ഏരിയ സെക്രട്ടറിയല്ല, ഇത് ഗുണ്ടാ സെക്രട്ടറി: സിപിഎമ്മിനും പിണറായിക്കും ഒരു പോലെ തലവേദനയായ സക്കീർ ഹുസൈൻ തെറിയ്ക്കുമ്പോൾ ഉയരുന്നത് ഒരു പിടി ആരോപണങ്ങൾ; അഴിമതിയും ഗുണ്ടായിസവും കൈമുതലാക്കിയ സക്കീർ ഹൂസൈനെ ഒടുവിൽ പാർട്ടിയും കൈവിട്ടു, ഉടൻ അകത്താകുമെന്നും സൂചന
തേർഡ് ഐ ബ്യൂറോ
കൊച്ചി: ഏരിയ സെക്രട്ടറിയല്ല, ഇത് ഗുണ്ടാ സെക്രട്ടറി..! സിപിഎമ്മിന് എന്നും തലവേദന സൃഷ്ടിച്ചിരുന്ന സക്കീർ ഹുസൈൻ പുറത്താകുമ്പോൾ, പിണറായിക്കും സിപിഎമ്മിനും ഒരു പോലെ ആശ്വാസമാകുകയാണ്. കഴിഞ്ഞ നാലു വർഷവും ഓരോ തവണയും ഓരോ വിവാദങ്ങൾ ഉണ്ടാക്കിയ സക്കീർ ഹുസൈൻ പാർട്ടിയ്ക്കും സർക്കാരിനും സൃഷ്ടിച്ച തലവേദന ചില്ലറയല്ല. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആളായതിനാൽ മാത്രം പാർട്ടി സംരക്ഷിച്ചു നിർത്തിയ സക്കീർ ഹുസൈനെ, ഒടുവിൽ ഗതികെട്ട് പാർട്ടിയും സർക്കാരും കൈവിടുകയാണ്.
പ്രളയ ഫണ്ട് അഴിമതിയുടെ പേരിൽ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും പാർട്ടിയിൽ നിന്നും തന്നെ തെറിക്കുന്ന സക്കീർ ഹുസൈൻ അധികം വൈകാതെ കേസിൽ കുടുങ്ങി അകത്താകുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. പ്രളയ ഫണ്ട് തട്ടിപ്പ കൂടാതെ, അനധികൃത സ്വത്ത് സമ്പാദനം, കൊറോണ ലോക്ക് ഡൗണിൽ റോഡിൽ ഇറങ്ങി നടന്നത് തടഞ്ഞ പൊലീസുകാരനോട് തട്ടിക്കയറിയത്, കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ ഏറ്റെടുത്തത്, കളമശേരിയിലെ എസ്.ഐയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതും അടക്കം നിരവധി ആരോപണങ്ങൾ അടുത്ത കാലത്ത് സക്കീർ ഹുസൈനെതിരെ ഉയർന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രളയ ഫണ്ട് അഴിമതിയിൽ ആത്മഹത്യ ചെയ്ത പാർട്ടി നേതാവും സക്കീർ ഹുസൈനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി വച്ചിരുന്നു. ഇതിൽ പാർട്ടിയുടെ അന്വേഷണം പുരോഗമിക്കുകകയാണ്. ഇതേ തുടർന്നാണ് സക്കീർ ഹുസൈനെ പാർട്ടി ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്.
ഇതിന് മുൻപ് വെണ്ണല സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ ഒന്നാം പ്രതിയായിരുന്നു സക്കീർ ഹുസൈൻ. കേസ് രജിസ്റ്റർ ചെയ്തിട്ടും 20 ദിവസത്തോളം പാർട്ടിതണലിൽ ഒളിവിലായിരുന്നു ഇയാൾ. മാത്രമല്ല, സിപിഎം നേതാക്കളായ പി. രാജീവും കോടിയേരി ബാലകൃഷ്ണനും സക്കീറിനെ പിന്തുണച്ച് എത്തിയതും വിവാദമുണ്ടാക്കി.
ഇതിനിടെ, കീഴടങ്ങിയ പ്രതി ഒരു മാസത്തോളം ജയിലിൽ കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനു നേരിട്ടു കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണു സക്കീർ പ്രതിയായത്. ഈ സമയം ഇയാളെ സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയിട്ടും സർക്കാർ പദവിയായ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയിരുന്നില്ല. ഇതും വിവാദമായിരുന്നു. പാർട്ടി അന്വേഷണത്തിനായി നിയോഗിച്ച എളമരം കരീം, സക്കീർ തെറ്റു ചെയ്തില്ലെന്ന് റിപ്പോർട്ട് നൽകിയതോടെയാണ് ഏരിയാ സെക്രട്ടറി സ്ഥാനത്തേക്കു സക്കീർ മടങ്ങിയെത്തിയത്.
കൂടാതെ കളമശേരി എസ്ഐയെ സക്കീർ ഹുസൈൻ ഫോാണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സംഘർഷത്തിൽ എസ്എഫ്ഐ നേതാവിനോട് എസ്ഐ മോശമായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു ഭീഷണി. എസ്ഐ.അമൃത് രംഗനെയാണ് സക്കീർ ഹുസൈൻ ഭീഷണിപ്പെടുത്തിയത്. കളമശേരിയിലെ രാഷ്ട്രീയവും മറ്റും നോക്കി ഇടപെടുന്നത് നന്നാവുമെന്ന് സക്കീർ ഹുസൈൻ പറഞ്ഞിരുന്നു.
എന്നാൽ തനിക്ക് അങ്ങനൊരു നിലപാടില്ലെന്നും നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും എസ്ഐ.മറുപടി നൽകി. കുട്ടികൾ തമ്മിൽ തല്ലുന്നത് നോക്കി നിൽക്കാനാവില്ല. ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലെന്നും എസ്ഐ മറുപടി പറഞ്ഞു.എസ്എഫ്ഐ നേതാവിനെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് എസ്ഐ പറഞ്ഞിട്ടും സക്കീർ ഹുസൈൻ വഴങ്ങാൻ തയ്യാറായിരുന്നില്ല. ഇതും വലിയ ചർച്ചയായിരുന്നു. പ്രളയ അഴിമതിയിൽ പേരുയർന്നതും സിപിഎമ്മിന് നാണക്കേടായി.