്ങള്‍ രക്ഷപ്പെടുത്തിയ യുവതി തന്റെ ചിറ്റയാണന്ന് സുജീഷ് തിരിച്ചറിയുന്നത് . ബീന തന്റെ ചെറുവള്ളത്തില്‍ പുത്തന്‍കായലിലേക്ക് പുല്ല് ചെത്തുവാന്‍ പോകുമ്പോള്‍ കായലിന്റെ ആഴമേറിയ ഭാഗത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്.
കുമരകം ലേക്ക് ക്രൂയിസ് എന്ന ഹൗസ്‌ബോട്ടിലെ ജീവനക്കാരായ സുജിത്ത്, മഹേഷ്, മനു എന്നിവരുടെ ജീവന്‍ പണയപ്പെടുത്തിയുള്ള, അവസരോചിതമായ ഇടപെടലാണ് ബീനക്ക് ജീവൻ തിരിച്ചു കിട്ടാൻ കാരണം.
.