വമ്പൻ ഹോട്ടലുകളെ തൊടാൻ മടിയ്ക്കാതെ ആഞ്ഞടിച്ച് കോട്ടയം നഗരസഭ: കോടിമതയിലെ വമ്പൻ ഹോട്ടലുകളായ വിൻസർ കാസിലിലും, വേമ്പനാട് ലേക്ക് റിസോർട്ടിലും മിന്നൽ പരിശോധന; ചെറുകിട കടകളിൽ മാത്രമല്ല സ്റ്റാറെണ്ണമുള്ള കടകളിലും നഗരസഭ പഴകിയ ഭക്ഷണം പിടിച്ചു തുടങ്ങി
തേർഡ് ഐ ബ്യൂറോ
കോട്ടയം: പാവപ്പെട്ട ചെറുകിട ഹോട്ടലുകളിൽ മാത്രം നിരന്തര പരിശോധന നടത്തുകയും, സാധാരണക്കാരായ ഹോട്ടൽ ഉടമകളെ മുൾമുനയിൽ നിർത്തുകയും ചെയ്തിരുന്ന നഗരസഭ ഇപ്പോൾ വമ്പൻമാർക്കെതിരെയും തിരിഞ്ഞു. കോടിമതയിലെ ത്രീ സ്റ്റാർ ഹോട്ടലായ വിൻസർ കാസിലിനെതിരെയും, വേമ്പനാട് ലേക്ക് റിസോർട്ടിനെതിരെയും ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി കർശന നടപടികളിലേയ്ക്കു നഗരസഭ കടന്നതോടെയാണ് നാട്ടുകാർ ഇതിനെ ആവേശത്തോടെ സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ കോട്ടയം നഗരത്തിലെ ചെറുകിട ഹോട്ടലുകളിൽ മാത്രം പരിശോധന നടത്തി, നടപടിയെടുത്ത് സായൂജ്യം അടയുന്നതായിരുന്നു നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ രീതി. വമ്പൻ ഹോട്ടലുകളിൽ നിന്നും കൃത്യമായി പടി കിട്ടിയിരുന്നതിനാൽ ഒരിക്കൽ പോലും ഇവിടങ്ങളിലേയ്ക്കു തിരിഞ്ഞ് നോക്കിയിരുന്നുപോലുമില്ല. എന്നാൽ, നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയുടെ കർശന നിർദേശത്തെ തുടർന്നാണ് നക്ഷത്രത്തിന്റെ എണ്ണവും കടയുടെ വലുപ്പവും നോക്കാതെ ഇപ്പോൾ നഗരസഭ ആരോഗ്യ വിഭാഗം കർശന പരിശോധനകൾ ആരംഭിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ ഭാഗമായാണ് നഗരസഭ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസം കോടിമത വിൻസർ കാസിൽ ഹോട്ടലിലും, വേമ്പനാട് ലേക്ക് റിസോർട്ടിലും അടക്കം പരിശോധന നടത്തിയത്. നേരത്തെ ഇത്തരത്തിലുള്ള ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം പേരിന് മാത്രം പരിശോധന നടത്തി ഒതുക്കുകയായിരുന്നു പതിവ്. കഴിഞ്ഞ ദിവസം ഇവിടെ നടത്തിയ പരിശോധനയിൽ ദിവസങ്ങളോളം പഴക്കമുള്ള ചോറ്, ചിക്കൻ, ബീഫ്, മറ്റ് ഭക്ഷണ സാധനങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു.
ഫൈവ് സ്റ്റാർ ഹോട്ടലിൽ പാതി വേവിച്ച ചിക്കൻ അടക്കമുള്ളവ മാനദണ്ഡങ്ങൾ ലംഘിച്ച് ദിവസങ്ങളോളം സൂക്ഷിക്കുന്നത് പതിവാണെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിൻസർ കാസിലിലും പരിശോധന നടത്തിയത്. എന്നാൽ, ഇവിടെ നിന്നും ഇത്തരം സാധനങ്ങൾ കണ്ടെത്തിയതായി നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർ തേർഡ് ഐ ന്യൂസ് ലൈവിനോടു രഹസ്യമായി സമ്മതിക്കുന്നുണ്ട്. എന്നാൽ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ താക്കീത് ചെയ്തിരിക്കുന്നതിനാൽ ഇത് പുറത്തുവിടില്ലെന്ന് ഹോട്ടൽ അധികൃതർക്ക് ഉറപ്പു നൽകിയിരുന്നതായും ഇവർ പറയുന്നു.
ഇതിനിടെ നഗരത്തിലെ വമ്പൻ ഹോട്ടലുകളിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന സൂചന തന്നെയാണ് നഗരസഭ ആരോഗ്യ വിഭാഗം നൽകുന്നത്. വമ്പൻ ഹോട്ടലുകളെയും ചെറുകിട ഹോട്ടലുകളെയും ഒരു പോലെ തന്നെ പരിശോധനയ്ക്കു വിധേയമാക്കിയാൽ പ്രശ്‌നങ്ങൾ പരിഹരിക്കാനും സാധിക്കും.
എന്നാൽ, തങ്ങളുടെ ഹോട്ടലിൽ രാജിലെ ഭക്ഷണത്തിനായി തയ്യാറാക്കി വ്ച്ച സാധനങ്ങളാണ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തതെന്നാണ് കോടിമത വിൻസർ കാസിൽ ഹോട്ടൽ അധികൃതരുടെ വാദം.