video
play-sharp-fill
കുടിവെള്ള വിതരണത്തിന് ലൈസന്‍സ്   നിര്‍ബന്ധം..

കുടിവെള്ള വിതരണത്തിന് ലൈസന്‍സ് നിര്‍ബന്ധം..

സ്വന്തംലേഖകൻ

കോട്ടയം : ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ലൈസന്‍സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ പി.കെ.സുധീര്‍ ബാബു പറഞ്ഞു. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വിതരണം ചെയ്യുന്ന വെള്ളത്തിന്‍റെ ശുദ്ധി ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത്.  ജല അതോറിറ്റിയുടെ ലാബിലോ മറ്റേതെങ്കിലും അംഗീകൃത ലാബിലോ പരിശോധന നടത്തിയതിന്‍റെ റിപ്പോര്‍ട്ടും ഏജന്‍സികളുടെ പക്കല്‍ ഉണ്ടായിരിക്കണം.
പരിശോധന നടത്തി ശുദ്ധി ഉറപ്പാക്കാത്ത സ്രോതസുകളിലെ വെള്ളം വിതരണം ചെയ്യാന്‍ അനുവദിക്കില്ല. ഈ നിര്‍ദേശം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ ജലവിതരണം നടത്തുന്ന സ്വകാര്യ വ്യക്തികള്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും.
 സ്ഥിരം ജലസ്രോതസ്സുകളില്ലാത്ത പ്രദേശങ്ങള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ജലത്തിന്‍റെ പുനരുപയോഗം സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണം. വേനല്‍ക്കാലത്ത് ജലലഭ്യതയുള്ള പുഴകളിലേയും ആറുകളിലേയും കടവുകള്‍ വൃത്തിയാക്കി സംരക്ഷിക്കുന്നതിനും തടയണകള്‍ നിര്‍മ്മിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.
വേനല്‍ രൂക്ഷമാകുന്ന സാഹചര്യം നേരിടുന്നതിന് പാറമടകളിലെ വെള്ളം ശുദ്ധമാക്കി ഉപയോഗിക്കുന്നതിനും നടപടിയെടുക്കും. ജലലഭ്യതയുള്ള പാറമടകള്‍ സംബന്ധിച്ച വിവരം തദ്ദേശസ്ഥാപനങ്ങള്‍ ഉടന്‍ ലഭ്യമാക്കണമെന്നും കളക്ടര്‍ പറഞ്ഞു. എഡിഎം സി.അജിതകുമാര്‍, വിവിധ വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.