
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാനത്തേയ്ക്കു ലോക്ക് ഡൗണിനു ശേഷം വീണ്ടും പഴകിയ മീൻ എത്തുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട്. ലോക്ക് ഡൗൺ സമയത്ത് കേരളത്തിലേയ്ക്കു ലക്ഷക്കണക്കിന് ടൺ മീനാണ് എത്തിയത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് എത്തുന്ന മീൻ വീണ്ടും പരിശോധനാ വിധേയമാക്കിയത്. ഏറ്റവും ഒടുവിൽ തൊടുപുഴയിൽ 800 കിലോ പഴകിയ മീനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
ആളെ കൊല്ലുന്ന കൊടുംവിഷമായ അമോണിയ ചേർത്ത മീനാണ് കൊറോണക്കാലത്ത് കേരളത്തിലേയ്ക്കു എത്തിക്കൊണ്ടിരുന്നത്. ഇത്തരത്തിൽ എത്തിയ 50,000 കിലോ മീൻ കോട്ടയം ജില്ലയിൽ നിന്നു മാത്രം കൊവിഡ് കാലത്ത് പിടിച്ചെടുത്തിരുന്നു. എന്നാൽ, ലോക്ക് ഡൗണിൽ ഇളവ് വന്നതോടെ പൊലീസ് പരിശോധനയും അയഞ്ഞു. ഇതോടെ വൻ തോതിലാണ് മീൻ കേരളത്തിലേയ്ക്കു എത്തിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്‌നാട്ടിൽ നിന്നാണ് പ്രധാനമായും അമോണിയ കലർന്ന മീൻ കേരളത്തിലേയ്ക്ക് എത്തിക്കുന്നത്. കേരളത്തിൽ ട്രോളിംങ് നിരോധനം വന്നത് മറികടക്കാനായാണ് തമിഴ്‌നാട്ടിൽ നിന്നും വൻ തോതിൽ മീനുകൾ എത്തുന്നത്.
ഇടുക്കി തൊടുപുഴയിൽ വെങ്ങല്ലൂർ മത്സ്യചന്തയിലേക്ക് മീനുമായി എത്തിയ വാനിൽ നിന്ന് ദുർഗന്ധം ഉയർന്നതിനെ തുടർന്ന് പൊലീസ് വാൻ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് 800 കിലോ പഴകിയ മത്സ്യം കണ്ടെത്തിയത്. തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
ഒരു മാസത്തോളം പഴക്കമുള്ള ആവോലി, വറ്റ എന്നീ മീനുകളാണ് വാനിലുണ്ടായിരുന്നത്. മീൻ കയറ്റി അയച്ച കൊച്ചിയിലെ ഏജൻസിക്ക് എതിരെ കേസെടുക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.